ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ രണ്ട് മുതൽ നാലുവരെ സ്ഥാനങ്ങളിലെ ഫല പ്രഖ്യാപനത്തിന് ജൂറി ഒഫ് അപ്പീൽ ചേരണം. ഫൈനലിൽ മത്സരിച്ച് ഒന്നാം സ്ഥാനത്തെത്തിയ വീയപുരം ചുണ്ടെനാഴികെ മറ്റ് മൂന്ന് ചുണ്ടൻ വള്ളങ്ങൾക്കെതിരെയും മത്സരദിനത്തിൽ തന്നെ രേഖാമൂലം പരാതികൾ ലഭിച്ചിരുന്നു. ഇതോടെയാണ് മത്സരഫലം തടഞ്ഞത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം, നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ എന്നിവയാണ് ഫൈനിലുണ്ടായിരുന്നത്. നിയമത്തിന് വിരുദ്ധമായി അന്യസംസ്ഥാന തുഴച്ചിൽകാരെ 50 ശതമാനത്തിൽ കൂടുതലായി ഉൾപ്പെടുത്തിയെന്നാണ് പരാതി. ഓണത്തിന് ശേഷം മാത്രമേ ജൂറി ഒഫ് അപ്പീൽ യോഗം ചേർന്ന് പരാതികൾ പരിശോധിക്കൂ. ആദ്യം ഒബ്സർവർ, ചീഫ് സ്റ്റാർട്ടർ, അമ്പയർ എന്നിവരുടെ റിപ്പോർട്ടുകൾ ലഭിക്കേണ്ടതുണ്ട്.എ.ഡി.എം ചെയർമാനായ അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന ജൂറി റിപ്പോർട്ടുകളും വീഡിയോ ദൃശ്യങ്ങളും പരിശോധിക്കും. മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സരത്തിൽ പങ്കെടുത്തതെന്നും വ്യാജ പരാതികളിൽ ട്രോഫി തടഞ്ഞു വയ്ക്കരുതെന്നും ആവശ്യപ്പെട്ട് പുന്നമട ബോട്ട് ക്ലബ് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ഇതുവരെ പത്തിലേറെ പരാതികളാണ് ജൂറി ഓഫ് അപ്പീലിന് മുന്നിലെത്തിയത്. അന്തിമ വിധി പ്രഖ്യാപിക്കുന്നതിന് നിയപരമായി ഒരു മാസത്തെ
സമയമുണ്ട്. നെഹ്റുട്രോഫിയിൽ കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്ത ഒമ്പത്
വള്ളങ്ങളാണ് സി.ബി.എല്ലിൽ പങ്കെടുക്കുക. പരാതികളിൽ തീരുമാനം വൈകിയാൽ
ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തെ ബാധിക്കുമോ എന്നാണ് ആശങ്ക. വള്ളങ്ങൾക്കുള്ള ബോണസ് വിതരണത്തെയും ഇത് ബാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |