മലപ്പുറം: ഉല്പാദന ചെലവിന് ആനുപാതികമായി പാൽവില വർദ്ധിപ്പിക്കാത്തതിൽ പ്രതിസന്ധിയിലായി ജില്ലയിലെ 9,500ഓളം വരുന്ന ക്ഷീരകർഷകർ. മിൽമയിൽ പാൽ നൽകിയാൽ ഗുണമേന്മയ്ക്കനുസരിച്ച് ഒരു ലിറ്റർ പാലിന് 40 മുതൽ 43 രൂപ വരെയാണ് ക്ഷീര കർഷകന് ലഭിക്കുക. എന്നാൽ, ഒരു ലിറ്റർ പാൽ ഉല്പാദിപ്പിക്കാൻ കർഷകന് 50 രൂപയോളം ചെലവ് വരും. 55 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ച് നിൽക്കാൻ സാധിക്കൂ എന്നാണ് ക്ഷീര കർഷകർ
പറയുന്നത്.
പ്രതിമാസം മരുന്നിന് 5,000 മുതൽ 10,000 രൂപ വരെയാണ് ചെലവ്. മാത്രമല്ല, പശുക്കൾക്കുള്ള അകിട് വീക്കം, കാത്സ്യം എന്നിവയുടെ മരുന്ന് വിലയും ഉയർന്നിട്ടുണ്ട്. 50 കിലോ വരുന്ന കാലിത്തീറ്റ ബാഗിന് 1,600 രൂപയാണ് വില. ഒരു കിലോ വൈക്കോലിന് 13 രൂപ, ഒരു കിലോ ചോളം പുല്ലിന് ആറ് രൂപ എന്നിങ്ങനെയാണ് നൽകേണ്ടത്.
വേനലിന് ശക്തിയേറുമ്പോൾ തീറ്റയും വെള്ളവും പ്രതിസന്ധിയിലാവുമെന്ന ഭീതിയും ക്ഷീര കർഷകർക്കുണ്ട്. ചൂട് കനത്താൽ 15 ലിറ്റർ പാൽ തരുന്ന പശുവിൽ നിന്ന് ഏകദേശം 13 ലിറ്റർ വരെ മാത്രമേ ലഭിക്കൂ.
ചൂട് കൂടിയതോടെ തോട്ടങ്ങളിലെ പുല്ലും കരിഞ്ഞ് ഉണങ്ങിയിട്ടുണ്ട്. ചൂട് വർദ്ധിക്കുന്നത് പശുക്കളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നുണ്ട്. വായിൽ നിന്ന് നുരയും പതയും വരുന്ന സാഹചര്യവുമുണ്ട്. രണ്ടോ മൂന്നോ പശുക്കളുള്ളവരാണ് കർഷകരിലേറെയും. മറ്റ് വരുമാനമില്ലാത്തവരാണ് കൂടുതൽ പ്രതിസന്ധിയിലായത്.
നിലവിൽ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് അത്യുത്പാദനശേഷിയുള്ള കന്നുകാലികളെ കൊണ്ടുവരുന്നത്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെയാണ് ചെലവ്. എന്നാൽ തുടർചികിത്സയും സൗകര്യങ്ങളും ലഭിക്കാത്തതിനാൽ പരിപാലിക്കാൻ ബുദ്ധിമുട്ടേറെയാണ്.
കർഷകർക്ക് സഹായകരമായ രീതിയിൽ പാൽ വില വർദ്ധിപ്പിക്കാൻ മിൽമ ഉടൻ നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ.ചിഞ്ചുറാണി ഉറപ്പ് നൽകിയിട്ടുണ്ട്.
കാലങ്ങളായി ക്ഷീരകർഷകർ ദുരിതത്തിലാണ്. തീറ്റ, തീറ്റപ്പുല്ല്, വൈക്കോൽ എന്നിവയുടെയെല്ലാം വില വർദ്ധിക്കുകയാണ്. ചൂട് വരും മാസങ്ങളിൽ വർദ്ധിക്കുന്നതോടെ പാൽ ലഭ്യത കുറയുമെന്ന ആശങ്കയുണ്ട്. പശുക്കൾക്ക് ഇടയ്ക്കിടെ രോഗം വരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
നിസാർ, ക്ഷീരകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |