SignIn
Kerala Kaumudi Online
Friday, 19 September 2025 11.29 AM IST

ട്രംപ് താരിഫിൽ കുലുങ്ങാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നോട്ട്

Increase Font Size Decrease Font Size Print Page
s

ഏറെ വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യ നീങ്ങുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ഇന്ത്യ പെട്ടെന്ന് കരകയറുകയും ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറുകയും ചെയ്തുവെന്നാണ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവായ ഏപ്രിൽ മുതൽ ജൂൺ വരെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലുണ്ടായ (ജി.ഡി.പി) 7.8 ശതമാനം വളർച്ച വ്യക്തമാക്കുന്നത്. ലോകത്തിലെ മുൻനിര സാമ്പത്തിക മേഖലകൾ പോലും ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങളിൽ വലയുമ്പോഴാണ് മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. ചത്ത സാമ്പത്തിക വ്യവസ്ഥയെന്ന പ്രസിഡന്റ് ട്രംപിന്റെ വിശേഷണം അർഹിക്കുന്ന അവഗണനയോടെ തള്ളുന്നതാണ് യഥാർത്ഥ കണക്കുകൾ. വികസിത രാജ്യങ്ങൾ പോലും രണ്ടുശതമാനം വളർച്ച നേടാൻ പാടുപെടുകയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പില്ലാത്ത വിധം അമേരിക്കയുടെ വിദേശനയത്തിലും വ്യാപാര നയത്തിലും വലിയ മാറ്റങ്ങൾ വരുത്താൻ തുടങ്ങിയതോടെ ആഗോള സാമ്പത്തിക രംഗം പൊതുവെയും വ്യാപാര രംഗം പ്രത്യേകിച്ചും കലുഷിതമാണ്. ലോക വ്യാപാര സംഘടനയെ നോക്കുകുത്തിയാക്കി പ്രസിഡന്റ് ട്രംപ് ഓരോ രാജ്യത്തിനും മേൽ പ്രത്യേകം വ്യത്യസ്ത ചുങ്കങ്ങൾ ചുമത്തി. ഇതിന്റെ പ്രത്യാഘാതങ്ങൾ വരും മാസങ്ങളിൽ പ്രകടമാകും.

ഇന്ത്യക്ക് മേൽ അമേരിക്ക ചുമത്തിയ 25 ശതമാനം പകരച്ചുങ്കവും 25 ശതമാനം പിഴച്ചുങ്കവും ചേർന്ന് മൊത്തം ചുങ്കം ഇപ്പോൾ 50 ശതമാനമാണ്. അന്യായമായതും നീതീകരിക്കാനാകാത്തതുമായ നടപടി എന്നാണ് ഇന്ത്യ ഗവൺമെന്റ് ഈ നടപടിയെ വിശേഷിപ്പിച്ചത് . അമേരിക്കയുടെ നടപടി ശുദ്ധ ഇരട്ടത്താപ്പാണ് എന്നതാണ് സത്യം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് 25 ശതമാനം പിഴച്ചുങ്കം. എന്നാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ചൈനയാണ്. ചൈനയുടെ മേൽ ഇതുവരെ പിഴച്ചുങ്കം ചുമത്തിയിട്ടില്ല. റഷ്യയിൽ നിന്ന് വൻതോതിൽ എൽ.പി.ജി തുടങ്ങിയ ഊർജങ്ങൾ യൂറോപ്യൻ യൂണിയൻ വാങ്ങുന്നുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയന് മേൽ പിഴച്ചുങ്കം ചുമത്തിയിട്ടില്ല. അതുപോലെ ടർക്കിയും സൗത്ത് കൊറിയയും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളുടെ മേലും പിഴച്ചുങ്കമില്ല. എന്തിനേറെ അമേരിക്ക തന്നെ റഷ്യയിൽ നിന്ന് യൂറേനിയം, പല്ലാഡിയം തുടങ്ങിയ രാസവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതെല്ലാം പാടെ അവഗണിച്ച് ഇന്ത്യക്ക് മേൽ മാത്രം പിഴച്ചുങ്കം ചുമത്തിയത് യാതൊരു യുക്തിയും നീതീകരണവും ഇല്ലാത്ത നടപടിയാണ്. പ്രസിഡന്റ് ട്രംപിന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ് ഈ ഭ്രാന്തൻ നയങ്ങൾക്ക് പിന്നിലെന്ന് വ്യക്തം.


ട്രംപ് ചുങ്കം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കാര്യമായി ബാധിക്കില്ല. ഇന്ത്യ ആഭ്യന്തര ഉപഭോഗത്താൽ വളരുന്ന ഒരു സമ്പദ് വ്യവസ്ഥയാണ്. കയറ്റുമതിയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയല്ല. അമേരിക്കയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി എന്നതൊരു വസ്തുതയാണ്. കഴിഞ്ഞ വർഷത്തിൽ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത് 8650 കോടി ഡോളറിന്റെ ഉത്‌പന്നങ്ങളാണ്. ഇന്ത്യ യു.എസ് വ്യാപാരത്തിൽ ഇന്ത്യക്ക് 4200 കോടി ഡോളറിന്റെ വ്യാപാര മിച്ചവുമുണ്ട്. എന്നാൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഇന്ത്യയുടെ ജി.ഡി.പിയുടെ രണ്ട് ശതമാനം മാത്രമാണ്. ഇതിൽ തന്നെ കയറ്റുമതി ചെയ്യപ്പെടുന്ന ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്‌സ് എന്നീ ഉത്‌പന്നങ്ങളെ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവ മാറ്റി നിർത്തിയാൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി ഇന്ത്യയുടെ ജി.ഡി.പിയുടെ 1.4 ശതമാനം മാത്രം. ഇതിനെ മാത്രമേ ട്രംപ് താരിഫ് ബാധിക്കൂ. അതുകൊണ്ട് ട്രംപ് ചുമത്തിയ താരിഫിന്റെ ഫലമായി ഇന്ത്യയുടെ ജി.ഡി.പി വളർച്ച പരമാവധി 0.3 ശതമാനം മാത്രമേ കുറയാനിടയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ ഈ സാമ്പത്തിക വർഷം ഇന്ത്യ ലക്ഷ്യമിടുന്ന 6.5 ശതമാനം എന്ന സാമ്പത്തിക വളർച്ച 6.2 ശതമാനമായി കുറഞ്ഞേക്കാം. അത്രമാത്രം.
എങ്കിലും ട്രംപ് ചുമത്തിയ ചുങ്കം ചില മേഖലകളിൽ വൻതോതിൽ തൊഴിൽ നഷ്ടങ്ങളുണ്ടാക്കും. തുണിത്തരങ്ങൾ, ആഭരണങ്ങൾ, സംസ്‌കരിച്ച മത്സ്യങ്ങൾ, പ്രത്യേകിച്ച് സംസ്‌കരിച്ച ചെമ്മീൻ എന്നിവ തൊഴിലധിഷ്ഠിത വ്യവസായങ്ങളാണ്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വ്യവസായങ്ങളിൽ ജോലി ചെയ്യുന്നത്. ഉദാഹരണത്തിന് ടെക്‌സ്‌റ്റൈൽ കയറ്റുമതി കേന്ദ്രമായ തിരുപ്പൂരിൽ മാത്രം 9 ലക്ഷത്തിനടുത്ത് ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. അതുപോലെ ഗുജറാത്തിലെ സൂറത്തിലെ ജുവലറി മേഖലയിൽ ഡയമണ്ട് കട്ടിംഗ്, പോളിഷിംഗ് മേഖലയിൽ എട്ടുലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നു. ട്രംപ് താരിഫ് ഈ മേഖലകളുടെ കയറ്റുമതിയെ ബാധിക്കുന്നതു വഴി വലിയ തൊഴിൽ നഷ്ടമുണ്ടാകും. കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് 18,000ത്തോളം ടൺ ചെമ്മീൻ കയറ്റുമതി ചെയ്യുന്നുണ്ട്. ഈ മേഖലകളിലും തൊഴിൽ നഷ്ടങ്ങളുണ്ടാകും.
25 ശതമാനം പിഴച്ചുങ്കം നീണ്ടുനിൽക്കുകയാണെങ്കിൽ സർക്കാരിന് ദുരിതത്തിലാകുന്ന മേഖലകളെ സഹായിക്കേണ്ടി വരും. ഇതിനുള്ള ധനകാര്യസ്ഥിതി ഇപ്പോൾ സർക്കാരിനുണ്ട്. ഒന്നാം പാദത്തിൽ 7.8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതീക്ഷിച്ച 6.7 ശതമാനം വളർച്ചയുടെ സ്ഥാനത്താണ് 7.8 ശതമാനം എന്ന മികച്ച വളർച്ചാ നിരക്ക് എന്നതു ശ്രദ്ധേയമാണ്. ഉത്‌പാദന, സേവന മേഖലകളിലും സർക്കാർ മൂലധന ചെലവിലും ഗണ്യമായ വളർച്ചയുണ്ട്. കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവുകളും റിസർവ് ബാങ്ക് പലിശ നിരക്ക് വെട്ടിക്കുറച്ചതും വളർച്ച വർദ്ധിപ്പിക്കുന്നതിൽ സഹായിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. ഇനി ഈ ഉത്സവ കാലത്തോടെ ജി.എസ്.ടി നിരക്കുകൾ കുറയ്ക്കുന്നതും സമ്പദ് വ്യവസ്ഥയെ ഉയർന്ന വളർച്ചയിലേക്ക് നയിക്കാൻ സഹായകമാകും .വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമാണ്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള ദൃഢനിശ്ചയത്തിലാണ് സർക്കാർ. മറ്റു രാജ്യങ്ങളുമായി നടത്തുന്ന സൗഹൃദ ചർച്ചകളും സാമ്പത്തിക പരിഷ്‌കാരങ്ങളും ഇന്ത്യയെ ശക്തമായ നിലയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.

(ലേഖകൻ ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്)

TAGS: TRUMP, TARRIFF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.