വീണ്ടും മൊബൈൽ ഫോൺ പിടികൂടി രണ്ടാഴ്ചയ്ക്കിടെ ഏഴാമത്തേത്
കണ്ണൂർ: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ സിനിമാ സ്‌റ്റൈൽ ജയിൽ ചാട്ടത്തിന് പിന്നാലെ പരിശോധന ശക്തമാക്കിയെങ്കിലും, സെൻട്രൽ ജയിലിനകത്തെ നിയമലംഘനങ്ങൾ ഇപ്പോഴും നിയന്ത്രണാതീതം. ജയിലിൽ നിന്നും മൊബൈൽ ഫോണുകൾ പിടികൂടുന്നത് നിത്യസംഭവമാകുകയാണ്. ഇന്നലെയും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഫോൺ കണ്ടെത്തിയത്. ജോയിന്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജയിലിൽ നിന്ന് പിടികൂടിയ മൊബൈൽ ഫോണുകളുടെ എണ്ണം ഏഴായി.
അടുത്തിടെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയിലൂടെ, ജയിലിലേക്ക് മൊബൈൽ, ലഹരി വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ എന്നിവ എത്തിക്കുന്ന സംഘടിത ശൃംഖലയെക്കുറിച്ച് അന്വേഷണ ഏജൻസികൾക്ക് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പുറത്തുനിന്ന് ദേശീയപാതയ്ക്കരികിലെ മതിലിനു സമീപം വസ്തുക്കൾ എറിഞ്ഞുകൊടുക്കുകയും മുൻകൂട്ടി നിശ്ചയിച്ച സിഗ്നൽ വഴി വിതരണ സംവിധാനം പ്രവർത്തിക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയത്. ഇതിന് 1000 മുതൽ 2000 രൂപ വരെ പ്രതിഫലം ലഭിക്കുന്നുണ്ടന്നും കണ്ടെത്തിയുട്ടുണ്ട്.
ജയിലിനകത്ത് കൊലക്കേസുകളിലെ പ്രതികൾ, രാഷ്ട്രീയ സ്വാധീനമുള്ള തടവുകാർ എന്നിവർ ചേർന്ന് ലഹരി വിൽപ്പനയും മൊബൈൽ വിതരണവും നിയന്ത്രിക്കുന്നുവെന്നതാണ് അന്വേഷണം വ്യക്തമാക്കുന്നത്. സിസിടിവി ക്യാമറകൾ മറയ്ക്കാനുള്ള തന്ത്രങ്ങൾ, ഉദ്യോഗസ്ഥരുടെ മൗനാനുവാദം, പ്രത്യേക തടവുകാർക്കുള്ള ആഡംബര സൗകര്യങ്ങൾ എല്ലാം കൂടി ജയിൽ സംവിധാനം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്.
സംഘടിത കുറ്റകൃത്യങ്ങൾ
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് ശേഷം കണ്ണൂർ സെൻട്രൽ ജയലിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ വെറുമൊരു സുരക്ഷാ വീഴ്ചയല്ല, മറിച്ച് സംഘടിതമായ കുറ്റകൃത്യശൃംഖലയുടെ ഭരണത്തിലാണ് സെൻട്രൽ ജയിൽ എന്നാണ് വ്യക്തമാകുന്നത്.
വിൽപ്പന കരിഞ്ചന്തയിൽ
400 രൂപയുടെ മാഹി മദ്യം: 4000 രൂപ
ഒരു കെട്ട് സാധാരണ ബീഡി: 200 രൂപ
കഞ്ചാവ് ബീഡി: 500 രൂപ
വിതരണ ശൃംഖല വിപുലം
പുറത്തുനിന്നുള്ള വിതരണം അതീവ സംഘടിതം
ആദ്യം കല്ലെറിഞ്ഞ് സിഗ്നൽ നൽകും
ദേശീയപാതയോട് ചേർന്നുള്ള മതിലിന് സമീപത്തുനിന്ന്
എറിഞ്ഞു കൊടുക്കുന്നതിന് പ്രതിഫലം: 1000 - 2000 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |