വൈക്കം : പലയിടത്തും ടാറിംഗിന്റെ പൊടിപോലുമില്ല. തോട്ടുവക്കം പാലം കയറും മുൻപേ ആർക്കും കാര്യം വ്യക്തമാകും. ഈവഴി യാത്ര പന്തിയല്ല ! കുഴികളാകും വരവേൽക്കുക. ഇതൊരു തുടക്കം മാത്രമാണ്. ദൂരം പിന്നിടുംതോറും ദുരിതമേറും.
വൈക്കം - ചേർത്തല താലൂക്കുകളെ എളുപ്പ മാർഗം ബന്ധിപ്പിക്കുന്ന വൈക്കം - വെച്ചൂർ റോഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് ഇരട്ടി ദുരിതമാണ്. ബണ്ട് റോഡ് ജംഗ്ഷൻ വരെയുള്ള ഭാഗം ഏറെനാളുകളായി തകർന്ന് തരിപ്പണമായി കിടക്കുകയാണ്. എങ്ങും വൻഗർത്തങ്ങൾ മാത്രം. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടിക്കിടക്കും. ഇതോടെ അപകടസാദ്ധ്യതയുമേറെയാണ്. ഇരുചക്രവാഹന യാത്രക്കാർക്കാണ് കൂടുതൽ കെണി. രാത്രികാലങ്ങളിൽ വെളിച്ചക്കുറവും കൂടിയാകുമ്പോൾ പിന്നെ പറയുകയേ വേണ്ട. അപകടങ്ങൾ നിത്യസംഭവമാണെന്ന് നാട്ടുകാർ പറയുന്നു. കുഴികളിൽ വീണ് വാഹനങ്ങൾ കേടുപാടുകൾ സംഭവിച്ച് റോഡരികിൽ കിടക്കുന്നത് നിത്യകാഴ്ചയാണ്.
ഇഴഞ്ഞ് വാഹനങ്ങൾ, കുരുക്ക് മുറുകി
വൈക്കം - ചേർത്തല - ആലപ്പുഴ മേഖലകളിലേക്ക് നിരവധി ചരക്ക് വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന റോഡാണിത്. തോട്ടകം, ഉല്ലല, മാടപ്പള്ളി മേഖലകളിൽ വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം വാഹനങ്ങൾ പതുക്കെയാണ് കടന്നുപോകുന്നത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ആംബുലൻസുകളടക്കം ഇതിൽ അകപ്പെടുകയാണ്. റോഡിലെ അപകട സാഹചര്യങ്ങൾ ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ലന്നാണ് ആരോപണം. രണ്ട് വർഷം മുൻപ് കുമരകത്ത് നടന്ന ജി 20 ഷെർപ്പ സംഗമത്തോടനുബന്ധിച്ച് റോഡ് ടാർ ചെയ്‌തെങ്കിലും മഴക്കാലം എത്തിയതോടെ വീണ്ടും തകരുകയായിരുന്നു.
എന്നും ഇങ്ങനെ തന്നെ
ഈ ദുരിതം ഇന്നും ഇന്നലെയും തുടങ്ങിയതല്ല
നിരപ്പല്ലാത്ത റോഡിൽ വെള്ളക്കെട്ടാണ് പ്രശ്‌നം
മഴ പെയ്താൽ റോഡ് പൊളിയും. കുഴി കുളമാകും
വീതി കുറവായതിനാൽ ഗതാഗത തടസം
''എം.എൽ.എ പോലും റോഡിലെ അപകട സാഹചര്യം മനസിലാക്കി വഴിമാറി സഞ്ചരിക്കുകയാണ്. ഏറ്റവും വാഹനത്തിരക്കുള്ള റോഡ് തകർന്നിട്ടും പുനർ നിർമ്മാണത്തിന് യാതൊരു നടപടിയുമില്ല. അപകട സാഹചര്യം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകും.
-യു. ബേബി, വൈക്കം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |