കേരള രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമായ കണ്ണൂർ സി.പി.എമ്മിന്റെ ആസ്ഥാനം അഴീക്കോടൻ മന്ദിരത്തിന് ഇനി പുതിയ മുഖം. കണ്ണൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന നേതാക്കൾ സംസ്ഥാനത്ത് സി.പി.എമ്മിന്റെ സാരഥ്യത്തിലേക്ക് നടന്നു കയറിയത് കണ്ണൂരിലെ അഴീക്കോടൻ മന്ദിരം വഴിയായിരുന്നു. നവീകരിച്ച കെട്ടിടം ഒക്ടോബർ 20ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അരനൂറ്റാണ്ടിലേറെ സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായി നിലകൊണ്ട ചരിത്രങ്ങളുറങ്ങുന്ന കെട്ടിടം ആധുനിക സൗകര്യങ്ങളോടെ പുതിയ ഭാവത്തിൽ രൂപാന്തരപ്പെടുകയാണ്.
ചരിത്രത്തിനൊപ്പം
ഒന്നരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിന്റെ ചരിത്രം കേവലം ഒരു പാർട്ടി ഓഫീസിന്റെ കഥ മാത്രമല്ല; അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവന്റെ കഥ കൂടിയാണ്. മഹാകവി വള്ളത്തോളിന്റെ അടുത്ത സുഹൃത്തായിരുന്ന വി. ഉണ്ണികൃഷ്ണൻ നായരുടെ കുടുംബസ്വത്തായിരുന്ന ഈ കെട്ടിടം പിന്നീട് ക്രിസ്ത്യൻ സഭയിലേക്കും അവിടെനിന്ന് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കൈകളിലേക്കുമെത്തി. 1972 സെപ്തംബർ 23ന് തൃശൂരിൽ വച്ച് രക്തസാക്ഷിത്വം വരിച്ച അഴീക്കോടൻ രാഘവന്റെ കുടുംബത്തിനായി നടത്തിയ പിരിവിലെ അധിക തുകയാണ് ഈ സ്മാരക മന്ദിരത്തിന്റെ അടിത്തറയിടാൻ സഹായിച്ചത്. 80,000 രൂപയ്ക്ക് വാങ്ങിയ ഈ കെട്ടിടം 1973 ഡിസംബർ അഞ്ചിന് ഇ.എം.എസിന്റെ അദ്ധ്യക്ഷതയിൽ എ.കെ.ജി ഉദ്ഘാടനം ചെയ്തു.
പുതിയ മുഖം
'ആധുനിക സംവിധാനങ്ങളോടെയുള്ള പാർട്ടി ഓഫീസ് നാടിന്റെയാകെ പ്രതീക്ഷയാണ്. കാലത്തിനൊത്ത് മാറുക എന്നത് പാർട്ടിയുടെ കരുത്ത് വർദ്ധിപ്പിക്കും. ജനങ്ങളുടേതാണ് ഈ പാർട്ടി ഓഫീസ്,' സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ അഭിപ്രായപ്പെടുന്നു. എം.വി. രാഘവൻ മുതൽ നിലവിലെ കെ.കെ. രാഗേഷ് വരെയുള്ള പന്ത്രണ്ട് ജില്ലാ സെക്രട്ടറിമാരുടെ രാഷ്ട്രീയ ജീവിതത്തിന് ഊടും പാവും നൽകിയത് ഈ കെട്ടിടത്തിലെ രാഷ്ട്രീയ ചർച്ചകളും സൗഹൃദങ്ങളുമാണ്. പാട്യം ഗോപാലൻ, ചടയൻ ഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ തുടങ്ങി കേരളത്തിലെ പ്രധാന കമ്മ്യൂണിസ്റ്ര് നേതാക്കളെല്ലാം ഈ 'ഡി.സി'യിലെ തിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു.
ഏറ്റുമുട്ടലുകളുടെ
ചരിത്രം
രാഷ്ട്രീയ എതിരാളികളുടെ അക്രമത്തിനിരയായി ജില്ലയിൽ 173 പേർക്ക് പാർട്ടിക്ക് വേണ്ടി ജീവൻ ത്യജിക്കേണ്ടി വന്നിട്ടുണ്ട്. പഴയ കെട്ടിടത്തിന്റെ മുൻഭാഗത്തെ ചുമരുകളിൽ തൂങ്ങിനിൽക്കുന്ന ബോർഡുകളിൽ ആ രക്തസാക്ഷികളുടെ പേരുകൾ കാണാമായിരുന്നു. അത് വായിക്കാതെ, ഒരു നെടുവീർപ്പിടാതെ ഒരു പ്രവർത്തകനും തിരിച്ചുപോയിരിക്കില്ല. സംഘപരിവാർ പ്രസ്ഥാനവുമായുള്ള ഏറ്റുമുട്ടലുകൾ, ബദൽ രേഖാ വിവാദം, വി.എസ്-പിണറായി വിഭാഗീയത തുടങ്ങിയ പ്രതിസന്ധി കാലങ്ങളിൽ പ്രധാനപ്പെട്ട പല തീരുമാനങ്ങൾക്കും വേദിയായതും ഈ പാർട്ടി ഓഫീസാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ്, സോഷ്യലിസ്റ്റ്, ജനസംഘ് തുടങ്ങിയ ശക്തികൾ നിലകൊണ്ടിരുന്നുവെങ്കിലും കണ്ണൂരിൽ ഇടതുപക്ഷത്തിന് ശക്തമായ അടിത്തറ ഒരുക്കിയതിൽ രാഷ്ട്രീയ ഏറ്റുമുട്ടലുൾക്കും പങ്കുണ്ട്.
1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി വിഭജനത്തിനു ശേഷം, സി.പി.എം. കണ്ണൂരിൽ സംഘടന ശക്തിപ്പെടുത്തിയത് സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ്. 1970-80 കളിൽ തുടങ്ങിയും 90കളിലേക്ക് നീണ്ടും കണ്ണൂരിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകൾ രക്തസാക്ഷ്യങ്ങളാൽ നിറഞ്ഞു. സി.പി.എം- ആർ.എസ്.എസ്. സംഘർഷം, സി.പി.എം-കോൺഗ്രസ് കലാപങ്ങൾ, പാർട്ടി ആഭ്യന്തര തർക്കങ്ങൾ തുടങ്ങിയവ ജില്ലയുടെ രാഷ്ട്രീയ അന്തരീക്ഷത്തെ അക്രമത്തിലേക്ക് നയിച്ചു. അനവധി തൊഴിലാളി നേതാക്കളും പ്രവർത്തകരും ജീവൻ നഷ്ടപ്പെടുത്തി. ഈ ഏറ്റുമുട്ടലുകൾ വിമർശനങ്ങൾക്കിടയായെങ്കിലും, ജനങ്ങളുടെ മുന്നിൽ സി.പി.എം. പോരാടുന്ന പാർട്ടിയായി.
ജനകീയ
ശക്തിയുടെ ഉറവിടം
രാഷ്ട്രീയ പോരാട്ടങ്ങൾക്ക് പുറമെ, വിദ്യാഭ്യാസം, സഹകരണ പ്രസ്ഥാനം, കലാസാംസ്കാരിക മുന്നേറ്റങ്ങൾ, പഞ്ചായത്തുതല ഭരണത്തിലൂടെയുള്ള ഇടപെടലുകൾ എന്നിവയാണ് സി.പി.എം. കണ്ണൂരിൽ വളരാൻ സഹായിച്ചത്. ജനങ്ങളുടെ ജീവിതത്തിൽ നേരിട്ട് ഇടപെട്ടതും സാമൂഹിക നീതി ഉറപ്പാക്കാൻ ശ്രമിച്ചതുമാണ് പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ ശക്തമാക്കിയത്. ഇന്നത്തെ കണ്ണൂരിൽ ഏറ്റുമുട്ടലുകളുടെ ശക്തി കുറഞ്ഞിട്ടും, ആ ചരിത്രത്തിന്റെ പ്രതിധ്വനികൾ ഇപ്പോഴും നിലനിൽക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കോട്ടയായി കണ്ണൂർ തുടരുന്നു. ഇനിയും മുന്നോട്ടുള്ള പ്രയാണത്തിന് പുതിയ ആസ്ഥാന മന്ദിരവും അതിനകത്തെ ചർച്ചകളും ഇടപെടലുകളും വേദിയാകും.
നവീകരണം അതിവേഗം
2023 ഓഗസ്റ്റിൽ പൊളിച്ചുമാറ്റിയ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് കാലത്തിനനുസൃതമായ അത്യാധുനിക സംവിധാനങ്ങളോടെയാണ് നാലുനില കെട്ടിടം ഉയർന്നുവന്നിരിക്കുന്നത്. ജില്ലയിലെ 65,466 പാർട്ടി അംഗങ്ങളിൽ നിന്ന് സമാഹരിച്ച പണവും കണ്ണൂരിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ മിച്ചം തുകയും ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം. പുതിയ കെട്ടിടത്തിൽ എ.കെ.ജി സ്മാരക ഹാൾ, ചടയൻ സ്മാരക മന്ദിരം, പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രം, ലൈബ്രറി, സോഷ്യൽ മീഡിയ സ്റ്റുഡിയോ, വിവിധ യോഗങ്ങൾ ചേരാനുള്ള മിനി കോൺഫറൻസ് ഹാളുകൾ എന്നിവയുണ്ട്.
പൈതൃകത്തിന്റെ
സംരക്ഷണം
നൂറുവർഷത്തിലേറെ പഴക്കമുള്ള പഴയ കെട്ടിടത്തിലെ മരം കൊണ്ടുള്ള തൂൺ, മച്ച്, വാതിൽ എന്നിവയെല്ലാം പുതിയ കെട്ടിടത്തിലും ഉപയോഗിച്ചിട്ടുണ്ട്. ഒക്ടോബർ 20ന് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പാർട്ടി അംഗങ്ങൾ, അനുഭാവികൾ, വർഗ ബഹുജന സംഘടനാ അംഗങ്ങൾ എന്നിവരുൾപ്പെടെ ഒരു ലക്ഷം പേർ പങ്കെടുക്കും. കേരളത്തിൽ സി.പി.എമ്മിന് ആളും അർത്ഥവും കൊണ്ട് ഇന്നും എന്നും ഏറ്റവും മുന്നിൽ നിൽക്കുന്നത് കണ്ണൂർ ജില്ലയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയം കൊണ്ട പിണറായി പാറപ്രത്തെ ചരിത്രത്തിന്റെ പിൻബലവും കയ്യൂർ, കരിവെള്ളൂർ തുടങ്ങിയ സമരങ്ങളുടെ ജ്വലിക്കുന്ന ഓർമകളുമുള്ള ഈ നാട് പുതിയ കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യയും കൊണ്ട് സജ്ജീകരിച്ച പുതിയ 'ഡി.സി' പുതുകാലത്തിന്റെ ശോഭ പകരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |