തൃശൂർ : വികസനം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടക്കമിട്ട കലുങ്ക് സൗഹൃദ സംഗമത്തിന്മേൽ വിവാദം കത്തിക്കേറുന്നു. പുള്ള് കാർത്യായനി ക്ഷേത്രത്തിന് മുന്നിലെ ആൽത്തറയിൽ തുടക്കം കുറിച്ച കലുങ്ക് സൗഹൃദ സംഗമത്തിൽ വീട് നിർമ്മിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് വയോധികൻ നൽകിയ അപേക്ഷ കൈപ്പറ്റാതിരുന്നതാണ് ആദ്യം വിവാദമായത്. ഇതേച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ വിമർശനമുയർന്നു. പിന്നാലെ നാട്ടിക എം.എൽ.എ സി.സി.മുകുന്ദൻ അപേക്ഷ നൽകാനെത്തിയ കൊച്ചുവേലായുധനെ സന്ദർശിച്ചു. സഹായം വാഗ്ദാനം ചെയ്തു. ശേഷം സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ വീട് നിർമ്മിച്ച് നൽകുമെന്നും പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരിൽ വയോധികന്റെ അപേക്ഷ നിരസിച്ചത് കൈപ്പിഴയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി തൊട്ടുപിന്നാലെ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെയെടുക്കാൻ സഹായം തേടിയ വയോധികയോടും മോശമായി പെരുമാറി.
'ചേച്ചി അധികം വർത്തമാനം പറയണ്ട, ഇ.ഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ' എന്നായിരുന്നു പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി പോകാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ 'എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു മറുപടി. നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് ചോദിച്ചു.
ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന ചോദ്യത്തിന് അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്നായിരുന്നു മറുപടി. ഇരിങ്ങാലക്കുടയിലെ പരിപാടിക്കിടെ ആനന്ദവല്ലി എന്ന വയോധികയെയാണ് പരിഹസിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലെ കലുങ്ക് സൗഹൃദസംഗമം ബി.ജെ.പിക്ക് തിരിച്ചടിയായി.
സംഗമത്തിനിടെ ഇത്തരം സംഭവങ്ങൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പാർട്ടി നേതാക്കളുടെയും അഭിപ്രായം. നൂറോളം പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കാനാണ് ഉദ്ദേശം. ഇത്തരം കേന്ദ്രങ്ങളിലെത്തുന്ന അപേക്ഷകൾ വാങ്ങി രേഖാമൂലമുള്ള മറുപടി നൽകിയാൽ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വെട്ടുംതടയും
കലുങ്ക് സൗഹൃദങ്ങളിൽ ഉയർന്നവിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്പര പൊങ്കാലകളായി. കോൺഗ്രസും ഇടതുപക്ഷവും വിഷയം ഏറ്റെടുത്ത് വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ അതേ പടി തിരിച്ചടിക്കുകയാണ് ബി.ജെ.പിയുടെ സൈബർ പോരാളികൾ.
വേലായുധൻ ചേട്ടന് വീട് കിട്ടിയല്ലോ, സന്തോഷമുണ്ട്. കൊച്ചുവേലായുധന്മാരെ ഇനിയും കാണിച്ചുതരാം. വേലായുധൻ ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും, പാർട്ടിയെക്കൊണ്ട് നടപടി എടുപ്പിക്കും. വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടും.
സുരേഷ് ഗോപി.
കേന്ദ്രമന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |