വിവര ശേഖരണം ആരംഭിച്ചു
കോഴിക്കോട്: ശാന്തി നഗറിലെ പട്ടയ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് എന്നിവർ പ്രദേശം സന്ദർശിച്ചു. പട്ടയമേളയിൽ ശാന്തി നഗറിലെ 330ഓളം കുടുംബങ്ങളുടെ പട്ടയ പ്രശ്നം റവന്യു മന്ത്രി അഡ്വ. കെ രാജന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പ്രശ്ന പരിഹാരത്തിന് സർക്കാർ അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലായി രുന്നു കളക്ടറുടെയും എം.എൽ.എയുടെയും സന്ദർശനം. കൈവശക്കാരുടെ രേഖകൾ പരിശോധിച്ച് പട്ടയം നൽകുന്നതിനുള്ള വിവര ശേഖരണവും ആരംഭിച്ചു. പുതിയങ്ങാടിയിൽ ടൗൺ സർവേ ഫീൽഡുകളിലും അതിനോട് ചേർന്ന് കിടക്കുന്ന സർവേ ചെയ്യാത്ത കടൽ പുറമ്പോക്ക് ഭൂമികളിലുമായി 1988 മുതൽ 2010 വരെയുള്ള വർഷങ്ങളിൽ നിരവധി കുടുംബങ്ങൾക്ക് സർക്കാർ ഭൂമി പതിച്ചു നൽകിയിരുന്നു. ഇതിൽ 214 കുടുംബങ്ങൾക്ക് ഹൗസിംഗ് ബോർഡ് വഴി വീടുകൾ നിർമിച്ച് നൽകുകയും ചെയ്തു. കൃത്യമായ പരിശോധനകളില്ലാതെ വീടുകൾ നിർമിച്ചതിനാൽ പട്ടയ പ്രശ്നങ്ങൾ നേരിടുകയാണ് മിക്ക കുടുംബങ്ങളും. കടൽഭിത്തി നിർമിച്ചതിന് 50 മീറ്റർ ചുറ്റളവിൽ ഉള്ളവരുടെ വീടുകൾ കടൽക്ഷോഭ ഭീഷണിയും നേരിടുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള വിവര ശേഖരണം കൂടിയാണ് നടന്നുവരുന്നത്.
ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) പി .എൻ പുരുഷോത്തമൻ, കോഴിക്കോട് തഹസിൽദാർ പ്രേം ലാൽ, ഡെപ്യൂട്ടി തഹസിൽദാർമാരായ ജയരാജ്, ശ്രീജിത്ത്, ദിനേശൻ, വില്ലേജ് ഓഫീസർ ദീപ്തി വാസുദേവൻ, റവന്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |