SignIn
Kerala Kaumudi Online
Monday, 22 September 2025 12.17 AM IST

പൊറുക്കാനാവാത്ത മറവി

Increase Font Size Decrease Font Size Print Page
br

കേരള രാജ്ഭവനിൽ ഭാരത മാതാവിന്റെ ചിത്രം സ്ഥാപിച്ചത് വലിയ വിവാദമുയർത്തിയിരുന്നു. അക്കാരണത്താൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർക്കെതിരെ വമ്പിച്ച പ്രക്ഷോഭവും നടന്നു. ഭാരതാംബയുടെ ചിത്രം മാത്രമല്ല രാജ്ഭവനിലുള്ളത്. ശ്രീനാരായണ ഗുരുദേവന്റെയും ശ്രീ ചട്ടമ്പിസ്വാമികളുടെയും സ്വാമി വിവേകാനന്ദന്റെയും മറ്റും ചിത്രങ്ങളും രാജ്ഭവനിലെ സ്വീകരണമുറിയുടെ ചുവരുകളിൽ സ്ഥാപിച്ചിട്ടുണ്ട്. രാഷ്‌ട്രപതി മുർമ്മുവിന്റെയും പ്രധാന മന്ത്രി മോദിയുടെയും ചിത്രങ്ങൾ, മറ്റെല്ലാ രാജ്ഭവനുകളിലുമെന്നതു പോലെ അവിടെയുണ്ട്.

ശ്രദ്ധേയമായ ഒരു ചിത്രം കൂടി അധികം വൈകാതെ രാജ്ഭവനെ അലങ്കരിക്കും. ഭരണഘടനാ ശില്പി ഭീം റാവു അംബേദ്കറുടേതാണ് ഗവർണറുടെ ആസ്ഥാനത്ത് പുതിയതായി ഇടംപിടിക്കാനിരിക്കുന്ന ചിത്രം. ഈ പുതിയ ചിത്രം എന്തായാലും വിവാദത്തിനിടയാക്കില്ലെന്ന് പ്രത്യാശിക്കാം. ഇന്ന് എല്ലാവരും, കക്ഷി വ്യത്യാസമില്ലാതെ, സ്ഥാനത്തും അസ്ഥാനത്തും അംബേദ്കറെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഭരണഘടനയെയും പിടിച്ചാണല്ലോ ആണയിടുന്നത്. ഭരണഘടനയെ 'ഓരോ ഭാരതീയന്റെയും വിശുദ്ധ ഗ്രന്ഥം" എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. പ്രതിപക്ഷത്ത് രാഹുൽ ഗാന്ധിയാവട്ടെ,​ ഇന്ത്യൻ ഭരണഘടനയുടെ ഒരു പ്രതി ഉയർത്തിപ്പിടിച്ചു കൊണ്ടാണ് പലപ്പോഴും പാർലമെന്റിലും മറ്റും സംസാരിക്കുന്നത്. ഈയിടെ ഭാരതാംബ വിഷയത്തിൽ നടപടിക്ക് വിധേയനായ കേരള സർവകലാശാലാ രജിസ്ട്രാറെ ഇടതുപക്ഷ വിദ്യാർഥി സംഘടനാ പ്രവർത്തകർ അനുമോദിച്ച് സർവകലാശലാ വളപ്പിലേക്ക് ആനയിച്ചത് അദ്ദേഹത്തിന് ഭരണഘടനയുടെ കോപ്പി നൽകിക്കൊണ്ടാണ്.

അംബേദ്കറുടെ ഒരു പൂർണകായ ചിത്രമാണ് രാജ്ഭവനിൽ തയ്യാറാക്കിയിട്ടുള്ളത്. അത് ഔപചാരികമായി സ്ഥാപിക്കാനായി പരമോന്നത നീതിപീഠത്തിലെ മുഖ്യ ന്യായാധിപനെ ക്ഷണിച്ചും കഴിഞ്ഞു. കേരള രാജ്ഭവനിൽ കുറച്ചുകാലം ചിലവഴിക്കാനിടയായ വ്യക്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ബി. ആർ. ഗവായ്. ഭൂഷൺ രാമകൃഷ്ണ ഗവായിയുടെ പിതാവ് ആർ.എസ്. ഗവായ് കേരളത്തിൽ ഗവർണർ ആയിരുന്നു- 2008 ജൂലായ് മുതൽ 2011 സെപ്റ്റംബർ വരെ. ദാദാ സാഹിബ് ഗവായ് എന്നറിയപ്പെട്ടിരുന്ന അദ്ദേഹം അംബേദ്കർ പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാപകനും കൂടിയായിരുന്നു.

ജസ്റ്റിസ്‌ ഗവായിയുടെ സൗകര്യം പരിഗണിച്ചാവും അംബേദ്കറിന്റെ ചിത്രം രാജ്ഭവനിൽ ഔപചാരികമായി അനാച്ഛാദനം ചെയ്യപ്പെടുക. ഇക്കാര്യം ഗവർണർ ആർലേക്കാർ തന്നെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും അദ്ദേഹത്തെ രാജ്ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. അംബേദ്‌കറിന്റെ ചിത്രം കൂടാതെ മുൻ രാഷ്‌ട്രപതി കെ. ആർ. നാരായണന്റെ പ്രതിമയും രാജ്ഭവന്റെ പൂമുറ്റത്ത് തയ്യാറായിട്ടുണ്ട്. അത് അനാച്ഛാദനം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇത് ആരിഫ് മുഹമ്മദ്‌ ഖാൻ കേരള ഗവർണർ ആയിരിക്കെ പണി തീർത്തതാണ്. അംബേദ്കറുടെ ചിത്രം വേണമെന്ന തീരുമാനം ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര ആർലേക്കറുടെതാണ്. അംബേദ്‌കറോട് അളവറ്റ ആദരവാണ് ആർലേക്കർജിക്ക്. രാജ്ഭവനിൽ ഭരണഘടനാ ശില്പിയുടെ ഒരു ചിത്രം പോലും ഇല്ലെന്നത് വല്ലാത്ത പോരായ്മയായി ഗവർണർ കാണുന്നു.

അംബേദ്കർ ചിത്രം ഇപ്പോൾ കേരള രാജ്ഭവനിൽ സ്ഥാപിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് എന്നു പറയാം. ഭീം റാവുജി കേരളം സന്ദർശിച്ചതിന്റെ എഴുപത്തഞ്ചാം വർഷമാണിത്. കേരള സന്ദർശനം എന്നു പറയുന്നത് ഒരു പക്ഷെ ശരിയാവില്ല. അദ്ദേഹം ഇവിടെ വന്നത് 1950-ൽ ആയിരുന്നു. അന്ന് കേരള സംസ്ഥാനം രൂപീകൃതമായിട്ടില്ല. തിരു- കൊച്ചിയിലാണ് അംബേദ്കർ വന്നത്. പക്ഷെ തിരുവനന്തപുരത്തു തന്നെ. 1950 ജൂൺ എട്ടിന് എത്തി, അടുത്ത ദിവസം മടങ്ങിപ്പോവുകയും ചെയ്തു. അന്നത്തെ സിലോണിലെ (ഇന്ന് ശ്രീലങ്ക) സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് പത്നീസമേതം അംബേദ്കർ തിരുവനന്തപുരത്തെത്തിയത്. അന്ന് കേന്ദ്ര നിയമ മന്ത്രിയാണ് അദ്ദേഹം.

സംസ്ഥാനത്തിന്റെ അതിഥിയായി എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ മുഖ്യമന്ത്രി ടി.കെ. നാരായണ പിള്ള, മന്ത്രി എ.ജെ. ജോൺ, സ്പീക്കർ ടി.എം. വർഗീസ്, കെ.പി.സി.സി അദ്ധ്യക്ഷൻ സി. കേശവൻ തുടങ്ങിയ അന്നത്തെ രാഷ്ട്രീയ അതികായന്മാരാണത്രേ എത്തിയത്. തിരു- കൊച്ചി നിയമസഭയെ അദ്ദേഹം അഭിസംബോധന ചെയ്തു. ഭാരതത്തിന്റെ ഭരണഘടനയെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അക്കാലത്തെ പത്ര റിപ്പോർട്ടുകൾ പറയുന്നത് അംബേദ്കർ സംസാരിച്ച വിഷയം 'ഭരണഘടനാപരമായ ധർമ്മാനുഷ്ഠാനങ്ങൾ" എന്നതാണെന്നാണ്. അംബേദ്‌കറുടെ തിരുവനന്തപുരം പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ 'അംബേദ്കർ: ജീവിതവും ദൗത്യവും" എന്ന ജീവചരിത്രഗ്രന്ഥത്തിൽ ധനഞ്ജയ് കീർ ഉദ്ധരിച്ചിട്ടുണ്ട്.

'ഭരണഘടനാപരമായ ധാർമ്മികതയ്ക്ക് ഭരണഘടനയെക്കാൾ വളരെയേറെ പ്രാധാന്യമുണ്ട്. ജനാധിപത്യം ഇന്ത്യയിൽ വിജയിക്കണമെങ്കിൽ ജനങ്ങളും സർക്കാരും ചില ധാർമ്മികതകളോ കീഴ്‌വഴക്കങ്ങളോ പാലിച്ചേ മതിയാവൂ."- തിരു- കൊച്ചി സഭയിലെ പ്രസംഗത്തിൽ അംബേദ്കർ പ്രസ്താവിച്ചതായി ധനഞ്ജയ്‌ കീർ രേഖപ്പെടുത്തുന്നു. ഭരണത്തിൽ നിഷ്പക്ഷത പാലിക്കുന്നതിനെപ്പറ്റി അംബേദ്കർ പറഞ്ഞത്,​ 'ഭരണം കൈയാളുന്ന കക്ഷി പ്രത്യേക ഉപകാരങ്ങൾ ചെയ്തു കൊടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ഇന്ത്യയിൽ നിരവധിയുണ്ട്" എന്നാണ്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി, അക്കൗണ്ടന്റ് ജനറൽ എന്നിവർക്കു പുറമെ ചില ഹിന്ദു നേതാക്കളുമായി അദ്ദേഹം കൂടിയാലോചനകൾ നടത്തി. പാർലമെന്റിൽ അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഹിന്ദു കോഡ് ബിൽ സംബന്ധിച്ചായിരുന്നു ചർച്ച. തിരു- കൊച്ചി, മലബാർ പ്രദേശങ്ങളെയും ഇവിടങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ച്‌ അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു; ശക്തമായ നിലപാടും. തിരുവിതാംകൂറിലെ വൈക്കം സത്യഗ്രഹം, മതപരിവർത്തനം, മരുമക്കത്തായം, ക്ഷേത്രപ്രവേശന വിളംബരം, മലബാറിലെ മാപ്പിള ലഹള എന്നിവയെക്കുറിച്ചൊക്കെ അദ്ദേഹത്തിന് നല്ല കാഴ്ചപ്പാടും നിലപാടും ഉണ്ടായിരുന്നു. പല അവസരങ്ങളിൽ അവ പ്രകടിപ്പിച്ചിട്ടുമുണ്ട്.

ഇത് അംബേദ്കറുടെ കേരള സന്ദർശനത്തിന്റെ വജ്ര ജൂബിലി വർഷം ആയതുകൊണ്ടുകൂടി ഛായാചിത്രത്തിന്റെ അനാച്ഛാദനത്തിന് പ്രത്യേക പ്രസക്തിയുണ്ടെന്ന് സൂചിപ്പിച്ചല്ലോ. പക്ഷെ, ഈ എഴുപത്തഞ്ചാം വാർഷികം അധികാര സ്ഥാനങ്ങളിൽ ഉള്ളവരും അവശ്യം അറിയേണ്ടവരും അറിഞ്ഞില്ല എന്നത് എഴുതാതെ വയ്യ. ചെറായി രാമദാസ് നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് സന്ദർശനം സംബന്ധിച്ച് ചില കാര്യങ്ങൾ അടുത്തിടെ പുറത്തുവന്നതും ഏതാനും ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിച്ചതും. അതൊഴിച്ചാൽ വാഴ്ത്തപ്പെടാതെ, ആഘോഷിക്കപ്പെടാതെ പോയി,​ അംബേദ്‌കറുടെ സന്ദർശനത്തിന്റെയും പ്രസംഗത്തിന്റെയും എഴുപത്തഞ്ചാമാണ്ട്.

1950 ജൂൺ മാസത്തിലാണല്ലോ അദ്ദേഹം വന്നത്. ഈ വർഷം ജൂൺ കഴിഞ്ഞ് മൂന്നുമാസം പിന്നിടുമ്പോഴും പ്രബുദ്ധ കേരളത്തിൽ ആ സ്മരണ പുതുക്കാനുള്ള പദ്ധതിയോ പരിപാടിയോ യാതൊന്നും ആരുടെ ആഭിമുഖ്യത്തിലും ഉള്ളതായി അറിവില്ല. മറവി മൂലമാണോ മന:പൂർവമാണോ അംബേദ്കറുടെ സന്ദർശനത്തിന്റെ വജ്രജൂബിലി കേരളം അവഗണിച്ചത് എന്നത് ചിന്തിക്കേണ്ടത്തും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. എന്തായാലും ആ മറവി പൊറുക്കാനാവാത്തതാണ്.

TAGS: AMBEDHKKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.