കോലഞ്ചേരി: കൃഷി വകുപ്പിന്റെ ഓണച്ചന്തയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഭക്ഷ്യോത്പന്നം വിൽക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് വേണമെന്ന വാദമുയർത്തിയാണ് ഐക്കരനാട് പഞ്ചായത്ത് കൃഷിഭവൻ കടയിരുപ്പിൽ നടത്തിയ കാർഷിക വിപണിക്ക് ഭക്ഷ്യ വകുപ്പ് നോട്ടീസ് നൽകിയത്.
കോലഞ്ചേരി തോന്നിക്കയിൽ കുടുംബശ്രീ യൂണിറ്റിന്റെ സ്റ്റാളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടന്നു. കുന്നത്തുനാട് മണ്ഡലത്തിൽ മറ്റൊരിടത്തും ഇത്തരം പരിശോധന നടന്നിട്ടില്ലെന്നാണ് അറിയുന്നത്.
സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിൽ. പരിശോധന സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനില്ലെന്നാണ് കൃഷി വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും മറുപടി. ഉന്നത തലത്തിലുള്ള ഇടപെടലിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് ചന്തയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന വിവരം.
രണ്ടിടത്തെ നോട്ടീസിനും ഉദ്യോഗസ്ഥർ മറുപടി നൽകിയിട്ടില്ല. നോട്ടീസ് ലഭിച്ചെങ്കിലും ചന്തയുടെ പ്രവർത്തനത്തെ ബാധിച്ചില്ല. ഇന്നലെ കൃഷി വകുപ്പിന്റെ ചന്ത സമാപിച്ചു. കുടംബശ്രീ സ്റ്റാൾ ഇന്നും പ്രവർത്തിക്കും.
സംസ്ഥാനത്തെമ്പാടും ഓണക്കാലത്തെ പച്ചക്കറിയുടെ കൊള്ളവില തടയാനാണ് കൃഷി വകുപ്പ് ഓണച്ചന്ത തുടങ്ങുന്നത്. അതത് മേഖലയിലെ കൃഷിക്കാർക്ക് ന്യായവില നൽകി ശേഖരിക്കുന്ന ഉത്പന്നങ്ങളും പൊതു വിപണിയിൽ നിന്നു ശേഖരിക്കുന്ന പച്ചക്കറികളും കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന ഭക്ഷ്യോത്പന്നങ്ങളുമാണ് വിപണി വിലയെക്കാൾ കുറച്ച് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
രണ്ടിടങ്ങളിൽ നോട്ടീസ്
1. ഓണച്ചന്തയിലെ ഭക്ഷ്യോത്പന്നങ്ങൾക്ക് ലൈസൻസ് ഇല്ലെന്ന് ആരോപിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് കൃഷിഭവന് നോട്ടീസ് നൽകി. കൃഷി ഓഫീസർ ഇതിന് മറുപടി നൽകേണ്ടതുണ്ട്.
2. ചന്തയിൽ സ്റ്റാൾ സ്ഥാപിച്ച കോലഞ്ചേരിയിലെ കുടുംബശ്രീ യൂണിറ്റിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഉപയോഗിച്ച ത്രാസ് യഥാസമയം പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |