പൂവാർ: പൂവാറിലെ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ നടപടി വേണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു. ടൂറിസം വികസനത്തിന്റെ മറവിൽ അശാസ്ത്രീയ നിർമ്മാണം വ്യാപകമായതോടെ കണ്ടൽക്കാടുകൾ കൺമറയുന്നതായാണ് ആക്ഷേപം. പൂവാർ ബ്രേക്ക് വാട്ടറിലെ വിശാലമായ കൈവഴികളെല്ലാം കൈയേറ്റവും, മാലിന്യനിക്ഷേപവും, അശാസ്ത്രീയ നിർമ്മാണവും കാരണം നാശത്തിന് കീഴ്പ്പെടുന്നതായി വിദഗ്ദ്ധർ പറയുന്നു.
നെയ്യാറിന്റെ കൈവഴികളായ ചകിരിയാർ, മുട്ടയാർ, എ.വി.എം കനാൽ എന്നിവയുടെ സംഗമ ബിന്ദുവാണ് പൂവാർ പൊഴിക്കര. പൊഴിക്കരയിലെ ബ്രേക്ക് വാട്ടറും, വിശാലമായ കണ്ടൽക്കാടുകളും,ഗോൾഡൻ ബീച്ചും സഞ്ചാരികളുടെ പറുദീസയാണ്. ജൈവ വൈവിധ്യങ്ങളുടെ മനോഹാരിത നിറഞ്ഞ് തുളുമ്പുന്ന കണ്ടൽ കാടുകൾക്ക് ഇടയിലൂടെയുള്ള ബോട്ട് സവാരിയും, അപൂർവ്വ പക്ഷി, ജീവജാലങ്ങളെ നേരിൽ കണ്ട് ആസ്വദിക്കാൻ ആകുമെന്നതും കൗതുകമാണ്. ഇവയെല്ലാമാണ് ഇല്ലാതാവുന്നത്.
നടപടി വേണം
ഹോട്ടലുകളും റെസ്റ്റോറന്റുകളും ഫ്ലോട്ടിംഗ് റെസ്റ്റോറന്റുകളും ബോട്ട് യാർഡുകളും സജീവമായതോടെ കണ്ടൽക്കാടുകൾ നാശത്തിന്റെ വക്കിലെത്തി. പ്രകൃതിയുടെ സ്വാഭാവിക സംരക്ഷണ ഭിത്തിയായ കണ്ടൽക്കാടുകളെ നശിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചകിരിയാറും മുട്ടയാറും ശോഷിച്ചു
50 മീറ്ററോളം വീതി ഉണ്ടായിരുന്ന ചകിരിയാറും മുട്ടയാറും ഇന്ന് പലയിടത്തും 5 മീറ്റർ പോലുമില്ല. നെയ്യാറും ശോഷിച്ചു. മനുഷ്യനിർമ്മിത അനന്ത വിക്ടോറിയം മാർത്താണ്ഡം (എ.വി.എം) കനാലും വീതി കുറഞ്ഞു. ചതുപ്പുകൾ പലതും മണ്ണിട്ട് നികത്തി. കാടുകൾ വെട്ടിത്തെളിച്ചും തീയിട്ട് നശിപ്പിച്ചും നിർമ്മാണം സജീവമാക്കി. പുറമ്പോക്ക് ഭൂമികളിൽ യാതൊരു കൈവശ രേഖയുമില്ലാതെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപകമാണ്. പൊഴിക്കരയിൽ സംരക്ഷണഭിത്തി നിർമ്മാണത്തിന്റെ മറവിൽ കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്നതായും മണൽ കടത്തുന്നതായും ആക്ഷേപമുണ്ട്.
ടൂറിസം ഭൂപടത്തിൽ ജില്ലയിൽ കോവളം കഴിഞ്ഞാൽ അടുത്ത സ്ഥാനം പൂവാറിനാണ്. ചരിത്രപരമായി നൂറ്റാണ്ടുകൾക്ക് മുമ്പത്തെ പോക്കു മൂസാപുരം എന്ന പട്ടണമായിരുന്നു ഇന്നത്തെ പൂവാർ.
കണ്ടലുകൾ
നാശത്തിന്റെ വക്കിൽ
1961ലെ കേരള വനനിയമം മാത്രമാണ് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന് ഇപ്പോഴുള്ളത്. കണ്ടൽക്കാടുകളും അത് ഉൾപ്പെടുന്ന പുറമ്പോക്കുകളും റിസർവ് വനമായി പ്രഖ്യാപിക്കുന്നതാണ് ആ നിയമം. എന്നാൽ കണ്ടൽക്കാടുകളുടെ വ്യാപ്തി കേരളത്തിൽ നാൾക്കുനാൾ കുറഞ്ഞുവരുന്നതായി ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. നഗരവത്കരണവും കൈയേറ്റവും മുതൽ കാലാവസ്ഥാ വ്യതിയാനം വരെ നാശത്തിന് കാരണമാകുന്നതായാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |