കൊണ്ടോട്ടി: മലബാറിന്റെ ആകാശ സ്വപ്നങ്ങൾക്ക്‌മേൽ കരിനിഴൽ വീഴ്ത്തിയ കരിപ്പൂർ വിമാന ദുരന്തത്തിന് ഇന്ന് അഞ്ച് വർഷം. അതിതീവ്ര മഴയും കാറ്റും അപകടകരമായ കാലാവസ്ഥ സൃഷ്ടിച്ചപ്പോൾ 2020 ആഗസ്ത് ഏഴിന് വൈകുന്നേരമാണ് കേരളത്തെ നടുക്കിയ വിമാന ദുരന്തം സംഭവിച്ചത്. അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ആ ദുരന്തത്തിന്റെ ഓർമ്മകൾ ഇന്നും മാഞ്ഞുപോയിട്ടില്ല. കൊവിഡ് കാലത്ത്, വന്ദേഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നും 190 യാത്രക്കാരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണംവിട്ട് റൺവേയുടെ റെസ ഏരിയയും പിന്നിട്ട് കിഴക്കുഭാഗത്തെ ചെരിവിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 100 മീറ്റർ താഴേക്ക് പതിച്ച വിമാനം മൂന്നായി പിളർന്നു. രണ്ട് പൈലറ്റുമാരടക്കം 21 പേരുടെ ജീവൻ നഷ്ടപ്പെട്ട ഈ അപകടത്തിൽ 169 പേർക്കാണ് പരിക്കേറ്റത്.
മാതൃകയായ രക്ഷാപ്രവർത്തനം
കൊവിഡ് കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് യാതൊന്നും വകവെക്കാതെ സമീപവാസികളും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും പൊലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തേക്ക് മാറ്റി. സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം ലോകശ്രദ്ധ പിടിച്ചുപറ്റി. അപകട സമയത്ത് സഹായിച്ച നാട്ടുകാരോടുള്ള നന്ദി സൂചകമായി അപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരിച്ചവരുടെ കുടുംബങ്ങളും ചേർന്ന്, കൊണ്ടോട്ടിയിലെ ചിറയിൽ ചുങ്കത്തെ ഫാമിലി ഹെൽത്ത് സെന്ററിന്റെ നവീകരണത്തിന് 50 ലക്ഷം രൂപ സംഭാവനയായി നൽകി.
കരിപ്പൂരിന് നഷ്ടങ്ങൾ ഏറെ
മലബാറിലെ പ്രധാന വിമാനത്താവളമായ കരിപ്പൂർ ഗൾഫ് പ്രവാസികളുടെ ഇഷ്ടവിമാനത്താവളമായിരുന്നു. വിമാന അപകടത്തിന് ശേഷം ടേബിൾ ടോപ്പ് റൺവേയുടെ നീളം സുരക്ഷിതമല്ലെന്ന് കണ്ടെത്തുകയും വലിയ വിമാനങ്ങൾ ഇറങ്ങുന്നത് നിറുത്തിവയ്ക്കുകയും ചെയ്തു. വലിയ വിമാനങ്ങൾ കരിപ്പൂരിൽ എത്താതായതോടെ യാത്രയ്ക്കും ചരക്ക് നീക്കത്തിനും ചെറുവിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് യാത്രാചെലവിലും ചരക്ക് കയറ്റുമതിയിലും വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നു. പ്രധാന എയർലൈൻ കമ്പനികളുടെ വൈഡ് ബോഡി വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന സമയത്ത് ഗൾഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് കയറ്റുമതി രംഗത്ത് വലിയ കുതിപ്പാണ് വിമാനത്താവളം വഴി ഉണ്ടായിരുന്നത്. സമീപപ്രദേശങ്ങളിലെ കാർഷിക ഉത്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം എന്നിവ വലിയ രീതിയിൽ കയറ്റുമതി ചെയ്തിരുന്നു.
ഹജ്ജ് നിരക്ക് വർദ്ധിച്ചു
സംസ്ഥാനത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ പ്രധാന ഇടമായ കരിപ്പൂരിൽ വലിയ വിമാനങ്ങൾ സർവീസ് നടത്താത്തതിനാൽ യാത്രാനിരക്കിൽ മറ്റു പുറപ്പെടാൻ കേന്ദ്രങ്ങളെ അപേക്ഷിച്ച് 35,000 രൂപയ്ക്കും മുകളിൽ അധിക നിരക്ക് നൽകേണ്ടി വരുന്നു. കോഡ് സി വിഭാഗത്തിൽപ്പെട്ട വിമാനങ്ങൾ ആണ് ഇവിടെ നിന്നും സർവീസ് നടത്തുന്നത്. ഇത്തരം വിമാനത്തിൽ ലഗേജ് അടക്കം 160തോളം തീർത്ഥാടകർക്ക് മാത്രമാണ് യാത്ര ചെയ്യാൻ സാധിക്കുക. യാത്രാനിരക്ക് വർദ്ധിച്ചതോടെ 2026 വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷകരിൽ കരിപ്പൂർ പുറപ്പെടൽ കേന്ദ്രം തിരഞ്ഞെടുത്തവർ വളരെ കുറവാണ്.
ധനസഹായം വെട്ടിച്ചൊരുക്കി
അപകടത്തിൽപ്പെട്ടവർക്കും മരിച്ചവർക്കും വളരെ വേഗത്തിലും ഉയർന്ന നിരക്കിലും എയർ ഇന്ത്യയിൽ നിന്നും നഷ്ടപരിഹാരം ലഭിച്ചെങ്കിലും വിമാന ദുരന്തത്തിൽപ്പെട്ടവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായങ്ങൾ എയർ ഇന്ത്യ ഇൻഷുറൻസ് തുകയിൽ വെട്ടിക്കുറച്ചത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. മരിച്ചവർക്കും പരിക്കേറ്റവർക്കും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ അടക്കമുള്ള ധനസഹായങ്ങളും സംസ്ഥാന സർക്കാർ നിശ്ചയിച്ച സൗജന്യ ചികിത്സയുമാണ് ഇൻഷുറൻസ് തുകയിൽ നിന്നും വെട്ടിക്കുറച്ചത്. ഇപ്പോഴും 65 പേർ പൂർണ്ണ ആരോഗ്യസ്ഥിതിയിലേക്ക് എത്തിയിട്ടില്ല ഇവർക്ക് തുടർ ചികിത്സകൾ നടന്നു വരികയാണ്.
പ്രതീക്ഷയായി റെസ വികസനം
കരിപ്പൂരിനെ അന്താരാഷ്ട്ര വിമാനത്താവളമായി നിലനിർത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ച സമയത്തിനുള്ളിൽ ഭൂമി ഏറ്റെടുത്ത് നൽകി റെസ വികസനം ആരംഭിച്ചതോടെ വീണ്ടും കരിപ്പൂരിന്റെ ആകാശ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുകയാണ്. അധികം വൈകാതെ തന്നെ ടേബിൾ ടോപ്പ് റൺവേയുടെ നീളം കൂട്ടൽ പ്രവർത്തികൾ പൂർത്തിയായാൽ കരിപ്പൂരിലേക്ക് വൈഡ് ബോഡി വിമാനങ്ങൾ സർവീസുകൾ ആരംഭിക്കും. കൂടുതൽ വിമാന കമ്പനികൾ എത്തുന്നതോടെ യാത്ര നിരക്കിൽ കുറവ് വരികയും ചരക്ക് സേവന രംഗത്ത് വലിയ രീതിയിൽ കുതിച്ചുച്ചാട്ടം ഉണ്ടാക്കാൻ കഴിയും. ഇതു മറ്റ് അനുബന്ധ മേഖലകളെയും തൊഴിൽ സാധ്യതകളെയും വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |