മഹേന്ദ്ര ഥാർ കൊണ്ട് ബൈക്ക് ഇടിച്ചിട്ട് മൂന്ന് കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു
കൊല്ലം: തീരദേശ റോഡിനെ വിറപ്പിച്ച് മദ്യലഹരിയിൽ മദ്ധ്യവയസ്കനായ പ്രവാസിയുടെ പരാക്രമം. റോഡിലൂടെ വരികയായിരുന്ന ബൈക്ക് മഹേന്ദ്ര ഥാർ ജീപ്പുകൊണ്ട് ഇടിച്ചിട്ട കൊല്ലം തങ്കശ്ശേരി സ്വദേശിയായ പ്രവാസി മൂന്ന് കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു. അടിയുലഞ്ഞ് വരുന്ന വാഹനം കണ്ട പാടെ ചാടി രക്ഷപ്പെട്ടത് കൊണ്ടാണ് ബൈക്ക് യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 9 ഓടെ കൊല്ലം ബീച്ചിനടുത്ത് കൊടിമരത്തിന് സമീപമായിരുന്നു സംഭവങ്ങളുടെ തുടക്കം. ചിന്നക്കടയിൽ നിന്നും തങ്കശ്ശേരിയിലേക്ക് തീരദേശ റോഡിലൂടെ വരികയായിരുന്നു പ്രവാസി ഓടിച്ചിരുന്ന മഹേന്ദ്ര ഥാർ. ഇതിനിടെ കൊടിമരം ജംഗ്ഷനടുത്ത് വച്ച് അതേ ദിശയിൽ സഞ്ചരിച്ച ബൈക്കിൽ ആദ്യം വാഹനം തട്ടി. തുടർന്ന് ബൈക്ക് യാത്രക്കാരും ഇയാളും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്തുടർന്നെത്തിയ ബൈക്ക് യാത്രികനെ പ്രവാസി വാഹനത്തിൽ നിന്നിറങ്ങി നടുറോഡിൽ വച്ച് മർദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരുമായി വാക്കുതർക്കമായി. കൂടുതൽ ജനങ്ങൾ തടിച്ചൂകൂടിയതോടെ പ്രവാസി സംഭവസ്ഥലത്തു നിന്നും വാഹനത്തിൽ രക്ഷപ്പെട്ടു. കൊല്ലം പോർട്ടിന് അടുത്തുള്ള ഗലീലിയോ കോളനിക്ക് സമീപച്ച് വച്ച് അതുവഴി വന്ന ബൈക്ക് ഇടിച്ചുവീഴ്ത്തി.
വാഹനത്തിന് മുന്നിൽ കുടുങ്ങിയ ബൈക്കുമായി ഏകദ്ദേശം മൂന്ന് കിലോമീറ്ററോളം മുന്നോട്ട് പോയി. നാട്ടുകാർ ബഹളം വച്ച് കൊണ്ട് പിന്നാലെ കൂടിയെങ്കിലും പ്രവാസി വാഹനം നിറുത്തിയില്ല. ഇൻഫന്റ് ജീസസ് സ്കൂളിന് സമീപത്തെ വളവെത്തിയപ്പോൾ വാഹനത്തിന് തകരാർ സംഭവിച്ചു. ഇതിനിടെ സംഭവസ്ഥലത്തെത്തിയ പള്ളിത്തോട്ടം പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു. തുടർന്ന് റിക്കവറി വാഹനം എത്തിച്ച് ബൈക്കിൽ നിന്നും പ്രവാസി ഓടിച്ചിരുന്ന വാഹനം വേർപെടുത്തി. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
സ്റ്റേഷനിൽ വച്ച് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ബൈക്കിന് സംഭവിച്ച കേടുപാടുകൾക്കുള്ള നഷ്ടപരിഹാരം നൽകാമെന്ന് പ്രവാസി ഉറപ്പുനൽകിയതിനാൽ ബൈക്ക് യാത്രികൻ പരാതി നൽകിയില്ല. എന്നാൽ മെഡിക്കൽ പരിശോധനയിൽ പ്രവാസി മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായി. അതുകൊണ്ട് തന്നെ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതിന് പള്ളിത്തോട്ടം പൊലീസ് പ്രവാസിക്കെതിരെ കേസെടുത്തു. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എയർപോർട്ടിൽ നിന്നും പ്രവാസി വരികയായിരുന്ന വാഹനത്തിനുള്ളിൽ ഒരു സ്ത്രീയും യുവാവും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |