കോട്ടയം : നഗരത്തിലേക്ക് വാഹനവുമായി എത്തിയാൽ എവിടെ പാർക്ക് ചെയ്യുമെന്നതാണ് യാത്രക്കാരെ കുഴയ്ക്കുന്നത്.
പാർക്കിംഗ് കേന്ദ്രങ്ങൾ നിരവധിയുണ്ടെങ്കിലും യാത്രക്കാരെ പിഴിയുകയാണ്. വഴിയിൽ പാർക്ക് ചെയ്തിട്ട് പോകാമെന്ന് വച്ചാൽ പൊലീസിന്റെ പെറ്റി പിന്നാലെയെത്തും. റെയിൽവേ സ്റ്റേഷൻ, തിരുനക്കര, മാർക്കറ്റ്, ആശുപത്രികൾ, കെ.എസ്.ആർ.ടി സ്റ്റാൻഡ് എന്നിവിടങ്ങളിലൊക്കെ കൊള്ള ഫീസാണ് ഈടാക്കുന്നത്. നഗരസഭയുടെ കീഴിൽ തിരുനക്കര സ്റ്റാൻഡ്, മാർക്കറ്റ് മൈതാനം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് മിനിമം ചാർജ് 30 രൂപയാണ്. നേരത്തെ 5 രൂപയായിരുന്നു. ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ ഇരുചക്രവാഹനം ഉൾപ്പെടെ പാർക്ക് ചെയ്യാൻ 30 രൂപയിൽ താഴെ നൽകണം. റെയിൽവേ സ്റ്റേഷനിൽ രണ്ടു മണിക്കൂർ വരെ പാർക്ക് ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങൾക്ക് അഞ്ചു രൂപയായിരുന്നത് 10 രൂപയായി. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്‌റ്റേഷനുകളിലാണ് നിരക്ക് വർദ്ധന. സ്ഥിരം യാത്രക്കാർക്കാണ് ബുദ്ധിമുട്ട്. പ്രതിമാസ പാസ് ഉണ്ടെങ്കിലും കരാറുകാർ നൽകുന്നില്ല.
പണം വാങ്ങും, സൗകര്യങ്ങൾ പരിമിതം
സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്ന സർക്കാർ ജീവനക്കാരും സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാരുമാണ് ഈ ഫീസ് കൊള്ളയ്ക്ക് കൂടുതലും ഇരയാകുന്നത്. ഫീസ് ഉയർത്തിയെങ്കിലും അതിനു തക്കതായ ഒരു സൗകര്യവും പാർക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്താറില്ല. ചില സ്ഥലങ്ങളിൽ മേൽക്കൂര പോലുമില്ല. ഇരുചക്ര വാഹനങ്ങളിൽ നിന്ന് ചിലയിടങ്ങളിൽ സാമൂഹ്യവിരുദ്ധർ പെട്രോൾ ഊറ്റുന്നതും പതിവാണ്. സീസൺ ടിക്കറ്റിനേക്കാൾ ഉയർന്ന തുക പാർക്കിംഗ് ഫീസായി നൽകണം. ഫീസ് വർദ്ധനയ്ക്ക് ഏകീകൃത സ്വഭാവവുമില്ല.
റെയിൽവേയിൽ ഊറ്റിപ്പിഴിയും
നാലുചക്ര വാഹനങ്ങൾക്ക് 10 രൂപ ആയിരുന്നത് 30 രൂപയായി. 24 മണിക്കൂർ വരെ ഇരുചക്രവാഹനം വയ്ക്കുന്നതിന് 30 ഉം നാലുചക്രവാഹനത്തിന് 80 രൂപയുമാക്കി. 24 മണിക്കൂർ വച്ച വാഹനം 25 മണിക്കൂർ ആയാൽ 48 മണിക്കൂറിന്റെ നിരക്ക് ഈടാക്കും. പ്രതിമാസ നിരക്കും മൂന്നിരട്ടി കൂട്ടി. നേരത്തെ 200 രൂപ ആയിരുന്നത് 600 രൂപ നൽകണം.
പ്രതിമാസ നിരക്ക് 200 ൽ നിന്ന് 600
കബളിപ്പിക്കൽ തന്ത്രം
സ്ഥിരം യാത്രക്കാർക്ക് മാത്രമാണ് പാർക്കിംഗ് നിരക്കിലെ വ്യത്യാസം മനസിലാക്കാനാകൂ
അല്ലാത്തവർ സ്വഭാവികമായും നടത്തിപ്പുകാർ പറയുന്ന പാർക്കിംഗ് ഫീസ് നൽകുകയാണ്
''പ്രതിമാസ പാസ് നൽകാൻ പാർക്കിംഗ് ജീവനക്കാർക്ക് മടിയാണ്. പാസ് ചോദിച്ചപ്പോൾ എണ്ണം തികഞ്ഞു, ഇനി തരാൻ പറ്റില്ല എന്നാണ് മറുപടി. ഒരു സ്ലാബ് കഴിഞ്ഞാൽ അടുത്ത ഓരോ മണിക്കൂറിനും തുക എന്ന രീതി സ്വീകരിക്കണം.
-(ശ്രീകാന്ത് മറ്റക്കര,യാത്രക്കാരൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |