SignIn
Kerala Kaumudi Online
Saturday, 04 October 2025 1.00 AM IST

വിപണിയിൽ ഇനി നിത്യ ശുഭകാലം

Increase Font Size Decrease Font Size Print Page

dd

സമൃദ്ധിയുടെ കൂടി ഉത്സവമാണ് നവരാത്രി. രാജ്യത്ത് ജി.എസ്.ടി നിരക്കുകളിൽ വരുത്തിയ പരിഷ്കാരം പ്രാബല്യത്തിലാകുന്ന തീയതി, നവരാത്രി ഉത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന സെപ്തംബർ 22 ആകട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിശ്ചയിച്ചതും അതുകൊണ്ടുതന്നെ. നികുതിഘടനയിലെ പരിഷ്കാരങ്ങൾ വഴി സമ്പദ്‌വ്യവസ്ഥയ്ക്ക് പുരോഗതിയും ജനങ്ങൾക്ക് സമൃദ്ധിയും- ഏറ്റവും ലളിതമായി പറഞ്ഞാൽ പരിഷ്കാരങ്ങളുടെ ആത്യന്തികഫലം ഇതാണ്! സാങ്കേതികമായി,​ നാലു സ്ളാബുകളിലായി കിടന്നിരുന്ന നികുതി തലങ്ങളെ അഞ്ച്,​ 18,​ 40 (ലക്ഷ്വറി സ്ളാബ്) എന്നിങ്ങനെ മൂന്ന് സ്ളാബുകളിലേക്ക് ചുരുക്കുകയാണ് ചെയ്തതെങ്കിലും,​ 40 ശതമാനം നികുതി സ്ളാബിൽ വരുന്ന ഇനങ്ങൾ സമ്പന്ന വിഭാഗത്തിന്റെ ഉപയോഗക്രമത്തിൽ മാത്രം ഉൾപ്പെട്ടതോ,​ അവശ്യഇനങ്ങളുടെ പട്ടികയ്ക്കു പുറത്തുള്ളവയോ (സിൻ ഗുഡ്സ്) ആണ്. അവശ്യമരുന്നുകൾക്കു പുറമേ വ്യക്തിഗത ലൈഫ് ഇൻഷ്വറൻസ്, അപകട ഇൻഷ്വറൻസ് തുടങ്ങിയവയെ പൂർണമായും ജി.എസ്.ടി മുക്തമാക്കുകയും ചെയ്തു.

ഊർജ്ജസ്വലമായ സമ്പദ്‌വ്യവസ്ഥയുള്ള ഏതു രാജ്യത്തിന്റെയും വിപണിയിൽ രണ്ട് ഘടകങ്ങൾ സുപ്രധാനമാണ്. ഉത്പന്നങ്ങൾ പരമാവധി വിലകുറച്ചു നല്കി ഉത്പാദനം വർദ്ധിപ്പിക്കാൻ കമ്പനികൾ തമ്മിലുണ്ടാകുന്ന മത്സരം,​ ​ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുന്നതിനാൽ ഉപഭോക്താവിന് വിപണിയിൽ കൈവരുന്ന സ്വാതന്ത്ര്യം എന്നിവയാണ് ആ ഘടകങ്ങൾ. ഉത്പാദനവും ഉപഭോഗവും ഒരുപോലെ വർദ്ധിക്കുന്നത് വിപണിയെ സദാ ചലനാത്മകമാക്കുകയും രാജ്യത്തിന്റെ നികുതിവരുമാനത്തിൽ കുതിച്ചുചാട്ടം സൃഷ്ടിക്കുകയും ചെയ്യും. നികുതി നിരക്കുകൾ കുറച്ചാലും ഉത്പന്ന വില കുറയ്ക്കാതെ കമ്പനികൾ ഉപഭോക്താവിനെ കബളിപ്പിക്കുമെന്ന തരത്തിൽ ഒരു ആശങ്ക നേരത്തേ പ്രചരിച്ചിരുന്നു. യഥാർത്ഥത്തിൽ,​ ഏതെങ്കിലും കമ്പനി അത്തരം കബളിപ്പിക്കലിനു മുതിരുമ്പോൾ,​ മറ്റു കമ്പനികളുടെ ഉത്പന്നങ്ങൾ വിലകുറച്ച് കിട്ടുന്നതിനാൽ തട്ടിപ്പുകാർ മത്സരക്കളത്തിനു പുറത്താവുകയായിരിക്കും സംഭവിക്കുക. നികുതി ഇളവിലൂടെ തങ്ങൾക്കു കൈവരുന്ന ആനുകൂല്യം ഉപഭോക്താവിനു കൈമാറാതെ കമ്പനികൾക്ക് നിവൃത്തിയില്ലെന്ന് അ‍ർത്ഥം.

നിത്യോപയോഗത്തിനുള്ള ഏറക്കുറെ മുഴുവൻ ഇനങ്ങളും പുതുതായി ഏർപ്പെടുത്തിയ അഞ്ച് ശതമാനം സ്ളാബിനു കീഴിലാണ് വരുന്നത്. പായ്ക്ക് ചെയ്ത ധാന്യങ്ങൾ, ബിസ്കറ്റ്, നെയ്യ്, വെണ്ണ, ഐസ്ക്രീം, നൂഡിൽസ്, കേക്കുകൾ, സോസേജ്, ടൂത്ത് പേസ്റ്റ്, ഫേസ് പൗഡർ, ഷാംപൂ, ഷേവിംഗ് ക്രീം തുടങ്ങിയവ മാത്രമല്ല ജീവൻരക്ഷാ മരുന്നുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, മെഡിക്കൽ ഗ്രേഡ് ഓക്സിജൻ, ടെസ്റ്റ് സ്ട്രിപ്പുകൾ തുടങ്ങിയവയെല്ലാം അഞ്ച് ശതമാനം സ്ളാബിൽ ഉൾപ്പെടും. അതേസമയം, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളായ എയർ കണ്ടിഷണർ, വാഷിംഗ് മെഷീൻ, 32 ഇഞ്ചിന് മുകളിലുള്ള ടിവികൾ, മോണിട്ടറുകൾ, 350 സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾ എന്നിവ 28-ൽ നിന്ന് 18 ശതമാനം സ്ളാബിലേക്ക് താഴ്ന്നു. നികുതിഘടനാ പരിഷ്കാരം മൂലം കൈവരുന്ന

ലാഭം ഉപഭോക്താവിന് ഒറ്റയടിക്ക് തിരിച്ചറിയാനാകും എന്നതാണ് ഏറ്റവും വലിയ മെച്ചം.

ജി.എസ്.ടി നികുതിഘടനാ പരിഷ്കാരം നിലവിൽ വന്ന ആദ്യദിവസം മുതൽതന്നെ ഉത്പന്നങ്ങളുടെ വില കുറഞ്ഞുതുടങ്ങിയെന്നാണ് വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, പുതിയ സ്ളാബ് അനുസരിച്ച് ഉത്പന്നവിലയിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കാനും, അതനുസരിച്ച് പുതുക്കിയ വില രേഖപ്പെടുത്തിയ ഉത്പന്നങ്ങൾ എത്തിക്കാനും ചില കമ്പനികൾക്കെങ്കിലും അല്പം കൂടി സമയം വേണ്ടിവന്നേക്കാം എന്നതിനാൽ ഉപഭോക്താവിന് പരിഷ്കാരത്തിന്റെ പൂ‍ർണ പ്രയോജനം അനുഭവവേദ്യമാകാൻ കുറച്ചുദിവസം കൂടി കാത്തിരിക്കേണ്ടി വരാം. അതെന്തായാലും,​ മാറ്റം വന്നുകഴിഞ്ഞു. സമ്പാദ്യത്തിന്റെ ഉത്സവകാലമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ച നവരാത്രികാലം,​ വിലക്കുറവിന്റെയും വിപണിയിലെ മത്സരത്തിന്റെയും നിത്യശുഭകാലമായി പരിണമിക്കുകയാണ്.

TAGS: NAVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.