വാഹനങ്ങൾ അടിച്ചുതകർത്തു
പോത്തൻകോട്: മണ്ണന്തലയ്‌ക്ക് സമീപം അമ്പഴങ്ങോട് ഗുണ്ടാ ആക്രമണം. നിരവധി കേസുകളിൽ പ്രതിയും ബോംബു നിർമ്മാണത്തിനിടെ പരിക്കേറ്റ സംഭവത്തിലെ പ്രതിയുമായ ഗുണ്ട ശരത്തും സംഘവുമാണ് ആക്രമണം നടത്തിയത്. സമീപത്തെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം കാറുകളും ഓട്ടോകളും ബൈക്കുകളും ആക്രമണത്തിൽ തകർത്തു.
കഴിഞ്ഞ ദിവസം രാത്രി 12.30നായിരുന്നു സംഭവം. നിരവധി കേസുകളിൽ പ്രതിയായ അമ്പഴങ്ങോട് രാജേഷുമായുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമായത്. ശരത്തിന്റെ സംഘത്തോട് വേഗത കുറച്ച് ബൈക്കിൽ പോകാൻ രാജേഷ് പറഞ്ഞതാണ് അക്രമത്തിന് കാരണം. തുടർന്നാണ് ശരത്തും സംഘവും രാജേഷിന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും റോഡുവശത്ത് പാർക്ക് ചെയ്‌തിരുന്ന മൂന്ന് ഓട്ടോയും രണ്ട് കാറുകളും ബൈക്കും അടിച്ചുതകർക്കുകയും ചെയ്‌തത്.
ആക്രമണത്തിന് മുമ്പ് സംഘം സമീപത്തെ പൊന്നയ്യൻ എന്നയാളിന്റെ കടയിലെത്തി പഴമെടുത്ത് കഴിച്ചശേഷം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്പിച്ചിരുന്നു. സംഭവത്തിൽ പ്രതികളായ ഗുണ്ടാസംഘത്തിലെ ഏഴുപേരെ മണ്ണന്തല പൊലീസ് പിടികൂടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |