ആലപ്പുഴ : കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന അവസ്ഥയുള്ളപ്പോഴും ജില്ലയിലെ ബീച്ചുകളിലെത്തുന്ന തദ്ദേശീയരും വിദേശികളുമടക്കമുള്ള വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാൻ ആവശ്യത്തിന് ലൈഫ് ഗാർഡുകളില്ലാത്തത് വെല്ലുവിളിയാകുന്നു. ആലപ്പുഴ ബീച്ചിൽ ഒരു ഷിഫ്റ്റിൽ അഞ്ചുപേർ മാത്രമാണുള്ളത്. രാവിലെ എട്ടുമുതൽ വൈകിട്ട് ഏഴുവരെയാണ് ഒരുഷിഫ്റ്റ്. ആളില്ലാത്തതിനാൽ ഓഫ് എടുക്കാൻ പോലും ഇവർക്ക് കഴിയുന്നില്ല.
ജില്ലയിൽ ആലപ്പുഴ, മാരാരിക്കുളം ബീച്ചുകളാണ് പ്രധാനമായുള്ളത്. തോട്ടപ്പള്ളി ബീച്ചിലും നിരവധി പേർ എത്താറുണ്ട്. ആലപ്പുഴ ബീച്ചിൽ മാത്രമാണ് 10 ലൈഫ് ഗാർഡുകളുള്ളത്. ഇവർ അഞ്ചുപേർ വീതം ഓരോ ഷിഫ്റ്റിൽ ജോലി ചെയ്യും. മാരാരിക്കുളം ബീച്ചിൽ ഒരാൾ പോലുമില്ല. ബീച്ചിന്റെ ദൈർഘ്യം അനുസരിച്ച് ഒരു ഡ്യൂട്ടി പോയിന്റിൽ രണ്ട് ലൈഫ് ഗാർഡുകൾ വേണമെന്നാണ് നിയമമെങ്കിലും ഇതും നടപ്പിലായില്ല. ടൂറിസ്റ്റുകളുടെ എണ്ണത്തിന് ആനുപാതികമായാണ് പോയിന്റുകൾ നിശ്ചയിക്കുക. ആലപ്പുഴ ബീച്ചിൽ കടൽപ്പാലം മുതൽ കാറ്റാടി വരെ ഒരാളാണ് ജോലി ചെയ്യുന്നത്.
ആകെയുള്ളത് ആലപ്പുഴയിൽ
1. പ്രതിദിനം 835 രൂപയാണ് ലൈഫ് ഗാർഡുകളുടെ ശമ്പളം. എട്ടുവർഷത്തിനിടെ 35 രൂപയാണ് ആകെ വർദ്ധിപ്പിച്ചത്
2. അപകടം നിറഞ്ഞ ജോലി ആണെങ്കിലും ഇ.എസ്.ഐ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല
3. മാരാരിക്കുളം ബീച്ചിൽ ലൈഫ് ഗാർഡുകളുടെ അഭാവത്തിൽ കോസ്റ്റൽ വാർഡന്മാരാണ് നീരീക്ഷണം നടത്തുന്നത്
4. അവധിദിവസങ്ങളിൽ ആലപ്പുഴ, മാരാരിക്കുളം ബീച്ചുകളിലേക്ക് 10000ലധികം പേർ എത്താറുണ്ടെന്നാണ് കണക്ക്
ജില്ലയിൽ ലൈഫ് ഗാർഡുകൾ - 10
വേണ്ടത് - 18 പേർ
കുട്ടികളുമായി എത്തുന്നവർ കടലിലേക്ക് കുട്ടികളെ ഒറ്റയ്ക്ക് ഇറക്കി വിടുന്നത് പതിവാണ്. കുട്ടികളെ ഇത്തരത്തിൽ കളിക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടാറില്ല. സഞ്ചാരികൾ തങ്ങൾക്ക് നേരേ തട്ടിക്കയറുന്നതും പതിവാണ്
- ലൈഫ് ഗാർഡുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |