ഉത്തരവ് തിരുത്തിയില്ലെങ്കിൽ 15 ദിവസത്തിനകം വീണ്ടും സമരത്തിനൊരുങ്ങി ജീവനക്കാർ
തൃശൂർ: മേയർ എം.കെ.വർഗീസുമായി കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ തൊഴിലാളി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്ന് അനിശ്ചിതകാല സമരം തത്കാലത്തേക്ക് നിറുത്തി. ഇതോടെ വൈദ്യുതി വിഭാഗത്തിന്റെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ നിലയിലാകും. 229 തൊഴിലാളികൾക്ക് മുൻപത്തെ പോലെ ജോലി ചെയ്യാമെന്നും ഇതിന്റെ ഉത്തരവാദിത്വവും ബാദ്ധ്യതയും കോർപറേഷൻ ഭരണസമിതി ഏറ്റെടുക്കുമെന്നും മേയർ ഉറപ്പുനൽകി.
വൈദ്യുതി വിഭാഗത്തിന്റെ പ്രശ്‌നം മുഖ്യമന്ത്രിയുടെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെയും ശ്രദ്ധയിൽപ്പെടുത്തിയെന്നും ഒരാഴ്ചയ്ക്കുള്ളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നുമാണ് മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി എന്നിവരും യോഗത്തിൽ അറിയിച്ചത്.
മാനേജ്‌മെന്റിന്റെ ഉറപ്പ് നടപ്പാകാതെ വന്നാൽ വീണ്ടും സമരത്തിലേക്ക് കടക്കാനാണ് വൈദ്യുതി വിഭാഗം സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനം. അതിനാൽ ഇന്ന് വീണ്ടും അനിശ്ചിതകാല സമരത്തിന് നോട്ടീസ് നൽകും. 15 ദിവസത്തിനകം വെള്ളിയാഴ്ചത്തെ സർക്കുലർ തിരുത്തിയില്ലെങ്കിൽ ഒക്ടോബർ ഒന്നുമുതൽ വീണ്ടും സമരത്തിലേക്ക് കടക്കും.
യോഗത്തിൽ കോർപറേഷൻ വൈദ്യുതി വിഭാഗം സി.ഐ.ടി.യു സെക്രട്ടറി ബി.അജികുമാർ, ഐ.എൻ.ടി.യു.സി സെക്രട്ടറി കെ.രാജേഷ്, എ.ഐ.ടി.യുസി നേതാവ് ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.
വ്യാഴാഴ്ച പ്രത്യേക കൗൺസിൽ
കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരെ വെട്ടിക്കുറച്ച നടപടി തിരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ വ്യാഴാഴ്ച പ്രത്യേക കൗൺസിൽ യോഗം ചേരും. മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ഉറപ്പ് നൽകിയതോടെ ഇന്നലെ വൈകിട്ട് അഞ്ചോടെ ജീവനക്കാർ സമരം അവസാനിപ്പിച്ചു. രാത്രി ഡ്യൂട്ടിക്ക് ആവശ്യമായ ജീവനക്കാരെവിളിച്ചുവരുത്തി.
മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും ഒരാഴ്ചക്കകം ഉത്തരവ് തിരുത്താമെന്നാണ് അറിയിച്ചത്. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ 15 ദിവസത്തിന് ശേഷം വീണ്ടും അനിശ്ചിതകാല പണിമുടക്ക് തുടങ്ങും.
-കെ.രാജേഷ്, കോർപറേഷൻ വൈദ്യുതി വിഭാഗം ഐ.എൻ.ടി.യു.സി സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |