ആലപ്പുഴ: പൂക്കളംകളറാക്കാൻ പൂക്കടകളൊരുങ്ങി. തിരുവോണത്തിന് ഒരുദിവസം മാത്രം ശേഷിക്കെ ഓണാഘോഷത്തിന്റെ പകിട്ടറിയിച്ച് വിവിധ വർണങ്ങളിലുള്ള പൂക്കളുടെ കൂമ്പാരമാണെങ്ങും. മഞ്ഞയും ഓറഞ്ചും റോസും ചുവപ്പും നിറങ്ങളിൽ നീരാടുകയാണ് പൂക്കടകൾ. വില കുത്തനെ ഉയർന്നെങ്കിലും ആവശ്യക്കാർക്ക് കുറവൊന്നുമില്ല. ഓണാഘോഷം അവസാന ഘട്ടത്തിലേക്ക് നീങ്ങവേ ക്ളബ്ബുകളുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ പൂക്കള മത്സരങ്ങൾക്ക് വീറേറിയതോടെ വരും മണിക്കൂറുകളിൽ കച്ചവടം പൊടിപൊടിക്കും. ഓണത്തിനൊപ്പം വിവാഹ സീസൺകൂടിയായതിനാൽ മുല്ലപ്പൂവിന് ഇപ്പോൾ സ്വർണത്തിന്റെ മാറ്റാണ്. ആവശ്യമനുസരിച്ച് വില കൂടുമെങ്കിലും നഗരത്തിൽ ഇന്നലെ പലയിടത്തും മുല്ലപ്പൂവിന് പല വിലയായിരുന്നു. നിലവാരത്തിനും തരത്തിനും അനുസരിച്ചു വില മാറുമെന്നാണ് കച്ചവടക്കാരുടെ നിലപാട്. ഒരു മുഴം മുല്ലപ്പൂവിന് 100 രൂപവരെ വന്നതാണ് ഈസീസണിലെ ഉയർന്ന വില. പിച്ചിപ്പൂവാണ് വിലയിൽ രണ്ടാമത്. പിച്ചി, റോസ് ട്യൂബ്, റോസ്, അരളി, നന്ത്യാർവട്ടം, വാടാമുല്ല, ജമന്തി, ചെണ്ടുമല്ലി തുടങ്ങിയവയും വിപണിയിലുണ്ട്. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലിക്കാണ് കൂടുതൽ ഡിമാൻഡ്.
നാട്ടുപൂക്കൾക്കും നല്ല ഡിമാൻഡ്
മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും നമ്മുടെ നാട്ടിൽ തന്നെ വിളവെടുത്ത പൂക്കൾക്കും നല്ല ഡിമാന്റുണ്ട്. പ്രതികൂല കാലാവസ്ഥ ചിലയിടങ്ങളിൽ പൂക്കൃഷിക്ക് തടസമായെങ്കിലും കൃത്യമായ പരിചരണം നൽകിയ ഇടത്തെല്ലാം കൂട നിറഞ്ഞുപൂവുണ്ട്. ഹുസൂർ, ശങ്കരൻകോവിൽ, തോവാള, കോയമ്പത്തൂർ, ബംഗളൂരു, ദിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇത്തവണയും ജില്ലയിലേക്ക് അധികവും പൂക്കളെത്തിയത്. നേരിട്ട് കൊണ്ടുവരുന്നവരും ഏജൻസി വഴി എത്തിക്കുന്നവരുമുണ്ട്. ദിവസവും രാവിലെയും ഉച്ചയ്ക്കും പൂക്കളെത്തും. നഗരവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് തന്നെ നൂറോളം പൂക്കടകൾ സജീവമാണ്.
ഓണാഘോഷവും വിനായക ചതുർത്ഥിയും ഒന്നിച്ചെത്തിയതാണ് പൂക്കളുടെ വില കുതിച്ചുയരാൻ കാരണം. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ വിനായക ചതുർത്ഥി സമയത്ത് പൂക്കൾക്ക് ആവശ്യക്കാരേറും. ഇതാണ് പൂക്കളുടെ വില ഇത്ര ഉയരാൻ കാരണം. വിനായക ചതുർത്ഥി കഴിഞ്ഞതോടെ പൂവിപണിയിൽ നേരിയ വിലക്കുറവുണ്ടായെങ്കിലും തിരുവോണമായതോടെ വില സ്ഥിരത ഇല്ലാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |