ന്യൂഡൽഹി: മണിപ്പൂരിൽ സൈനിക ട്രക്കിന് നേർക്കുണ്ടായ വെടിവയ്‌പ്പിൽ രണ്ട് അസാം റൈഫിൾസ് ജവാന്മാർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റു. തലസ്ഥാനമായ ഇംഫാലിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള ബിഷ്‌ണുപൂർ ജില്ലയിലെ നൻബോൽ സബൽ ലെയ്‌കയ് മേഖലയിൽ ഇന്നലെ വൈകിട്ട് 5.40നായിരുന്നു ആക്രമണം. അസാം റൈഫിൾസിന്റെ വാഹനങ്ങൾ ഇംഫാലിൽ നിന്ന് ബിഷ്‌ണുപൂരിലേക്ക് പോവുകയായിരുന്നു.
വാഹനങ്ങൾക്കു നേരെ ഒരാൾ വെടിയുതിർത്തുവെന്നാണ് പ്രാഥമിക വിവരം. അക്രമിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്. സംഭവത്തെ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല അപലപിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഇത്തരം ഹീനമായ അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ല. മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിറുത്താൻ ശക്തമായ നടപടിയെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |