കോഴിക്കോട്: വഖഫ് ഭേദഗതി നിയമം ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ആശ്വാസകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം) അദ്ധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. വിധി പരമോന്നത നീതി പീഠത്തിലുള്ള വിശ്വാസം കൂട്ടാൻ ഉപകരിക്കുമെന്നും പറഞ്ഞു.
ഇടക്കാല ഉത്തരവ് ന്യൂനപക്ഷങ്ങൾക്കും മതേതര ശക്തികൾക്കും ആശ്വാസം പകരുന്നതാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. തർക്കങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവേളയിൽ ഭൂമി വഖഫ് അല്ലാതാവുമെന്ന വിവാദമായ സെക്ഷൻ 3 -സി സ്റ്റേ ചെയ്തത് ഹർജിക്കാർക്ക് വലിയ ആശ്വാസം പകരുന്നു.
പ്രതീക്ഷാജനകമെന്ന് കാന്തപുരം
കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ബിൽ ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി പ്രതീക്ഷ നൽകുന്നതാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. വഖഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകർക്കുംവിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തു പകരും.
ജനതയ്ക്ക്ലഭിച്ച പ്രതീക്ഷ : കുഞ്ഞാലിക്കുട്ടി
മലപ്പുറം: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച വലിയ പ്രതീക്ഷയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ഭൂമിയുടെ മേലുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. പല ഏകാധിപത്യ വശങ്ങളും വിധിയോടെ ഇല്ലാതായി. മൗലിക അവകാശം ഉയർത്തിപ്പിടിക്കുന്നതാണ് വിധി. പാർലമെന്റിൽ കേവല ഭൂരിപക്ഷം ഉണ്ടെന്ന് കരുതി അടിസ്ഥാന സ്വഭാവങ്ങൾക്ക് മാറ്റം വരുത്താനാവില്ല. അന്തിമവിധിയും ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയാകും. വിഷയത്തിലെ ആശങ്ക ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പം പ്രശ്നത്തിന്
പരിഹാരമാകും:
രാജീവ്ചന്ദ്രശേഖർ
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി നിലനിൽക്കില്ലെന്ന കോൺഗ്രസ് വാദം സുപ്രീംകോടതി വിധിയോടെ പൊളിഞ്ഞെന്നും മുനമ്പം ജനത ഉൾപ്പെടെ നേരിടുന്ന വഖഫ് അധിനിവേശ പ്രശ്നങ്ങൾക്ക് ഇത് പരിഹാരമുണ്ടാക്കുമെന്ന് വ്യക്തമായിരിക്കുകയാണെന്നും ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുനമ്പം ജനതയ്ക്ക് ബി.ജെ.പി കൊടുത്ത വാക്ക് യാഥാർത്ഥ്യമാകുകയാണ്. വഖഫിന്റെ പേരിൽ ഭീഷണി നേരിടുന്നവർക്കും യഥാർത്ഥ വഖഫ് ഭൂമിക്കും ഒരേപോലെ ഗുണം ചെയ്യുന്നതാണ് നിയമഭേദഗതിയും ഇപ്പോഴുണ്ടായ സുപ്രീംകോടതിയുടെ ഇടപെടലും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |