വാളയാർ: ജലസേചന വകുപ്പും മോട്ടോർ വാഹന വകുപ്പും സ്ഥലം വിട്ടു നൽകാൻ തയ്യാറാകാത്തത് മൂലം വാളയാർ ബസ് സ്റ്റാൻഡ് നിർമ്മാണം അനിശ്ചിതത്വത്തിലായി. പുതുശേരി പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ് വകുപ്പുകളുടെ നിസഹരണം മൂലം അട്ടിമറിക്കപ്പെടുന്നത്.
കേരള-തമിഴ്നാട് അതിർത്തിയിലെ പ്രധാന ജംഗ്ഷനാണെങ്കിലും വാളയാറിൽ ബസ് സ്റ്റാൻഡ് ഇല്ല. ജില്ലയിലെ ഇതര പ്രദേശങ്ങളിലെ ചെറു ഗ്രാമങ്ങളിൽ വരെ ബസ് സ്റ്റാൻഡുകൾ ഉയർന്നപ്പോളും വാളയാർ അവഗണിക്കപ്പെട്ടു. പുതുശേരി പഞ്ചായത്തിൽ നിലവിലെ ഭരണസമിതി അധികാരമേറ്റ ശേഷമാണ് ബസ് സ്റ്റാൻഡ് യാഥാർത്ഥ്യമാക്കാനുള്ള നടപടി ക്രമങ്ങൾ തുടങ്ങിയത്. കോയമ്പത്തൂർ-പാലക്കാട് ദേശീയപാതയിലൂടെ സർവ്വീസ് നടത്തുന്ന ബസുകൾ നിറുത്തിയിടാൻ സ്റ്റാൻഡും ഒപ്പം ഷോപ്പിംഗ് കോംപ്ലക്സും നിർമ്മിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ വാളയാർ ടൗണിൽ പഞ്ചായത്ത് വക സ്ഥലമില്ലെന്നതു പ്രധാന കടമ്പയായി. വാളയാർ ജംഗ്ഷനോട് ചേർന്നുള്ള മോട്ടോർ വാഹന വകുപ്പിന്റെ സ്ഥലം സ്റ്റാൻഡ് നിർമ്മാണത്തിന് അനുയോജ്യമെന്നു കണ്ടെത്തിയ പഞ്ചായത്ത് ഭരണ സമിതി സ്ഥലം വിട്ടുതരണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു. മോട്ടോർ വാഹന വകുപ്പിന് ചെക് പോസ്റ്റ് പ്രവർത്തിക്കേണ്ട സ്ഥലം മാത്രമെ ആവശ്യമുള്ളു. ബാക്കി സ്ഥലം വെറുതെ കിടക്കുകയാണ്. പക്ഷെ മോട്ടോർ വാഹന വകുപ്പ് സ്ഥലം നൽകാൻ തയ്യാറായില്ല. തുടർന്നാണ് ജലസേചന വകുപ്പിന്റെ സ്ഥലം ഏറ്റെടുക്കാൻ ശ്രമം തുടങ്ങിയത്. പുഴയോട് ചേർന്നുള്ള ഭാഗത്ത് ഭിത്തി കെട്ടുകയാണെങ്കിൽ ഇവിടെ ബസ് സ്റ്റാൻഡ് നിർമ്മിക്കാനാകുമെന്ന വിദഗ്ദ്ധ ഉപദേശവും പഞ്ചായത്തിന് ലഭിച്ചു. വാക്കാലുള്ള ചർച്ചകളിൽ ജലസേചന വകുപ്പ് പച്ചക്കൊടി കാട്ടിയതിനാൽ പഞ്ചായത്ത് സ്റ്റാൻഡ് നിർമ്മാണത്തിന് ഫണ്ട് വകയിരുത്തുകയും ചെയ്തു. പക്ഷെ സ്ഥലം പഞ്ചായത്തിന് കൈമാറാൻ നടപടികളൊന്നും ഉണ്ടായില്ല. വാളയാർ ഡാം ആഴം കൂട്ടൽ നടക്കുന്നതിനാൽ മണലും ചെളിയും ഇടാൻ സ്ഥലം ആവശ്യമാണ് എന്നതിനാൽ പഞ്ചായത്തിന് സ്ഥലം കൈമാറേണ്ടതില്ലെന്നതാണ് ജലസേചന വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. ഈ ഭരണ സമിതിയുടെ കാലയളവിൽ തന്നെ തറക്കല്ലിടൽ നടത്തി നിർമ്മാണം ആരംഭിക്കണമെന്ന പഞ്ചായത്തിന്റെ ഉദ്ദേശ്യം നടപ്പാകാത്ത സ്ഥിതിയാണ് നിലവിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |