കുന്നത്തുകാൽ : പ്രഭാത ഭക്ഷണം കഴിഞ്ഞ് വിശ്രമത്തിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് തെങ്ങ് കടപുഴകി വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം. കുന്നത്തുകാൽ സ്വദേശികളായ തൊളിയറ കിഴക്കേക്കര പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ ചന്ദ്രിക (64),ചെമ്മണ്ണുവിള ദർശന നിലയത്തിൽ ശ്രീകുമാറിന്റെ ഭാര്യ വസന്ത (65) എന്നിവരാണ് മരിച്ചത്. വള്ളൂർ വീട്ടിൽ ശിവൻകുട്ടിയുടെ ഭാര്യ ഉഷ (59),പെരുന്തറത്തല അച്ചു ഭവനിൽ വേണുഗോപാലൻ നായരുടെ ഭാര്യ സ്നേഹലത (54) എന്നിവർ ഗുരുതര പരിക്കുകളുടെ കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ രാവിലെ 10.15 ന് കുന്നത്തുകാൽ കൊന്നാനൂർകോണം കൈതടിമൂല തോട്ടരുകിൽ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പണി നടക്കുന്നതിനിടെയാണ് സംഭവം. 50 ലധികം തൊഴിലുറപ്പ് പണിക്കാർ രാവിലെ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കവേ തൊട്ടടുത്ത റബ്ബർ പുരയിടത്തിൽ ചുവട് ദ്രവിച്ചുനിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തോടിന്റെ പാലത്തിൽ ഇരിക്കുകയായിരുന്ന നാലു പേരുടെ പുറത്തേക്കാണ് തെങ്ങ് വീണത്. പാലം പൂർണമായി തകർന്നുവീണു. ചന്ദ്രികയും വസന്തയും സംഭവ സ്ഥലത്തുവച്ചു മരിച്ചു.
ആംബുലൻസ് എത്തിയില്ലെന്ന് ആക്ഷേപം
സംഭവം നടന്നയുടൻ കൂടെയുണ്ടായിരുന്നവർ 108 ൽ ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും ആരും തന്നെ ഫോൺ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. തുടർന്ന് പാറശ്ശാല ഫയർഫോഴ്സിനെ അറിയിക്കുകയും സ്ഥലത്തെത്തിയ ഫയർഫോഴ്സും വെള്ളറട പൊലീസും കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്കിലെ ആംബുലൻസും ബാങ്കിന്റെ ഔദ്യോഗിക വാഹനവും സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. പരിക്കേറ്റ നാലു പേരെയും കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ചന്ദ്രികയും വസന്തയും നേരത്തെ മരണപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മുറിവുകളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കുന്നത്തുകാൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ പൊതുദർശനത്തിന് വച്ചു.തുടർന്ന് സംസ്കരിച്ചു. ദിനേശ്, ദർശന എന്നിവരാണ് വസന്തയുടെ മക്കൾ.
സന്ധ്യ, സന്ദീപ് ചന്ദ്രൻ എന്നിവരാണ് ചന്ദ്രികയുടെ മക്കൾ. ഷാജി,ശരണ്യ എന്നിവർ മരുമക്കളുമാണ്. അപകട സമയത്ത് കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ പലയിടങ്ങളിലായി വിശ്രമിച്ചിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വെള്ളറട പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |