കോഴിക്കോട്: രണ്ട് മാസത്തിനിടെ വിവിധ ഓൺലെെൻ തട്ടിപ്പിലൂടെ കോഴിക്കോട് പലർക്കായി നഷ്ടപ്പെട്ടത് ആറ് കോടിയോളം രൂപ. ഓൺലെെൻ ട്രേഡിംഗിലൂടെ വൻതുക നേടാമെന്നതടക്കമുള്ള വാഗ്ദാനങ്ങളിൽ കുടുങ്ങിയവർക്കാണ് തുക നഷ്ടമായത്.
ഈ മാസം കോഴിക്കോട് ടൗൺ പരിധിയിൽ മാത്രം നഷ്ടപ്പെട്ടത് രണ്ട് കോടിയോളം രൂപ. ഓൺലെെൻ ട്രേഡിംഗിന്റെ പേരിൽ കോഴിക്കോട്ട് നടുവണ്ണൂർ കീഴൻപറമ്പത്ത് ഗോബീഷ് കോട്ടയത്ത് പിടിയിലായി. ഫിൻബ്രിഡ്ജ് ക്യാപിറ്റൽ എന്ന കമ്പനിയുടെ പേരിൽ 1.06 കോടിയാണ് തട്ടിയത്. ചേവായൂർ, മലാപ്പറമ്പ് സ്വദേശികൾക്കും യഥാക്രമം 80, 20 ലക്ഷത്തിലധികം രൂപ നഷ്ടമായി.
എ.ഐ സഹായത്തോടെ വ്യാജ വീഡിയോകളും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ വ്യാജ വീഡിയോകൾ നിർമ്മിച്ചും തട്ടിപ്പുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, റിസർവ് ബാങ്ക് മുൻ ഗവർണർമാർ തുടങ്ങിയവരുടെ പേരിലാണ് വ്യാജ വീഡിയോകൾ പ്രചരിക്കുന്നത്. 20,000 രൂപ നിക്ഷേപിച്ചാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കോടികൾ സമ്പാദിക്കാമെന്ന് വാഗ്ദാനം നൽകിയും പാർട്ട് ടെെം ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പുണ്ട്.
വാട്സാപ്പിൽ നൽകുന്ന ലിങ്കുകളിൽ ക്ളിക്ക് ചെയ്ത് വിവിധ ടാസ്കുകൾ പൂർത്തിയാക്കിയാൽ ആദ്യമൊക്കെ ചെറിയ തുക ലഭിക്കും. പിന്നീട് വൻ തുക കിട്ടിയെന്ന് അറിയിക്കും. ഇത് ലഭിക്കാൻ സർവീസ് ചാർജും മറ്റുമായി വൻതുക നൽകണം. പ്രലോഭനത്തിൽ വീഴുന്നവർക്ക് പണം നഷ്ടപ്പെടും.
തട്ടിപ്പുകൾ പലവിധം
വീഡിയോ കാൾ ചെയ്ത് അശ്ളീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് അവ റെക്കാഡ് ചെയ്ത് ഭീഷണിപ്പെടുത്തിയാണ് മറ്റൊരുതരം തട്ടിപ്പ്. അബദ്ധത്തിൽ വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ അപ്പുറത്ത് മോർഫ് ചെയ്ത അശ്ളീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടും. ഈ ദൃശ്യങ്ങൾ വാട്സാപ്പിൽ അയച്ച് പണം ആവശ്യപ്പെടും. കൊടുത്തില്ലെങ്കിൽ ബന്ധുക്കൾക്കും കുടുംബാംഗങ്ങൾക്കും അയക്കുമെന്നാകും ഭീഷണി. ഭയന്ന് പലരും പണം നൽകും. ബാങ്കിംഗ് ആപ്ളിക്കേഷൻ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് സന്ദേശമയച്ചും തട്ടിപ്പുണ്ട്. ഇതിൽ വിശ്വസിക്കുന്നവർ അക്കൗണ്ട് വിവരങ്ങൾ കെെമാറുന്നതോടെ തട്ടിപ്പിന് തുടക്കമാകുന്നു. ലോഗിൻ വിവരങ്ങൾ മനസിലാക്കി ബാങ്കിന്റെ ഒറിജിനൽ വെബ്സെെറ്റിൽ നിന്ന് തട്ടിപ്പുകാർ അവരുടെ വിവിധ അക്കൗണ്ടിലേക്ക് പണം മാറ്റും.
സംസ്ഥാനത്ത് സെെബർ കേസുകൾ
(വർഷം, എണ്ണം)
2020....426
2021....626
2022....773
2023....3295
2024....3581
2025....1438
(ജൂലായ് വരെ)
സെെബർ തട്ടിപ്പ് അറിയിക്കാൻ
1930
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |