SignIn
Kerala Kaumudi Online
Wednesday, 06 May 2026 6.16 AM IST

'രോഹിത്തിനെയും കൊഹ്ലിയെയും പോലുള്ള മുതിർന്ന താരങ്ങളുടെ കാര്യത്തിൽ വ്യക്തത വരുത്തണം'; ആവശ്യവുമായി യുവരാജ്

Increase Font Size Decrease Font Size Print Page

yuvraj-singh-

മുംബയ്: ട്വന്റി-20 ലോകകപ്പിൽ നിന്നും ഇത്തവണ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനത്തിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ നയിച്ചിട്ടും ട്വന്റി-20 ഫോർമാറ്റിൽ നിന്നും ഗില്ലിനെ മാറ്റിനിർത്തിയത് കടുത്ത തീരുമാനമായിപ്പോയെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. സ്‌പോർട്സ് ടോക്കിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അതൃപ്തി രേഖപ്പെടുത്തിയത്.

'മൂന്ന് ഫോർമാറ്റിലും ഒരേപോലെ തിളങ്ങുക അത്ര എളുപ്പമുള്ള കാര്യമല്ല, പ്രത്യേകിച്ച് ക്യാപ്ടൻ കൂടി ആകുമ്പോൾ അത് ഏറെ വെല്ലുവിളി നിറഞ്ഞതാകും. മുമ്പ് വിരാട് കൊഹ്ലി മാത്രമാണ് മൂന്ന് ഫോർമാറ്റിലും ഒരുപോലെ തിളങ്ങുകയും മികച്ച രീതിയിൽ ടീമിനെ നയിക്കുകയും ചെയ്ത ഒരേയൊരു താരം. ഇടയ്ക്ക് രോഹിത് ശർമ്മയും ആ നിലയിൽ തന്റെ കഴിവ് തെളിയിച്ചിരുന്നു. പക്ഷേ, ഒരാളെ ഒരു വർഷം മുഴുവൻ ട്വന്റി-20 ടീമിൽ കളിപ്പിച്ചിട്ട്, അവസാനം പ്രകടനത്തിന്റെ പേരിൽ മാത്രം ലോകകപ്പ് ടീമിൽ നിന്ന് മാറ്റിനിർത്തുന്നത് ശരിക്കും കടുത്ത തീരുമാനമാണ്'- യുവരാജ് പറഞ്ഞു. അതേസമയം, 2027 ഏകദിന ലോകകപ്പ് മുന്നിൽക്കണ്ട് രോഹിത് ശർമ്മയുടെയും വിരാട് കൊഹ്ലിയുടെയും കാര്യത്തിൽ ടീം മാനേജ്‌മെന്റ് വ്യക്തത വരുത്തണമെന്നും യുവരാജ് ആവശ്യപ്പെട്ടു.

'രോഹിത്തിന്റെയും വിരാടിന്റെയും മനസിൽ എന്താണെന്ന് എനിക്കറിയില്ല. അടുത്ത ലോകകപ്പ് കളിക്കണം എന്ന് തന്നെയായിരിക്കും അവരെ കാണുമ്പോൾ തോന്നുന്നത്. പക്ഷേ ആ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അവരും സെലക്ടർമാരും ചേർന്നാണ്. ടീമിന്റെ ഭാവി അവർ തീരുമാനിക്കട്ടെ. എന്റെ പോയിന്റ് ഇതാണ്, അവരെപ്പോലെയുള്ള മുതിർന്ന കളിക്കാരുടെ കാര്യത്തിൽ വ്യക്തത വരുത്തണം. എല്ലാവരും കൂടി ഒരു മുറിയിലിരുന്ന് കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യണം.

കരിയറിന്റെ ഈയൊരു ഘട്ടത്തിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കുക എന്നത് പ്രയാസമായിരിക്കും. ടീം ഇനി യുവ താരങ്ങളെയാണ് നോക്കുന്നത് എന്ന് കേൾക്കുമ്പോൾ ചിലപ്പോൾ അവർക്ക് വിഷമം തോന്നുമായിരിക്കും. പക്ഷേ, ഒരു വർഷം കഴിയുമ്പോൾ അന്ന് ഒരാളെങ്കിലും തന്നോട് നേർക്കുനേർ സത്യം തുറന്നു പറഞ്ഞല്ലോ എന്നോർത്ത് അവർക്ക് സന്തോഷമേ ഉണ്ടാവൂ. സത്യം പറഞ്ഞാൽ, ഇത്തരം തുറന്നു പറച്ചിലുകൾ ഇന്ത്യൻ ക്രിക്കറ്റിൽ സാധാരണയായി നടക്കാറില്ല എന്നതാണ് വാസ്തവം.'- യുവരാജ് സിംഗ് കൂട്ടിച്ചേർത്തു.

TAGS: NEWS 360, SPORTS, GILL, YUVARAJ SINGH, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.