തൃശൂർ: അറുതിയില്ലാതെ പെയ്ത മഴ ദേശീയപാത 544ന്റെ നിർമ്മാണം വൈകിപ്പിക്കുന്നു. ഇടപ്പള്ളി - കോയമ്പത്തൂർ ദേശീയപാതയിൽ ആലത്തൂർ മുതൽ മുരിങ്ങൂർ വരെയുള്ള ഭാഗത്ത് അപകടക്കെണിയായ ബ്ലാക്ക് സ്‌പോട്ടുകളിലെ മേൽപ്പാലം നിർമ്മാണമാണ് വൈകുന്നത്. 2025 ഡിസംബറിൽ പൂർത്തീകരിക്കേണ്ട പ്രവൃത്തി കഴിഞ്ഞ വർഷം മാർച്ചിലാണ് ആരംഭിച്ചത്. 18 മാസങ്ങൾക്കിടെ എട്ട് മാസം മഴയായതിനാൽ പത്തുമാസമേ പണി നടന്നിരുന്നുള്ളൂ.
സ്ട്രക്ചറിന്റെ കോൺക്രീറ്റിംഗ് മാത്രമാണ് പൂർത്തിയാക്കിയത്. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയ്ക്ക് ഇടയിലുള്ള ആമ്പല്ലൂർ, ചാലക്കുടി, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലും മണ്ണുത്തി - വടക്കഞ്ചേരി പാതയ്ക്കിടയിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലുമാണ് മേൽപ്പാലം നിർമ്മിക്കുന്നത്. വടക്കഞ്ചേരി - പാലക്കാട് ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംഗ്ഷൻ, കുഴൽമന്ദം, കാഴ്ചപ്പറമ്പ് എന്നിവിടങ്ങളിലും മേൽപ്പാലം നിർമ്മിക്കുന്നുണ്ട്. ഇടപ്പള്ളി- കോയമ്പത്തൂർ ദേശീയപാതയിൽ നിർമ്മിക്കുന്ന ഒമ്പത് മേൽപ്പാലങ്ങളും 2026 മൺസൂണിന് മുൻപ് മാത്രമേ പൂർത്തീകരിക്കാനാകൂവെന്നാണ് ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്.
ഇനി ബാക്കിയുള്ളത്
ചിറങ്ങര മേൽപ്പാലത്തിന്റെ ഒഴികെ ബാക്കി എട്ട് പ്രവൃത്തികളുടെയും സ്ട്രക്ചർ നിർമ്മാണം പൂർത്തിയായി. സ്ട്രക്ചറിൽ ഓരോ അടുക്കായി മണ്ണ് നിറയ്ക്കുന്ന പ്രവൃത്തികളാണ് അടുത്തത്. ഇത് കഴിഞ്ഞാൽ മേൽപ്പാലത്തിൽ റോഡ് നിർമ്മാണം നടക്കും. അതോടൊപ്പം കൈവരി നിർമ്മാണം, തെരുവ് വിളക്ക് സ്ഥാപിക്കൽ എന്നിവ കൂടി ബാക്കിയുണ്ട്.
ചിറങ്ങരയിൽ വൈകും
കൊരട്ടി ചിറങ്ങരയിൽ മേൽപ്പാലം നിർമ്മാണം വൈകും. വ്യാപാരികളുടെ പ്രതിഷേധവും നിസഹകരണവും മൂലം ഡിസൈൻ മാറ്റേണ്ടിവന്നതും മറ്റുമാണ് വൈകലിന് പിന്നിൽ. അടുത്ത മഴക്കാലത്തിന് മുൻപ് പരമാവധി പണികൾ തീർക്കുകയാണ് ദേശീയപാതാ അതോറിറ്റിയുടെ ലക്ഷ്യമെന്ന് പ്രൊജക്ട് ഡയറക്ടർ അൻസിൽ ഹസൻ കേരള കൗമുദിയോട് വിശദീകരിച്ചു.
നീട്ടേണ്ടി വരുമോ ടോൾ ?
സർവീസ് റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിനാൽ ടോൾപിരിവ് നിറുത്തിവച്ചത് മൂലം അധികസമയം നീട്ടി നൽകുമെന്ന് ആശങ്ക. 2028ൽ അവസാനിക്കേണ്ട ടോൾപിരിവ് നിറുത്തിവച്ച കാലയളവ് കൂടി കരാർ കമ്പനിക്ക് അധികം അനുവദിക്കുമെന്നാണ് ആശങ്ക. ഇതുമൂലം 2028ന് ശേഷവും പിരിക്കേണ്ടി വരുമെന്നതാണ് സ്ഥിതി. ഫലത്തിൽ കൂടുതൽ തുക പിരിച്ചെടുക്കാൻ കരാർ കമ്പനിക്ക് അവസരമൊരുങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |