എരുമേലി : ശബരിമല വികസനത്തിനായി ആരെന്ത് ചെയ്താലും പിന്തുണയ്ക്കുകയും സ്വാഗതം ചെയ്യുകയുമാണ് വേണ്ടതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എരുമേലി യൂണിയൻ സംഘടിപ്പിച്ച ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നുമാത്രമല്ല അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് ഭക്തർ എത്തുന്ന ശബരിമലയുടെ വികസനത്തോടെ നാടൊന്നാകെയാണ് വികസിക്കുക. വിമാനത്താവളവും, റെയിൽവേയും അടക്കം നിർദ്ദിഷ്ടപദ്ധതികൾ യാഥാർത്ഥ്യമാകുമ്പോൾ പുതിയ സംരംഭങ്ങളും ഇവിടെയുണ്ടാകണം. സംഗമത്തിന് ശേഷം ധാരാളം വിദേശപണം ഇവിടെയെത്താനുള്ള സാഹചര്യമുണ്ടാകും. എരുമേലിയും അടുത്തുള്ള പ്രദേശങ്ങളുംമെല്ലാം വികസിക്കും. എല്ലാത്തിനേയും രാഷ്ട്രീയ കണ്ണുകളോടെ എതിർക്കുന്നത് നല്ലതല്ല.
എസ്.എൻ.ഡി.പി യോഗം മുസ്ലിം സമുദായത്തിന് എതിരല്ല. മുസ്ലിംലീഗിനെതിരെ പറയുമ്പോൾ അത് മുസ്ലിമിനെതിരായി ചിത്രീകരിക്കുകയാണ്. യോഗം ജനറൽ സെക്രട്ടറിയുടെ കസേരയിലിരുന്ന് ആ കസേരയ്ക്ക് കളങ്കം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ല. താനൊരു മാങ്കൂട്ടത്തിൽ അല്ല. ഈ കസേരയിലിരുന്ന കുമാരനാശാനുപോലും അഴിമതി ആരോപണങ്ങൾ കേൽക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ ഒരുകൂട്ടർ മന്ത്രി വീണാ ജോർജിനെ വേട്ടയാടുകയാണ്. അവർ മികച്ച പ്രവർത്തനമാണ് ആരോഗ്യരംഗത്ത് കാഴ്ചവയ്ക്കുന്നത്. എന്നിട്ടും ഇഷ്ടമല്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നപോലെയാണ് മുൻ മാദ്ധ്യമപ്രവർത്തകകൂടിയായ മന്ത്രിയെ മാദ്ധ്യമപ്രവർത്തകരടക്കം വേട്ടയാടുന്നത്. ശബരിമലയിൽ സ്ത്രീപ്രവേശന പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല. ഇല്ലാത്തതൊന്നും കുത്തിപ്പൊക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപം തെളിച്ചു. യൂണിയൻ ചെയർമാൻ കെ.പത്മകുമാർ അദ്ധ്യക്ഷനായി. മന്ത്രി വീണാ ജോർജ്ജ് മുഖ്യാതിഥിയായി. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അവാർഡ് വിതരണം നടത്തി. യൂണിയൻ കൺവീനർ പി.എസ്.ബ്രഷ്‌നേവ് സ്വാഗതവും , യോഗം ബോർഡ് മെമ്പർ എം.വി.അജിത്കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |