ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന ഇന്ത്യയ്ക്ക് ലോക ക്ഷീരഭൂപടത്തിൽ മുൻപന്തിയിലാണ് സ്ഥാനം. ലോകത്താകെയുള്ള കന്നുകാലി സമ്പത്തിന്റെ 20 ശതമാനത്തോളം ഇന്ത്യയിലാണെന്നാണ് കണക്കുകൾ. ദിവസേന വർദ്ധിച്ചുവരുന്ന ഉത്പാദനച്ചെലവ് ക്ഷീരമേഖലയിൽ മുമ്പൊന്നും കണ്ടിട്ടില്ലാത്ത പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഉത്പാദനച്ചെലവും വിലയും തമ്മിലുള്ള അന്തരം ഡയറിഫാമിംഗ് നഷ്ടത്തിലേക്കാണെന്ന സൂചനയാണ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പാലിന്റെ വില വർദ്ധിപ്പിക്കണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി ദിവസങ്ങൾക്ക് മുമ്പ് സഭയിൽ അറിയിച്ചത്. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർദ്ധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർദ്ധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ് കെ. തോമസ് എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് എട്ടുലക്ഷം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം ജനങ്ങൾ ക്ഷീരമേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.13ശതമാനം വരുന്ന കേരളത്തിൽ പശുവളർത്തലിന്റെ ചെലവിൽ 75ശതമാനവും തീറ്റയ്ക്ക് വേണ്ടി വരുന്നതിനാൽ തീറ്റച്ചെലവ് കുറച്ചാൽ മാത്രമേ പശുവളർത്തൽ ലാഭകരമാക്കാനാകൂ. ഉത്പാദിപ്പിക്കുന്ന പാലിൽ 15ശതമാനത്തിൽ താഴെ മാത്രമെ സംഘടിത മേഖലയിലൂടെ വിപണനം നടത്തുന്നുള്ളൂ. കാലിത്തീറ്റക്ക് വേണ്ട ചേരുവകൾക്ക് വേണ്ടി നാം പൂർണമായും അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. തീറ്റയിൽ ചോളത്തിനാണ് മുൻതൂക്കം. ചോളം, തവിട്, പിണ്ണാക്കുകൾ, ധാന്യങ്ങൾ മുതലായവയുടെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഉത്പാദന ചെലവ് കൂടാനുള്ള പ്രധാന കാരണം.
ക്ഷീരമേഖല നേരിടുന്ന തിരിച്ചടികൾക്ക് പരിഹാരമായി സർക്കാർ വൈക്കോൽ സംഭരിച്ച് കർഷകർക്ക് വിതരണം ചെയ്യുക, വിപണിയിൽ ഇടപെട്ട് കാലിത്തീറ്റയുടെ വില കുറയ്ക്കുക, സബ്സിഡി നിരക്കിൽ ക്ഷീരകർഷകർക്ക് വായ്പകൾ അനുവദിക്കുക, അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണനിലവാരം കുറഞ്ഞ പാൽ നിയന്ത്രിക്കുക, കന്നുകാലികൾക്കുള്ള രോഗബാധ യഥാസമയം കണ്ടെത്താനും, പ്രതിവിധി കാണാനുമുള്ള നടപടികൾ സ്വീകരിക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങളാണ് ക്ഷീരകർഷകർ മുന്നോട്ടുവെക്കുന്നത്.
ലാഭവിഹിതത്തിന്
കർഷകൻ അർഹനല്ലേ?
അന്യസംസ്ഥാനത്ത് നിന്നും ചോളത്തണ്ടുകൾ ധാരാളമായി എത്തിയിരുന്നുവെങ്കിലും ഇപ്പോൾ അത് വാങ്ങാനും പല ക്ഷീരകർഷകന്റെ കൈയ്യിലും പണമില്ല. പരുത്തിപ്പിണ്ണാക്ക്, തേങ്ങപ്പിണ്ണാക്ക്, തവിട്, പരുത്തിക്കുരു എന്നിവയുടെയെല്ലാം വില അനുദിനം വർദ്ധിക്കുകയാണ്. വേനൽ രൂക്ഷമായാൽ പശുക്കളെ വിൽക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് ചെറുകിട ഇടത്തരം ക്ഷീരകർഷകർ പറയുന്നത്.
നിലവിൽ മിൽമ പാലിന് ലിറ്ററിന് 46 രൂപ വരെ ലഭിക്കുന്നുണ്ട്. എന്നാൽ കർഷകന് കിട്ടുന്നത് പരമാവധി 37 മുതൽ 39 രൂപ വരെ മാത്രം. കൂടാതെ പാലിൽ നിന്നും ഉത്പാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ലാഭവിഹിതം യാതൊന്നും ക്ഷീരകർഷകന് ലഭിക്കുന്നുമില്ല. നിലവിൽ 1600രൂപ വരെയാണ് 50 കിലോ വരുന്ന ഒരു ചാക്ക് കാലിത്തീറ്റയുടെ വില. പ്രതിദിനം അഞ്ഞൂറോളം രൂപ ഒരു കറവ പശുവിന് ചെലവ് വരും. നിലവിലെ സാഹചര്യത്തിൽ കനത്ത നഷ്ടം സഹിച്ചാണ് പല ക്ഷീരകർഷകരും പാലളക്കുന്നത്.
വർദ്ധിപ്പിക്കുന്ന തുകയുടെ
അവകാശം കർഷകർക്കും
പാലിന് വില വർദ്ധിപ്പിക്കുകയാണെങ്കിൽ കൂട്ടുന്ന മുഴുവൻ തുകയും കർഷകർക്ക് അനുവദിക്കണം. പാൽ വില വർദ്ധിപ്പിക്കാത്തതിനാൽ മിൽമയോ കേരളത്തിലെ പാൽ സൊസൈറ്റികളോ നഷ്ടത്തിലല്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, കാലിത്തീറ്റ വില കൂടുമ്പോഴും പശുവിനെ നോക്കി നടത്തുന്ന കൂലി കൂടുമ്പോഴും കർഷകർ നഷ്ടത്തിലാണെന്നത് പകലുപോലെ സത്യവുമാണ്. ഈ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ പാലിനു വില കൂട്ടുമ്പോൾ അതിന്റെ നീതിയുക്തമായ ഒരു പങ്ക് കർഷകർക്ക് ലഭ്യമാക്കണം. കർഷകർക്കുവേണ്ടിയാണ് പാൽവില കൂട്ടുന്നതെങ്കിൽ അതു മുഴുവൻ കർഷകർക്ക് കൊടുക്കണം. സംഭരണ ശേഷം പാൽ വിതരണത്തിന് ആവശ്യമായ ചെലവുകളിൽ സോസൈറ്റികൾക്കോ മിൽമയ്ക്കോ വരുന്ന മാറ്റങ്ങൾക്ക് മറ്റു വഴി തേടണം. അതല്ലാതെ, കർഷകരുടെ അടുത്തുനിന്നു സംഭരിക്കുന്ന പാലിന് സംഭരണവില വർദ്ധിപ്പിക്കുമ്പോൾ അതിൽനിന്നും ഒരു വിഹിതം അടർത്തി മാറ്റി കർഷകരെ വഞ്ചിക്കുകയല്ല ചെയ്യേണ്ടതെന്ന് കർഷകർ പറയുന്നു.
യാഥാർത്ഥ്യമാകണം സുസ്ഥിര വികസനം
പശുവളർത്തൽ ലാഭകരമാകണമെങ്കിൽ തീറ്റച്ചെലവ് കുറയ്ക്കാനും ഉത്പാദനക്ഷമത ഉയർത്താനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് പ്രാധാന്യം നൽകണം. ശാസ്ത്രീയ തീറ്റക്രമം, പരിചരണം, രോഗനിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കർഷകരിൽ കൂടുതൽ അവബോധം വളർത്തിയെടുക്കണം. വിപണി ലക്ഷ്യമിട്ട് ഉത്പാദനപ്രക്രിയ അനുവർത്തിക്കാൻ കർഷകരെ പ്രേരിപ്പിക്കണം. ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുസരിച്ചുള്ള മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിൽ കൂടുതൽ ഊന്നൽ നൽകണം. ക്ഷീരമേഖലയിൽ സുസ്ഥിര വികസനം സാദ്ധ്യമാകണമെങ്കിൽ സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 11% സംഭാവന ചെയ്യുന്ന ഈ മേഖലയ്ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെങ്കിൽ കർഷകർ ഈ മേഖലയിൽ നിന്നും പിന്മാറാൻ അധികകാലം വേണ്ടിവരില്ല.
നിർദ്ദേശങ്ങൾ
1. ഉത്പാദന ചെലവിന് ആനുപാതികമായി പാലിന്റെ വില വർദ്ധിപ്പിക്കണം. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് പാലിന്റെ വില വർദ്ധിപ്പിയ്ക്കാതിരിക്കുന്നത് ക്ഷീരമേഖലയിൽ നിന്ന് കർഷകർ പിൻമാറാൻ ഇടവരുത്തും. പാലിന്റെ വിലവർദ്ധിപ്പിക്കുമ്പോൾ അയൽ സംസ്ഥാനങ്ങളിൽ പാലിന് വില കുറവാണെന്ന വാദം ശക്തിപ്പെടും. ഇത് തരണം ചെയ്യാൻ തദ്ദേശീയ ബ്രാൻഡിംഗിന് പ്രാധാന്യം നൽകണം.
2.തീറ്റച്ചെലവ് കുറയ്ക്കാനായി ഉത്പാദനച്ചെലവിന് ആനുപാതികമായി നിശ്ചിത തുക ബോണസായി നൽകാം.
3. ഉയർന്ന ഉത്പാദനക്ഷമതയും രോഗപ്രതിരോധശേഷിയുമുള്ള കന്നുകാലികളെ ഉരുത്തിരിച്ചെടുക്കാനുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം.
4. ചിലരുടെ മുഖ്യ തൊഴിലാണ് പശുവളർത്തൽ. ഇവർ അത്യുത്പാദനശേഷിയുള്ള ഇനങ്ങളെ വളർത്തി പരമാവധി പാലുത്പാദിപ്പിയ്ക്കാൻ ശ്രമിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിന്റെ ഉപതൊഴിലാണ് പശുവളർത്തൽ. മൂന്നാമത്തെ വിഭാഗം ഉത്പാദനശേഷി കുറഞ്ഞ നാടൻ/സങ്കരയിനം പശുക്കളെ വീട്ടാവശ്യത്തിനുവേണ്ടി വളർത്തുന്നു. ഈ മൂന്ന് വിഭാഗക്കാരുടെയും താല്പര്യം വ്യത്യസ്തമാണ്. ഒന്നാമത്തെയും രണ്ടാമത്തെയും വിഭാഗങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്നത് ക്ഷീരമേഖല ശക്തിപ്പെടുത്താൻ സഹായിക്കും.
5. ഉപഭോക്താക്കളുടെ താത്പര്യത്തിനിണങ്ങിയ തൈര്, യോഗർട്ട്, ഐസ്‌ക്രീം, പേഡ, ബട്ടർമിൽക്ക്, സംഭാരം തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിന് പ്രാധാന്യം നൽകണം.
6. തീറ്റയിലെ ചേരുവകൾ ഒരുമിച്ച് വാങ്ങി ഗ്രൂപ്പടിസ്ഥാനത്തിൽ മിൽക്ക് സൊസൈറ്റികൾ കേന്ദ്രീകരിച്ച് തീറ്റ നിർമ്മിച്ച് വിപണനം നടത്താനുള്ള മാർഗങ്ങൾ ആരായണം.
7. ക്ഷീരകർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ ധനകാര്യസ്ഥാപനങ്ങളിലൂടെ വായ്പ ലഭ്യമാക്കണം.
8. വനിതാ സ്വാശ്രയ സംഘങ്ങളിലൂടെ പാലുത്പാദനം, മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കണം.
9. ശാസ്ത്രീയ കന്നുകുട്ടി പരിപാലനത്തിന് പ്രാധാന്യം നൽകണം.
10. കാർഷിക വിളകൾക്ക് നൽകുന്ന പ്രോത്സാഹനം തീറ്റപ്പുൽകൃഷിയ്ക്ക് നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |