കൊച്ചി: കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പിനായി സർക്കാർ ചെലവിട്ടത് 4.29 കോടി രൂപ. (4,29,12,118). 2016-17 മുതൽ ഈ വർഷം ജൂലായ് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. പേവിഷ പ്രതിരോധവാക്‌സിനും മറ്റുമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നൽകിയ 27 കോടി രൂപയിൽ നിന്ന് 4.29 കോടി ചെലവിട്ടാണ് വളർത്തുമൃഗങ്ങൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകിയത്. വളർത്തുമൃഗങ്ങളിൽ നിന്നുള്ള പേവിഷബാധ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. പേവിഷ, പക്ഷിപ്പനി പ്രതിരോധ വാക്‌സിനേഷനുകളാണ് അസ്‌കാഡ്‌സ് സ്‌കീമിൽ പ്രധാനം.
ജൂലായ് മാസത്തെ കണക്കുകൾ പ്രകാരം 680313 ഡോസ് ആന്റിറാബിസ് വാക്‌സിനാണ് സംസ്ഥാനത്തൊട്ടാകെ സ്‌റ്റോക്കുള്ളത്. തലസ്ഥാനത്താണ് ഏറ്റവും കൂടുതൽ. 1,27,400 ഡോസ്. 10,660 ഡോസ് ആന്റിറാബിസ് വാക്‌സിൻ മാത്രമുള്ള മലപ്പുറത്താണ് കുറവ് സ്റ്റോക്കുള്ളത്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.
വിഹിതവും നൽകി
ഈ ഒൻപത് വർഷത്തിനിടെ അസിസ്റ്റന്റ്സ് ടു സ്റ്റേറ്റ്‌സ് ഫോർ കൺട്രോൾ ഒഫ് അനിമൽ ഡിസീസിന് കേന്ദ്ര വിഹിതമായി മൃഗസംരക്ഷണ വകുപ്പിന് ലഭിച്ചത് 15,80,89,407രൂപയും സംസ്ഥാന വിഹിതമായി 11,37,62,579 രൂപയുമാണ് ലഭിച്ചത്. ഈ കാലയളവിൽ 42,03,390 ഡോസ് റാബിസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. ഇതിൽ ഏറ്റവും കൂടുതൽ വാങ്ങിയത് 2024-25 വർഷത്തിലും. 10ലക്ഷം.
അറ്റവും കൂടുതൽ വാക്സിൻ വാങ്ങിയത്... 2024-25 ൽ-(10 ലക്ഷം)
വാക്‌സിനുകൾ വാങ്ങിയത്......... ബയോംഡ്, ബ്രില്ല്യന്റ് ബയോ ഫാർമ, ഇന്ത്യൻ ഇമ്മ്യൂണോ ലോജിക്കൽസ് കമ്പനികളിൽ നിന്ന്
ഓരോ ജില്ലയിലുമുള്ള വാക്‌സിൻ സ്‌റ്റോക്ക്
* തിരുവനന്തപുരം: 127400 ഡോസ്
* കൊല്ലം: 23030
* പത്തനംതിട്ട: 52500
* ആലപ്പുഴ: 26900
* കോട്ടയം: 106000
* ഇടുക്കി: 57586
* എറണാകുളം: 78280
* തൃശൂർ: 65978
* പാലക്കാട്: 27960
* മലപ്പുറം: 10660
* കോഴിക്കോട്: 16000
* വയനാട്: 34184
* കണ്ണൂർ: 30015
* കാസർകോട്: 23820
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |