പത്തനംതിട്ട: റാന്നി നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ അദ്ധ്യാപിക ലേഖ രവീന്ദ്രന്റെ ഭർത്താവ് വി.ടി.ഷിജോ (47) ജീവനൊടുക്കിയ വിവാദത്തിൽ വീഴ്ച മറയ്ക്കാൻ വിദ്യാഭ്യാസ ജില്ലാ ഓഫീസിന്റെ നീക്കം.
സംഭവത്തിൽ ഡി.ഇ ഓഫീസിൽ നിന്ന് കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ജനുവരി മുതൽ ഇക്കഴിഞ്ഞ ജൂലായ് രണ്ട് വരെ ലേഖ രവീന്ദ്രൻ ശമ്പളം കൈപ്പറ്റിയിരുന്നു. കിട്ടാനുള്ളത് 2012 മുതൽ കഴിഞ്ഞ വർഷം വരെയുള്ള ശമ്പള കുടിശികയാണ്. ഇത് സ്‌കൂളിൽ നിന്ന് സ്പാർക്കിൽ അപ്‌ലോഡ് ചെയ്യുന്നത് അനുസരിച്ച് ഘട്ടംഘട്ടമായി ലഭിക്കുന്നതാണെന്നാണ് വാദം. എന്നാൽ, സ്പാർക്കിൽ അപ് ലോഡ് ചെയ്യുന്നതിനു മുമ്പായുള്ള ഓതന്റിക്കേഷന് പ്രഥമാദ്ധ്യാപിക നൽകിയ അപേക്ഷ ഉൾപ്പെടെ വൈകിപ്പിച്ചതിൽ ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. 2024 നവംബറിലെ കോടതി ഉത്തരവും പിന്നീട് വിദ്യാഭ്യാസ വകുപ്പിൽ നിന്നു ലഭിച്ച ഉത്തരവും നടപ്പാക്കുന്നതിൽ ഏഴ് മാസത്തിലേറെ കാലതാമസം ഉണ്ടായെന്നതാണ് വിദ്യാഭ്യാസ ജില്ലാ ഓഫീസിനെതിരായുള്ള ആക്ഷേപം. 13 വർഷം ശമ്പളം ലഭിക്കാതെ ജോലി ചെയ്ത അദ്ധ്യാപികയ്ക്ക് കോടതി നീതി ഉറപ്പാക്കിയപ്പോൾ അതംഗീകരിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിലുണ്ടായ വീഴ്ചയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമികാന്വേഷണത്തിലും കണ്ടെത്തിയത്.
തർക്കം ഇങ്ങനെ
നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിലെ രണ്ട് അദ്ധ്യാപകർ തമ്മിലുളള കേസ് 2012 ലാണ് ആരംഭിക്കുന്നത്. നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളിൽ 2004ൽ എച്ച്.എസ്.എ നാച്വറൽ സയൻസ് അദ്ധ്യാപികയായി സൈജു സഖറിയ എന്നയാൾ ജോലിക്ക് കയറിയിരുന്നു. 2009ൽ ഡിവിഷൻ ഫാളിനെ തുടർന്ന് സൈജുവിന് ജോലി നഷ്ടമായി. തുടർന്ന് ഇവർ ജോലി രാജിവച്ച് മാനേജ്‌മെന്റിന് കത്തു നൽകിയതായി പറയുന്നു. രാജി മാനേജ്‌മെന്റ് ഡി.ഇ.ഒയ്ക്കു സമർപ്പിച്ച് അംഗീകാരം വാങ്ങിയില്ല.
2011-12 ൽ നിലവിൽ വന്ന അദ്ധ്യാപക പാക്കേജിൽ സൈജുവും ഉൾപ്പെട്ടു. 2012 ൽ ഒഴിവു വന്ന തസ്തികയിൽ യു.പി.എസ്.എ ആയി ലേഖ രവീന്ദ്രനെ മാനേജ്‌മെന്റ് നിയമിച്ചു. മുൻപ് ജോലി ചെയ്തിരുന്ന ആളെന്ന നിലയിൽ സൈജു ഈ തസ്തികയിലേക്ക് അവകാശവാദം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. ചട്ടപ്രകാരം തനിക്കാണ് ജോലിക്ക് അവകാശം എന്ന് ചൂണ്ടിക്കാട്ടിയാണ് സൈജു കോടതിയെ സമീപിച്ചത്. സ്‌കൂൾ മാനേജരെയും ലേഖ രവീന്ദ്രനെയും എതിർകക്ഷികളാക്കിയായിരുന്നു ഹർജി. തീരുമാനം സർക്കാരിനു വിട്ടു. തുടർന്ന് ലേഖയുടെ നിയമനം സർക്കാർ അംഗീകരിച്ചു.
ലേഖയ്ക്കു ശമ്പളം കൊടുക്കുന്ന ഘട്ടമായപ്പോൾ സൈജു ഹൈക്കോടതിയെ വീണ്ടും സമീപിച്ച് സർക്കാർ തീരുമാനത്തിന് സ്‌റ്റേ വാങ്ങി. ഇതോടെ ലേഖയ്ക്ക് ശമ്പളം നൽകാനുള്ള നടപടികൾ നിറുത്തിവച്ചു. ലേഖയുടെ നിയമനം അംഗീകരിച്ചുളള വിധിക്കെതിരേ സൈജു അപ്പീൽ പോയി. ഇരുകൂട്ടർക്കും പ്രയോജനപ്പെടുന്ന രീതിയിൽ അന്തിമവിധി വന്നു. ഇതു പ്രകാരം ലേഖയുടെ ശമ്പളം നൽകണം. ഇനി വരുന്ന ഒഴിവിൽ സൈജുവിന് നിയമനം നൽകാമെന്ന് മാനേജ്‌മെന്റ് സത്യവാങ്മൂലം നൽകണം എന്നിവയായിരുന്നു നിർദേശങ്ങൾ. നിലവിൽ സൈജു ബി.ആർ.സി കോ ഓർഡിനേറ്ററാണ്.
ഷിജോയ്ക്ക് വിട നൽകി നാട്
റാന്നി : ഔദ്യോഗിക നടപടിക്രമങ്ങളിലെ കാലതാമസവും സാമ്പത്തിക പ്രതിസന്ധിയും കാരണം ജീവിതം അവസാനിപ്പിച്ച കൃഷി വകുപ്പ് ജീവനക്കാരൻ ഷിജോയുടെ മൃതദേഹം ഇന്നലെ നാറാണാംമൂഴിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
നൂറുകണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. സൗമ്യമായ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും പ്രിയങ്കരനായിരുന്നു ഷിജോ. നാറാണാംമൂഴി സെന്റ് ജോസഫ് യു.പി സ്കൂളിലെ അദ്ധ്യാപികയായ ലേഖയാണ് ഷിജോയുടെ ഭാര്യ. ലേഖയുടെ വർഷങ്ങളായുള്ള ശമ്പള കുടിശിക ലഭിക്കാത്തതിനാൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഈ കുടുംബം. കൂടാതെ മകന്റെ എൻജിനീയറിങ് പഠനത്തിന് ആവശ്യമായ പണം കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കയും ഷിജോയെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഭാര്യയുടെ 12 വർഷത്തെ ശമ്പളക്കുടിശ്ശിക ലഭിക്കുന്നതിന് കോടതി വിധി ഉണ്ടായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഞായറാഴ്ച വൈകുന്നേരം പതിവുപോലെ നടക്കാനിറങ്ങിയ ഷിജോയെ പിന്നീട് വനത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്.എൻ.ഡി.പി ശാഖയുടെ ഉൾപ്പെടെയുള്ള പൊതുപ്രവർത്തനങ്ങളിലും സജീവമായിരുന്നു ഷിജോ. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |