ശ്രീനഗർ: ജമ്മു കാശ്മീരിലെ ദച്ചിഗാമിൽ ഓപ്പറേഷൻ മഹാദേവിൽ വധിച്ച മൂന്ന് പഹൽഗാം ഭീകരരും പാകിസ്ഥാൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യൻ സുരക്ഷാസേനയ്ക്ക് ലഭിച്ചെന്ന് റിപ്പോർട്ട്. കൂടാതെ ബയോമെട്രിക് ഡാറ്റ, കറാച്ചി നിർമ്മിത ചോക്ലേറ്റുകൾ, സാറ്റലൈറ്റ് ഫോൺ ലോഗുകൾ, ജി.പി.എസ് തുടങ്ങിയവ ലഭിച്ചുവെന്നാണ് വിവരം. പഹൽഗാം ആക്രമണമുണ്ടായ ദിവസം മുതൽ ഭീകരർ ദച്ചിഗാം ഹർവാൻ വനമേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നും കണ്ടെത്തി. വെടിവയ്പ് സംഘത്തിൽ കാശ്മീരിൽ നിന്നുള്ള ആരും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സുലൈമാൻ ഷാ (ഫൈസൽ ജാട്ട്),അബു ഹംസ (അഫ്ഗാൻ), യാസിർ (ജിബ്രാൻ) എന്നീ മൂന്ന് ഭീകരരെയാണ് ജൂലായ് 28ന് ഓപ്പറേഷൻ മഹാദേവിലൂടെ സുരക്ഷാസേന വധിച്ചത്. എ++ കാറ്റഗറി ലഷ്‌കർ കമാൻഡറായ സുലൈമാൻ ഷായാണ് പഹൽഗാം ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ. ഹംസയും യാസിറും എ ഗ്രേഡ് ലഷ്‌കർ കമാൻഡർമാരായിരുന്നു. ഭീകരരുടെ മൃതദേഹങ്ങളിൽ നിന്ന് പാക് തിരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ച രണ്ട് തിരിച്ചറിയൽ കാർഡുകൾ, തകർന്ന സാറ്റലൈറ്റ് ഫോണിൽനിന്ന് മൈക്രോ എസ്ഡി കാർഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഈ എസ്.ഡി കാർഡിൽനിന്ന് വിരലടയാളം, ഫേഷ്യൽ സ്‌കാൻ, കുടുംബവിവരങ്ങൾ, മേൽവിലാസം തുടങ്ങി പ്രാധാന്യമേറിയ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാനുമായുള്ള ഇവരുടെ ബന്ധം ഉറപ്പിക്കുന്നതാണെന്ന് സുരക്ഷാസേന പറഞ്ഞു. പഹൽഗാം ആക്രമണത്തിനുപിന്നിൽ പാകിസ്ഥാനാണെന്ന് തുടക്കം മുതൽ ഇന്ത്യ ഉറപ്പോടെ ആരോപിക്കുമ്പോഴും രാജ്യത്തിനകത്തുനിന്നുൾപ്പെടെ എതിർവാദങ്ങൾ ഉയർന്നിരുന്നു.
അതേസമയം,ഇവരിൽ നിന്ന് പിടിച്ചെടുത്ത എ.കെ-103 റൈഫിളുകൾ ആക്രമണത്തിൽ ഉപയോഗിച്ച അതേ ആയുധങ്ങളാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. 2022 മേയിലാണ് മൂന്നു ഭീകരരും ഗുരെസ് സെക്ടർവഴി ഇന്ത്യയിലേക്ക് കടന്നത്. പഹൽഗാം ആക്രമണത്തിന് തലേന്ന് ബൈസരണിൽനിന്ന് കഷ്ടിച്ച് രണ്ടുകിലോമീറ്റർ അകലെയുള്ള ഹിൽ പാർക്കിന് അടുത്തുള്ള ഒളിയിടത്തിലെത്തി. നേരത്തെ അറസ്റ്റിലായ രണ്ട് പ്രദേശവാസികൾ പർവൈസും ബഷീറുമാണ് ഇവർക്ക് ഭക്ഷണവും അഭയസ്ഥാനവും ഒരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |