കഴിഞ്ഞ വർഷത്തേക്കാൾ രണ്ടു കോടിയുടെ അധിക വില്പന
കൊല്ലം: ജില്ലയിൽ ഓണക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ. 30.79 കോടിയുടെ കച്ചവടമാണ് കഴിഞ്ഞ മാസം നടന്നത്.
സപ്ലൈകോ കൊല്ലം താലൂക്ക് ഡിപ്പോ പരിധിയിൽ കഴിഞ്ഞ വർഷത്തെക്കാൾ ഏകദേശം രണ്ട് കോടിയുടെ അധിക വില്പന ഈ ആഗസ്റ്റിൽ നടന്നു. കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിൽ ശരാശരി 1.5 കോടിയുടെ വർദ്ധനവ് കഴിഞ്ഞ ആഗസ്റ്റിലേതിനെക്കാൾ ഉണ്ടായി. സബ്സിഡി സാധനങ്ങൾ സുലഭമായി ലഭ്യമായതും സെപ്തംബർ മാസത്തെ സബ്സിഡി സാധനങ്ങൾ കൂടി ആഗസ്റ്റിൽ വിതരണം ചെയ്തതുമാണ് വില്പനയിൽ വലിയ വർദ്ധനവുണ്ടാകാൻ കാരണം. കഴിഞ്ഞ മാസത്തിന്റെ അവസാന രണ്ടാഴ്ചകളിലാണ് കച്ചവടം കൊഴുത്തത്. എല്ലാ ഔട്ട്ലെറ്റുകളിലും ഓണം ഫെയറുകളിലും ഉപഭോക്താക്കളുടെ വൻ തിരക്കുണ്ട്.
ജില്ലാ ഓണം ഫെയറിലും റെക്കാഡ്
ആശ്രാമത്ത് നടക്കുന്ന സപ്ലൈകോ ജില്ലാ ഓണം ഫെയറിലും ഇത്തവണ റെക്കാഡ് വില്പനയാണ്. കഴിഞ്ഞ വർഷം 55 ലക്ഷം രൂപയുടെ വില്പനയാണ് ആകെ നടന്നത്. ഈ വർഷം ഇന്നലെ വരെ 40 ലക്ഷം രൂപയുടെ വില്പനയുണ്ടായി. ഈ വർഷം എല്ലാ ദിവസവും ശരാശരി 6 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നുണ്ട്. ഇനി നാല് ദിവസം കൂടി ഉള്ളതിനാൽ ജില്ലാ ഫെയറിലെ ആകെ വില്പന 60 ലക്ഷം കടക്കും.
ശബരിയാണ് താരം
എല്ലാ ഔട്ട്ലെറ്റുകളിലും ഏറ്റവുമധികം വിറ്റുപോകുന്നത് ശബരി വെളിച്ചെണ്ണയാണ്. സബ്സിഡി സഹിതം ഒരു കിലോ വെളിച്ചെണ്ണ 339 രൂപയ്ക്കാണ് വിൽക്കുന്നത്.
സപ്ലൈകോ ഡിപ്പോകളും ആഗസ്റ്റിലെ വരുമാനവും
കൊല്ലം- 10 കോടി
കൊട്ടാരക്കര- 8.3 കോടി
പുനലൂർ- 6.24 കോടി
കരുനാഗപ്പള്ളി- 6.25 കോടി
സബ്സിഡി സാധനങ്ങളെല്ലാം ലഭ്യമായാതാണ് വില്പന ഉയർന്നതിന്റെ പ്രധാന കാരണം. വെളിച്ചെണ്ണ വില പൊതുവിപണയിൽ കുത്തനെ ഉയർന്നുനിൽക്കെ സപ്ലൈകോയിൽ 339 രൂപയ്ക്ക് ലഭിക്കുന്നതും ജനങ്ങൾ കൂട്ടത്തോടെ എത്താൻ കാരണമായിട്ടുണ്ട്
സപ്ലൈകോ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |