തിരുവനന്തപുരം : ഫിജി ദേശീയ ടീമിന്റെ നായകനും ഐ.എസ്.എല്ലിലെ ഗോളടി വീരനുമായ റോയ് കൃഷ്ണയെ സ്വന്തമാക്കി സൂപ്പർ ലീഗ് കേരള ഫുട്ബാൾ ക്ളബ് മലപ്പുറം എഫ്.സി. ഐ.എസ്.എല്ലിൽ എ.ടി.കെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്.സി, ഒഡീഷ എഫ്.സി തുടങ്ങിയ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് റോയ് കൃഷ്ണ.
ഓസ്‌ട്രേലിയൻ എ ലീഗിൽ നിന്ന് കൊൽക്കത്തൻ ക്ലബായ എ.ടി.കെ മോഹൻ ബഗാനിൽ എത്തിയ റോയ് കൃഷ്ണ 2019-20 (15 ഗോൾ , 6 അസിസ്റ്റ്), 2020-21 (14 ഗോൾ, 8 അസിസ്റ്റ്) സീസണുകളിൽ ഐ.എസ്.എൽ ടോപ് സ്‌കോററായിരുന്നു. 2021-22 സീസണിൽ ഏഴ് ഗോളും നാല് അസിസ്റ്റും നേടിയിട്ടുണ്ട്. 2019-20 സീസണിൽ ഐ.എസ്.എൽ കിരീടം നേടുകയും 2020-21 സീസണിൽ റണ്ണർഅപ്പാവുകയും ചെയ്തു. മോഹൻ ബഗാനു വേണ്ടി 71 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ നേടിയിട്ടുണ്ട്.
ബെംഗളൂരു എഫ്.സിക്കായി 2022-23 ഐ.എസ്.എൽ സീസണിൽ 22 മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളും അഞ്ച് അസിസ്റ്റും നേടി. ബെംഗളൂരുവിനൊപ്പം 2022ൽ ഡ്യൂറൻഡ് കപ്പ് നേടുകയും 2023ൽ സൂപ്പർ കപ്പിൽ റണ്ണറപ്പാകുകയും ചെയ്തു.
പിന്നീട് ഒഡിഷ എഫ്.സിയിലേക്ക് ചേക്കേറിയ താരം 2023-24 സീസണിൽ 13 ഗോളുകൾ നേടി ഒരു സീസണിൽ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. രണ്ട് സീസണുകളിലായി ഒഡിഷയ്ക്ക് വേണ്ടി ആകെ 47 മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നേടി.
ഇന്ത്യൻ വംശജനായ റോയ് കൃഷ്ണയ്ക്കു ന്യൂസിലൻഡ് പൗരത്വവുമുണ്ടെങ്കിലും ഫിജിയുടെ ദേശീയ ടീമിലാണ് കളിക്കുന്നത്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റേയും ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റേയും റെക്കാഡ് റോയ് കൃഷ്ണയുടെ പേരിലാണ്. 61 കളികളിൽ നിന്നും 44 ഗോളുകളാണ് ഫിജിക്കുവേണ്ടി റോയി നേടിയത്. ഫിജി ദേശീയ ടീമിനായി 50 മത്സരങ്ങൾ കളിച്ച ആദ്യ താരവുമാണ്.
മലപ്പുറം എഫ്.സി ഈ സീസണിൽ സ്വന്തമാക്കുന്ന ആറാമത്തെ വിദേശതാരമാണ് റോയ് കൃഷ്ണ. നേരത്തെ ഐറ്റർ അൽദലൂർ, ജോൺ കെന്നഡി, സെർജിയോ ഗോൺസാലസ്, ഫാകുണ്ടോ ബല്ലാർദോ, കമ്രോൺ തഴ്സനോവ് എന്നീ താരങ്ങളെ ടീമിലെത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |