കൊച്ചി: ഇടവകയുടെ വികാരിപദവി രാജിവച്ച് ഫാ. അഗസ്റ്റിൻ വട്ടോലി സമർപ്പിച്ച സുദീർഘമായ കത്തിലെ പരാമർശങ്ങൾ സിറോമലബാർ സഭയിൽ ചർച്ചയാകുന്നു. സഭാതലവന്മാരെയും സ്ഥാപനങ്ങളെയും രൂക്ഷമായി കത്തിൽ വിമർശിക്കുന്നുണ്ട്. വികാരിപദവി രാജിവയ്‌ക്കുകയെന്ന അപൂർവസംഭവത്തിൽ സഭ പ്രതികരിച്ചിട്ടില്ല. രാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ മുറുകി.
രാജിക്കിടയാക്കിയ കാരണങ്ങൾ അക്കമിട്ട് ഫാ. അഗസ്റ്റിൻ വട്ടോലി നിരത്തിയിട്ടുണ്ട്. ആരെയും പേരെടുത്ത് പരാമർശിച്ചിട്ടില്ലെങ്കിലും സിനഡ് ബിഷപ്പുമാരെയും വിമർശിക്കുന്നു. 17 കേസുകളിലെ പ്രതിയായ വൈദികനുൾപ്പെടെ തെമ്മാടികളെ അതിരൂപതയിൽ വിന്യസിപ്പിച്ചു. കുറ്റക്കാർ വലിയ സ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും വിഹരിക്കുന്നുവെന്നും ആരോപണമുണ്ട്.
കഴിഞ്ഞ എട്ടുവർഷങ്ങളിൽ വൈദികരും കന്യാസ്ത്രീകളും വിശ്വാസിസമൂഹവും ഒരുപാട് തിരിച്ചറിവുനേടി. ചാൻസലറായി കന്യാസ്ത്രീയെയോ കണക്ക് കൈകാര്യം ചെയ്യാൻ വിശ്വാസയോഗ്യരായ സ്ത്രീയേയോ പുരുഷനെയോ നിയമിക്കണം. സ്ഥാപനങ്ങളുടെ ഡയറക്ടർമാരായും അംഗങ്ങളായും പാസ്റ്ററൽ കൗൺസിലിൽ നിന്ന് തിരഞ്ഞെടുക്കണം. മെത്രാന്മാരും സിനഡും അധാർമ്മികമായി പ്രവർത്തിക്കുന്നു. മെത്രാൻ പ്രവർത്തിക്കുന്ന വ്യവസ്ഥിതി ഏകാധിപത്യപരമാണ്. തിരുവായ്ക്ക് എതിർവാ ഇല്ലാത്തതാണ്. നിയമനിർമ്മാണവും വ്യാഖ്യാനവും നടപ്പാക്കുന്നതും ഒരാളിൽ കേന്ദ്രീകരിക്കുന്ന പിന്തിരിപ്പനായതും ചീഞ്ഞഴുകുന്നതുമായ വ്യവസ്ഥയാണിതെന്നും പറയുന്നു.
പുട്ടപർത്തിയിൽ സത്യസായിബാബയുടെ പേരിൽ പണം വാങ്ങുന്ന കൗണ്ടറില്ലാതെ ആശുപത്രി നടത്തുന്നുണ്ട്. സ്വത്തും പണവും ഭൂമിയും ജനങ്ങളുമുള്ള ഇന്ത്യൻ കത്തോലിക്കാ സഭയ്ക്ക് അത് ആലോചിക്കാൻ പോലും പറ്റിയിട്ടില്ല. 10 വർഷത്തിനുള്ളിൽ ലിസിയെ പൂർണമായും സൗജന്യ ചികിത്സ നൽകുന്ന കേന്ദ്രമായി മാറ്റുന്നത് ആലോചിക്കണം. ലിസി വളരേണ്ടത് സത്യസായിബാബാ ആശുപത്രിയെയോ മെഡിക്കൽ കോളജുകളിലെത്തുന്ന ഏറ്റവും ഗതികെട്ട മനുഷ്യരെ മനസിൽ കണ്ടോ ആയിരിക്കണമെന്നും ഫാ. വട്ടോലി ആവശ്യപ്പെടുന്നു.
പുറത്താക്കണമെന്ന് സി.എൻ.എ
സഭാനിയമങ്ങൾ ധിക്കരിച്ചും വെല്ലുവിളിച്ചും അനുസരിക്കാതെ മുന്നോട്ടുപോകുന്ന ഫാ. അഗസ്റ്റിൻ വട്ടോലി ഉൾപ്പെടെ വൈദികരെ സിറോമലബാർസഭയിൽ നിന്ന് പുറത്താക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.
ഫാ. വട്ടോലിയെ പുറത്താക്കാക്കാൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.
പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർക്കെതിരെ സഭാ നേതൃത്വം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കണം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് അങ്കമാലിയിൽ ചേരുന്ന ഉന്നതാധികാര സമിതിയോഗം സമരപരിപാടികൾ തീരുമാനിക്കുമെന്ന് ചെയർമാൻ ഡോ. എം.പി. ജോർജ് അറിയിച്ചു.
അനുസരിക്കാത്ത വൈദികർ രാജിവയ്‌ക്കണം
സഭാനിയമങ്ങൾ അനുസരിക്കാത്ത അതിരൂപതയിലെ വൈദികർ ഫാ. അഗസ്റ്റിൻ വട്ടോലിയെപ്പോലെ രാജിവയ്‌ക്കാൻ തന്റേടം കാണിക്കണമെന്ന് സംയുക്ത സഭാ സമിതി ആവശ്യപ്പെട്ടു.
തീവ്രനിലപാട് തുടരുന്ന അതിരൂപതയിലെ വൈദികർ രാജിവച്ച് പുറത്തുപോകേണ്ടിവരും. യോഗത്തിൽ ചെയർമാൻ മത്തായി മുതിരേന്തി അദ്ധ്യക്ഷനായി. വിത്സൻ വടക്കുഞ്ചേരി, കുര്യാക്കോസ് പഴയമഠം, ജോസഫ് അമ്പലത്തിങ്കൽ, ജോസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |