കിളിമാനൂർ: കാനാറാ റോഡ് യാത്ര അതികഠിനം തന്നെ. പഴയകുന്നുമ്മൽ പഞ്ചായത്തിൽ പാപ്പാലയ്ക്ക് സമീപം സംസ്ഥാന പാതയിൽ നിന്നും കാനാറാ സമത്വതീരം ശ്മശാനം വരെയുള്ള രണ്ട് കിലോമീറ്റർ തകർന്ന് തരിപ്പണമായി കിടക്കുകയാണ്. നിലവിലൊരു ഓട്ടോ വിളിച്ചാൽ പോലും വരാത്ത അവസ്ഥയാണ്. റോഡ് നവീകരണം നടന്നിട്ട് നാല് വർഷമേ ആയുള്ളൂ. അതിനുള്ളിൽ റോഡിന്റെ മുക്കാൽ ഭാഗവും തകർന്ന് കാൽനട യാത്രയ്ക്കുപോലും പറ്റാത്ത സ്ഥിതിയായി. റോഡ് അവസാനിക്കുന്ന ഭാഗത്തെ പാറ ക്വാറിയിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ ഓടിയാണ് റോഡിന് ഈ അവസ്ഥയായത്. പാറയും കയറ്റിയുള്ള വാഹനങ്ങൾ മറ്റു വഴിയിലൂടെയാണ് പോകുന്നതെങ്കിലും ക്വാറിയിലേക്കെത്തുന്ന ഹിറ്റാച്ചി, ജെ.സി.ബി എന്നിവ ഈ റോഡിലൂടെയാണെത്തുന്നത്. ഈ വാഹനങ്ങൾക്ക് ഈ റോഡിലൂടെ പോകാൻ അനുമതിയില്ലെങ്കിലും പ്രദേശവാസികളുടെ കണ്ണുവെട്ടിച്ച് രാത്രികാലങ്ങളിലാണിവ എത്തുന്നത്. ഇതുകാരണം റോഡ് തകരാറാകുന്നതിന് പുറമെ കേബിളുകൾ പൊട്ടുന്നതും നിത്യസംഭവമാണ്.
റോഡിനെത്തന്നെ ആശ്രയിക്കണം
കൊവിഡ് കാലത്ത് ഉൾപ്പെടെ എട്ടോളം പഞ്ചായത്തുകൾക്ക് പ്രയോജനകരമായ സമത്വതീരം ശ്മശാനമുൾപ്പെടെ സ്ഥിതിചെയ്യുന്നത് ഈ റോഡ് അവസാനിക്കുന്ന ഭാഗത്താണ്. ആംബുലൻസുകൾ, പ്രദേശത്ത് താമസിക്കുന്ന പിന്നാക്കക്കാർ ഉൾപ്പെടെയുള്ള നൂറ്റി അൻപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന വാഹനങ്ങൾ, സ്കൂൾ ബസുകൾ, പ്രദേശത്ത് സ്ഥിതിചെയ്യുന്ന 110 കെ.വി സബ് സ്റ്റേഷനിൽ എത്തുന്ന വാഹനങ്ങൾ എന്നിവയെല്ലാം ഈ റോഡിനെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്.
ഓട നിർമ്മിക്കണം,
റോഡ് നവീകരിക്കണം
ഗർഭിണികളായ സ്ത്രീകൾ, വൃദ്ധർ എന്നിവർക്ക് അസുഖമായാൽ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണമെങ്കിൽ ചുമന്നുകൊണ്ട് പോകാനേ നിർവാഹമുള്ളൂ. റോഡിലുള്ള കലിങ്കുകളും കാലപ്പഴക്കത്താൽ കമ്പികൾ ദ്രവിച്ച് അപകടാവസ്ഥയിലാണ്. മഴക്കാലമായാൽ റോഡിലേക്ക് വൃക്ഷങ്ങൾ ഒടിഞ്ഞുവീണും കല്ലുകൾ വീണും ഗതാഗതം തടസപ്പെടുന്നതും പതിവാണ്. ഓടകൾ നിർമ്മിച്ചും റോഡ് നവീകരിച്ചും അനുവദനീയമായ വാഹനങ്ങളെ മാത്രം ഈ റോഡിലൂടെ കടത്തിവിട്ട് അധികൃതർ യാത്രാദുരിതം അവസാനിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |