തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്തുമാത്രം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കാസ്പ് പദ്ധതി പ്രകാരം 373.36 കോടിയുടെ സൗജന്യ ചികിത്സ നൽകിയെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.
81.82 കോടിയുടെ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കി. ശസ്ത്രക്രിയയ്ക്കായി രോഗികൾ സ്വന്തം ചെലവിൽ ഉപകരണങ്ങൾ വാങ്ങി നൽകേണ്ട സാഹചര്യമില്ല. എന്നാൽ മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഫ്ലെക്സിസ്കോപ്പി എന്ന ഉപകരണം വാങ്ങി നൽകിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.സൗജന്യ ചികിത്സാ പദ്ധതിയിലുൾപ്പെട്ട രോഗികൾ സ്വന്തം നിലയ്ക്ക് ഉപകരണങ്ങൾ വാങ്ങുന്നത് സർക്കാർ നയത്തിന് വിരുദ്ധമാണ്. ഇത് ഗൗരവമായിത്തന്നെ കാണും. ഇനി ഫ്ലെക്സിസ്കോപ്പ് വാങ്ങേണ്ട ആവശ്യമുണ്ടായാൽ വകുപ്പ് അധികൃതരെ നിർബന്ധമായും അറിയിക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
2011-16ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിനായി 15.64 കോടിയാണ് ചെലവിട്ടത്. എന്നാൽ 2016-21 ലെ എൽ.ഡി.എഫ് സർക്കാർ 41.84 കോടി രൂപ ചെലവിട്ടു. ഈ സർക്കാർ നാല് വർഷം കൊണ്ട് 80.66 കോടിയുടെയും ഉപകരണങ്ങൾ വാങ്ങിനൽകി. യൂറോളജി വകുപ്പിനായി യു.ഡി.എഫ് സർക്കാർ 26 ലക്ഷം രൂപ ചെലവിട്ടപ്പോൾ 2018- 22 വരെയുള്ള നാലുവർഷ കാലയളവിൽ 1.43 കോടി രൂപയാണ് ഇടതു സർക്കാർ ചെലവിട്ടത്. 2022-24ൽ മാത്രം 1.12 കോടിയും ചെലവിട്ടു. എച്ച്.ഡി.എസിൽ നിന്ന് 31.7 ലക്ഷവും ചെലവാക്കി. സ്കീമുകളിലുൾപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കണമെന്നതാണ് സർക്കാർ നയം. അല്ലാത്തവർക്ക് എച്ച്.ഡി.എസ് വഴി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |