തൃശൂർ: ജീവനക്കാരെ വെട്ടിക്കുറച്ചതിനാൽ കോർപറേഷനിലെ വൈദ്യുതി വിഭാഗത്തിന്റെ പ്രവർത്തനം താളംതെറ്റുമെന്ന ആശങ്കയിൽ ജീവനക്കാർ സമരരംഗത്തേക്ക്. 229 പേർ ജോലി ചെയ്തിരുന്നിടത്ത് 103 പേരുടെ തസ്തിക മാത്രം മതിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിട്ടിരുന്നു. ഇതോടെ കോർപറേഷൻ നൂറിലേറെ താത്കാലിക ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും.
2018ൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ ആവശ്യപ്രകാരം സ്റ്റാഫ് പാറ്റേൺ നിശ്ചയിക്കുന്നതും ശമ്പളപരിഷ്‌കരണവും ധനവകുപ്പിനായി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മേയ് 22ന് മന്ത്രിയുടെ ചേംബറിൽ ചർച്ച നടന്നു. എന്നാൽ ചർച്ചയിൽ ഉന്നയിച്ച വാദങ്ങളൊന്നും പരിഗണിച്ചില്ലെന്നാണ് സംയുക്ത തൊഴിലാളി യൂണിയൻ വാദം.
അടിസ്ഥാന തൊഴിലാളികളെയാണ് കൂടുതലും വെട്ടിക്കുറച്ചത്. ഇലക്ട്രിക്കൽ വർക്കർ തസ്തികയിൽ 50 പേരുണ്ടായിരുന്നത് വെറും 18 പേർ മതിയെന്നാണ് പുതിയ ഉത്തരവിൽ. 51 ലൈൻമാൻമാരുള്ളത് വെറും 5 പേരാക്കി ചുരുക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന വകുപ്പിൽ ഇത് നീതികരിക്കാനാകില്ലെന്ന് തൊഴിലാളികൾ പറയുന്നു. 12.5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിനുള്ളിൽ 40,000 ലേറെ ഉപയോക്താക്കളാണുള്ളത്. തസ്തികകൾ അധികമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് വെട്ടിച്ചുരുക്കൽ.
ശമ്പളപരിഷ്‌കരണവും നീളും
കോർപറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാർക്ക് കെ.എസ്.ഇ.ബിക്ക് തത്തുല്യമായ സേവന വ്യവസ്ഥകൾ നൽകണമെന്നാണ് 1968, 70 കാലം മുതലുള്ള വ്യവസ്ഥ. സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച ശേഷം ശമ്പളപരിഷ്‌കരണം നടപ്പാക്കാമെന്നായിരുന്നു സർക്കാർ ഉറപ്പ്. എന്നാൽ ഇതിൽ വീഴ്ചയുണ്ടായതോടെ ശമ്പളപരിഷ്‌കരണ തീരുമാനം വൈകും. 91 മുതലുള്ള സ്റ്റാഫ് പാറ്റേൺ പ്രകാരം ഇപ്പോഴുള്ള 229 ജീവനക്കാരിൽ 110 പേർ സ്ഥിരവും ബാക്കി താത്കാലികക്കാരുമാണ്.
ഇന്ന് മുതൽ പരാതി പരിഹരിക്കില്ല.
പ്രതിഷേധസൂചകമായി ഇന്ന് മുതൽ വരുന്ന പരാതികൾ പരിഹരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ജീവനക്കാർ അറിയിച്ചു. സബ് സ്റ്റേഷനിലെ പ്രവൃത്തികൾ ചെയ്യും. ഫോൺ മുഖേനയുള്ള പരാതികൾ എഴുതിവയ്ക്കുമെങ്കിലും പരിഹരിക്കാൻ കഴിയില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
മിക്ക പ്രവൃത്തികളും പുറംകരാർ നൽകിയാണ് കെ.എസ്.ഇ.ബി നിർവഹിക്കുന്നതെങ്കിൽ ഇവിടെ ജീവനക്കാർ തന്നെയാണ് ചെയ്യുന്നത്. ജീവനക്കാരെ വെട്ടിക്കുറച്ചതോടെ വൈദ്യുതിവിഭാഗം പ്രവർത്തനം താളം തെറ്റും.
ബി. അജികുമാർ, സംയുക്ത തൊഴിലാളി യൂണിയൻ
കോർപറേഷന്റെ വൈദ്യുതി വിതരണം ഒരു കാരണവശാലും വിട്ടുനൽകില്ല. ഇതിനെതിരെ സമരം ചെയ്യാൻ താൻ തന്നെയാണ് ജീവനക്കാരോട് പറഞ്ഞത്. വൈദ്യുതി വിതരണം നിലനിറുത്തുന്നതിന് ഏതറ്റം വരെയും പോകും.
എം.കെ. വർഗീസ്, മേയർ
വെട്ടിച്ചുരുക്കൽ ഇങ്ങനെ
തസ്തിക: പുതിയത് (പഴയത്)
ഇലക്ട്രിക്കൽ എൻജിനിയർ: 1 (1)
സീനിയർ സൂപ്രണ്ട്: 1 (9)
സീനിയർ അസിസ്റ്റന്റ്: 18 (23)
ജൂനിയർ അസിസ്റ്റന്റ്: 9 (23)
എൽ.ഡി ടൈപ്പിസ്റ്റ്: 2 (2)
വാച്ച് മാൻ: 2 (10)
അസിസ്റ്റന്റ് എൻജിനിയർ: 8 (9)
സബ് എൻജിനിയർ: 9 (17)
ഓവർസിയർ: 23 (27)
മീറ്റർ മെക്കാനിക്ക്: 0 (1)
ലൈൻമാൻ ഗ്രേഡ് 1: 5 (36)
ലൈൻ മാൻ ഗ്രേഡ് 2: 0 (15)
ഇലക്ട്രിസിറ്റി വർക്കർ: 18 (50)
ഡ്രൈവർ: 1 (5)
ഫിൽറ്റർ ഓപറേറ്റർ: 0 (1)
ആകെ: 103 (229)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |