നിലവിൽ വിള്ളലുകൾ സംഭവിച്ച ബ്ലോക്കുകൾ മാറ്റി ക്രമീകരിക്കുന്നു
വിഴിഞ്ഞം: പാതിവഴിയിൽ നിലച്ച വിഴിഞ്ഞം കോസ്റ്റൽ പൊലീസിന്റെ ബോട്ടുജെട്ടിയുടെ നിർമ്മാണം പുരോഗമിക്കുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ മേയിലാണ് നിർമ്മാണം ആരംഭിച്ചത്. ഇവിടെ ബ്ലോക്കുകൾ അടുക്കി കോൺക്രീറ്റ് ചെയ്തെങ്കിലും കടൽക്ഷോഭത്തിൽ വിള്ളലുകൾ സംഭവിച്ചിരുന്നു. തുടർന്ന് മഴക്കാലത്ത് നിറുത്തിവച്ച ജോലികളാണ് വീണ്ടും ആരംഭിച്ചത്. നിലവിൽ വിള്ളലുകൾ സംഭവിച്ച സ്ഥലത്തെ ബ്ലോക്കുകൾ മാറ്റി വീണ്ടും ക്രമീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. 130 ഓളം ബ്ലോക്കുകൾ കടലിൽ നിക്ഷേപിച്ചാണ് ബർത്ത് നിർമ്മിക്കുന്നത്. ഇതിനു മുകളിൽ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയശേഷം ബോട്ടുകൾ കെട്ടാനുള്ള ബൊള്ളാർഡുകളും ഫെൻഡേർസും സജ്ജമാക്കും. അടുത്തമാസം അവസാനത്തോടെ പണികൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു.
പരിഹാരം ഉടൻ
ഹാർബർ എൻജിനിയറിംഗ് വകുപ്പിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. കേന്ദ്രത്തിൽ നിന്ന് 2 വർഷം മുമ്പ് 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ പദ്ധതി നീണ്ടു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ 10 ലക്ഷം രൂപ കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതിരേഖ തയാറാക്കുകയായിരുന്നു.
സ്വന്തമായി ബോട്ടുജെട്ടി ഇല്ലാത്തതിനാൽ കോസ്റ്റൽ പൊലീസിന്റെ നിരീക്ഷണ ബോട്ടുകൾ തിരയിൽപ്പെട്ട് നശിക്കുന്നത് പതിവാണ്. ഇത് ഒഴിവാക്കാൻ ബോട്ടുകൾ കരയിൽ കയറ്റിവയ്ക്കും. അടിയന്തര സാഹചര്യങ്ങളിൽ ഇവ വീണ്ടും വെള്ളത്തിലിറക്കാൻ വലിയ ബുദ്ധിമുട്ടാണ്. പുതിയ ജെട്ടി യാഥാർത്ഥ്യമാകുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
എസ്റ്റിമേറ്റ് തുക - 60 ലക്ഷം
നിർമ്മാണം ഇങ്ങനെ
തൂണുകൾ ഇല്ലാത്ത നൂതന രീതിയിലുള്ള നിർമ്മാണം. 6 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ താത്കാലിക പിക്കറ്റ് പോസ്റ്റ് നിർമ്മിച്ചിരിക്കുന്ന സ്ഥലത്താണ് പുതിയ ജെട്ടി നിർമ്മിക്കുന്നത്.
സൗകര്യങ്ങൾ
മത്സ്യത്തൊഴിലാളികൾക്കോ കടലിൽ യാത്രചെയ്യുന്നവർക്കോ അപകടം പറ്റിയാൽ ആശുപത്രിയിലെത്താനുള്ള ആംബുലൻസ് സൗകര്യം
മൃതദേഹങ്ങൾ സൂക്ഷിക്കാൻ മോർച്ചറി
ബോട്ടുകൾ കെട്ടിയിടുന്നതിന് ഫെൻഡേഴ്സ്,
നിരീക്ഷണത്തിനായും മത്സ്യത്തൊഴിലാളികളുടെ സഹായത്തിനുമായി പൊലീസ് എയ്ഡ് പോസ്റ്റ്
ബോട്ടുമില്ല
ജെട്ടി നിർമാണത്തിന് പ്രൊപ്പോസലായെങ്കിലും നിലവിൽ ഇവിടെ സേവനത്തിന് ആവശ്യത്തിന് ബോട്ടില്ല. മുമ്പ് ഇവിടെ 3 ബോട്ടുകളുണ്ടായിരുന്നെങ്കിലും ഒന്ന് പൂവാറിലേക്കും മറ്റൊന്ന് അഞ്ചുതെങ്ങ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. നിലവിൽ വിഴിഞ്ഞത്ത് രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിന് ആകെയുള്ളത് ഒരു ബോട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |