തിരൂർ: തിരൂർ -ചമ്രവട്ടം റോഡിലെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. ആലിങ്ങൽ മുതൽ ചമ്രവട്ടം ശാസ്ത എ.യു.പി സ്കൂൾ വരെയുള്ള രണ്ടര കിലോമീറ്റർ റോഡാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. അഞ്ചുകോടി രൂപയ്ക്കാണ് ആദ്യഘട്ടത്തിന്റെ നവീകരണം. ചമ്രവട്ടം ഭാഗത്ത് റോഡിൽ കുഴികൾ രൂപപ്പെട്ടത് വലിയ പ്രതിഷേധത്തിനിടയാക്കിയതിനെ തുടർന്ന് താൽക്കാലികമായി അടച്ചിരുന്നു. ആലിങ്ങൽ മുതൽ ചമ്രവട്ടം വരെയുള്ള റോഡിന്റെ പല ഭാഗങ്ങളും തകരുന്നത് ഭാരം താങ്ങാൻ ശേഷിയില്ലാത്തതിനാലാണെന്ന് മരാമത്ത് വകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു . വയൽ പ്രദേശമായതിനാൽ വെള്ളക്കെട്ടുണ്ടാകുന്നതും കാരണമാണ്. ഭാരവാഹനങ്ങളെ വഹിക്കാനുള്ള ശേഷിയും റോഡിനില്ല. ദേശീയപാതയിൽ പ്രവൃത്തി നടക്കുന്നതിനാൽ റോഡിനെ ആശ്രയിക്കുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. ശക്തമായ മഴയും റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി റോഡിന്റെ അടിത്തറ കൂടുതൽ ബലപ്പെടുത്തും.റോഡ് ഉയർത്തിയ ശേഷം ബി.എം ആൻഡ് ബി.സി പ്രവൃത്തി ചെയ്യുമെന്ന് തിരൂർ പൊതുമരാമത്ത് വകുപ്പ് അസി. എൻജി. സി. വിമൽരാജ് പറഞ്ഞു .
വൈകിപ്പിച്ചത് വാട്ടർ അതോറിറ്റി
വാട്ടർ അതോറിറ്റിയുടെ ജല വിതരണ പൈപ്പുകൾ സ്ഥാപിക്കാനുള്ളതിനാലാണ് പ്രവൃത്തി തുടങ്ങാൻ വൈകിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പ്രവൃത്തി ടെൻഡർ ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിക്കാൻ തുടങ്ങിയത്.
രണ്ടാം ഘട്ട പ്രവൃത്തിയായ പൂഴിക്കുന്ന് മുതൽ ആലിങ്ങൽ വരെയും ചമ്രവട്ടം ശാസ്ത എ.യു.പി സ്കൂൾ മുതൽ ചമ്രവട്ടം കടവ് വരെയുള്ള റോഡിന്റെ നവീകരണത്തിന് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനകം തന്നെ ടെൻഡർ നടപടികൾ പൂർത്തിയാകും
സി. വിമൽരാജ്,
അസിസ്റ്റന്റ് എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്,തിരൂർ
കാലവർഷം ഇത്തവണ നേരത്തെ തുടങ്ങിയതും പണി വൈകിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |