കൊല്ലം: സ്റ്റാൻഫോർഡ് സർവകലാശാലയും (യു.എസ്.എ) ശാസ്ത്ര പ്രസാധകരായ എൽസീവിയറും ചേർന്ന് തയ്യാറാക്കിയ ലോകത്തെ ഏറ്റവും മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ശാന്തിഗിരി സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഡയറക്ടറും ചീഫ് സയന്റിസ്റ്റുമായ ഡോ.സിന്ധു രവീന്ദ്രൻ ഇടം നേടുന്നത് തുടർച്ചയായി ആറാം തവണയാണ്.
ആഗോളതലത്തിൽ ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരെ ഉൾക്കൊള്ളിച്ചാണ് പട്ടിക പുറത്തിറക്കുന്നത്. ബയോടെക്‌നോളജി സബ് ഫീൽഡിലാണ് ഡോ.സിന്ധു 71-ാം സ്ഥാനം നേടിയത്. ഗൂഗിൾ സ്കോളർ സൈറ്റേഷൻസ് 1900 മുകളിലും എച്ച് ഇൻഡസ്‌ക് 78 ആണ്. മുന്നൂറിലധികം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് ഡിസൈൻ പേറ്റന്റും ഒൻപത് ഇന്നവേഷൻ പേറ്റന്റും ലഭിച്ചിട്ടുണ്ട്. അന്തരാഷ്ട്ര ശാസ്ത്ര പ്രസാധകരായ എൽസീവിയറും സ്‌പ്രിംഗറും ഡോ.സിന്ധുവിന്റെ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മേരി ക്യൂറി ഫെലേഷിപ്പ്, ഇ.പി.എഫ്.എൽ സ്വിറ്റ്‌സർലന്റ് ഫെലോഷിപ്പ്, മിനിസ്ട്രി ഒഫ് ബ്രസീൽ ഫെലോഷിപ്പ്, പ്രൊഫ. ചിൻ ചോൽക്കർ മെമ്മോറിയൽ അവാർഡ്, എൽസീവിയർ ബയോറെസ്ടെക് അവാർഡ്, ദേശീയ വിമൺ സയന്റിസ്റ്റ് അവാർഡ്, വിമൺ ഇൻ സ്റ്റെം അവാർഡ്, ദേശീയ വിമൺ ബയോടെക്‌നോളജിസ്റ്റ് അവാർഡ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ഫെലോഷിപ്പുകളും അന്തർ ദേശീയ സംസ്ഥന അവാർഡുകളും നേടിയിട്ടുണ്ട്. ഏഴ് അന്തരാഷ്ട്ര ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡ് മെമ്പറാണ്. ഇരുപത് വിദേശ സർവകലശാലകളിലെ വിസിറ്റിംഗ് സയന്റിസ്റ്റാണ്.
കൊല്ലം മുണ്ടയ്ക്കൽ സിന്ധുവിൽ പരേതനായ പൊതുമരാമത്ത് വകുപ്പ് എൻജിനിയർ രവീന്ദ്രന്റെയും ഊർമ്മിളാദേവിയുടെയും മകളാണ്. എൻജിനിയറായ രാമകൃഷ്ണന്റെ ഭാര്യയാണ്. ഏക മകൾ ശാന്തി പ്രിയ കൊല്ലം ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ ഫൈനൽ ഇയർ ബി.ടെക് വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |