കാളികാവ്: പുല്ലങ്കോട് റബർ എസ്റ്റേറ്റ് മലിനീകരണ പ്രശ്നത്തിൽ
നാട്ടുകാരുടെ പ്രതിഷേധമിരമ്പി. മലിനീകരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ ജനകീയ മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. പ്രതിഷേധമാർച്ചിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് ഉദ്ഘാടനം ചെയ്തു. അനേക വർഷങ്ങളായി തുടരുന്ന മലിനീകരണ പ്രശ്നത്തിന് പരിഹാരം കാണാതെ പ്രതിഷേധവും സമരവും അവസാനിപ്പിക്കുകയില്ലെന്ന് യോഗം മുന്നറിയിപ്പു നൽകി.
മുൻ കരുതലെന്ന നിലയിൽ വൻ പൊലീസ് സംഘം നേരത്തെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. മലിന ജലം പുറന്തള്ളുന്ന വിഷയത്തിൽ മാനേജ്‌മെന്റിന്റെ ധിക്കാര നിലപാടിൽ പ്രതിഷേധിച്ചാണ് സമരവുമായി നാട്ടുകാർ രംഗത്തു വന്നത്.
നേരത്തെ മലിനീകരണ പ്രശ്നങ്ങൾക്കെതിരെ നടന്ന സമരത്തെ തുടർന്ന് 2020 ൽ ഹൈക്കോടതി ഇടപെടുകയും മലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ മലിനീകരണ
ബോർഡിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
മലിനീകരണ ബോർഡിന്റെ നിർദ്ദേശങ്ങളൊന്നും എസ്റ്റേറ്റ് നടപ്പാക്കിയിട്ടില്ലെന്ന് സമര സമിതി കുറ്റപ്പെടുത്തി.
ഫാക്ടറിയിൽ നിന്നും പുറംതള്ളുന്ന മലിന ജലം കുപ്പിയിലാക്കി പ്രതിഷേധ യോഗത്തിനു മുന്നിൽ പ്രദർശിപ്പിച്ചിരുന്നു.
പ്രതിഷേധ മാർച്ചിൽ ഉദരംപൊയിൽ,പുല്ലങ്കോട് സ്രാമ്പിക്കല്ല് ,കല്ലാമൂല ,കേളു നായർ പടി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. ജനവാസ മേഖലയിൽ ഇപ്പോൾ പ്രവർത്തിക്കുന്ന എസ്റ്റേറ്റിന്റെ ഫാക്ടറി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സമരവും പ്രതിഷേധവും എസ്റ്റേറ്റ് പൂട്ടിക്കുന്നതിനോ തൊഴിൽ നഷ്ടപ്പെടുത്തുന്നതിനോ അല്ലെന്നും യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു.എ പി.അബു, പുൽപ്പാടൻ നംഷിദ്, പരിസ്ഥിതി പ്രവർത്തകൻ കളരിക്കൽ രാജേന്ദ്രൻ, വി.അൻഷാബ്, പി.പി .അലവിക്കുട്ടി, വി.മുഹമ്മദ് കുട്ടി ,ഒ.കെ മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |