കാളികാവ് : വാണിയമ്പലത്ത് റെയിൽവേ ഗേറ്റ് അടച്ചപ്പോഴുണ്ടായ ഗതാഗത കുരുക്കിൽ അംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് അടിയന്തര ചികിത്സ കിട്ടാതെ യുവാവ് മരിച്ച സംഭവത്തെ തുടർന്ന് റെയിൽവേ ഓവർ ബ്രിഡ്ജിനുള്ള ആവശ്യം ശക്തമാകുന്നു.
അടിയന്തര ചികിത്സ ലഭിക്കേണ്ട രോഗികളുമായെത്തുന്ന അംബുലൻസ് ഗേറ്റ് അടവിൽ പെടുന്നത് നിത്യസംഭവമാണ്. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഗേറ്റ് അടവിൽ പെട്ട് അടിയന്തര ചികിത്സ ലഭിക്കാതെ ഏമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചിരുന്നു.വർഷങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിൽ ജീവൻ പൊലിഞ്ഞവർ ഏറെയുണ്ട്.
2018ൽ രാജ്യത്ത് 33 ഓവർബ്രിഡ്ജുകൾക്കുള്ള അനുമതി റെയിൽവേ മന്ത്രാലയം നൽകിയതിൽ ഒന്ന് വാണിയമ്പലം മേൽപ്പാലമായിരുന്നു.ഏഴു വർഷം കഴിഞ്ഞിട്ടും ഓവർബ്രിഡ്ജിനുള്ള നടപടി പൂർത്തിയായിട്ടില്ല. വ്യാപാരികളുടെയും ബിൽഡിംഗ് ഓണർമാരുടെയും എതിർപ്പാണ് ഇതിനുള്ള പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. ഒരു ദിവസം 16 തവണയാണ് ഇവിടെ ഗേറ്റ് അടച്ചിടുന്നത്.രണ്ടു ട്രെയിനുകൾ ഒരേ സമയം പോകേണ്ട സമയത്ത് അടച്ചിടൽ സമയം ഇരുപത് മിനുട്ടിലധികം വരും. ഈ സമയം വണ്ടൂർ ഭാഗത്തും കാളികാവ് ഭാഗത്തുമായി രണ്ടു കിലോമീറ്ററോളം ദൂരം വാഹനങ്ങൾ കെട്ടിക്കിടക്കും.
മഞ്ചേരി, കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള നൂറ് കണക്കിനു ബസ്സുകളും ഗേറ്റ് അടവ് മൂലം പ്രതിസന്ധി നേരിടുന്നു. ഓവർബ്രിഡ്ജിനായുള്ള നടപടി വേഗത്തിലാക്കുന്നതിന് രാഷ്ട്രീയ നേതൃത്വം കാര്യമായ ഇടപെടലുകൾ നടത്തുന്നില്ലെന്ന പരാതി പരക്കെയുണ്ട്. മേൽപ്പാലത്തിനു വേണ്ടി നേരത്തെ സ്ഥല പരിശോധനയും മണ്ണു പരിശോധനയും നടത്തിയിരുന്നു. വാണിയമ്പലം മേൽപ്പാലത്തിനു അനുമതിയായ ശേഷം ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ കുലുക്കല്ലൂരിലും നിലമ്പൂരിലും അടിപ്പാതയുടെ നിർമ്മാണം പൂർത്തിയാകാറായി.
നിലമ്പൂർ റൂട്ടിൽ ട്രെയിനുകളുടെ എണ്ണം കൂടിയതോടെ ഗേറ്റ് അടയ്ക്കലുകളുടെ എണ്ണവും കൂടി.
ഇരു പുറത്തും റോഡുകളുടെ വീതി കുറവായതിനാൽ ഗതാഗതത്തിന് ഏറെ പ്രായാസമനുഭവിക്കുകയാണ്.
ഗതാഗതക്കുരുക്കിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾ കഴിഞ്ഞ ദിവസം വാണിയമ്പലത്ത് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |