
നോയിഡ: ലിഫ്റ്റിൽ നായയെ കയറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കം അവസാനിച്ചത് കൂട്ടത്തല്ലിൽ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള 108ലെ പാർക്ക് ലോറേറ്റ് സൊസെെറ്റിയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഒരു യുവതി അവരുടെ നായയുമായി ലിഫ്റ്റിൽ നിൽക്കുന്ന രംഗത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ അവിടെയുള്ള ഒരു മദ്ധ്യവയസ്കൻ ഇത് തടയുന്നു. നായയെ ലിഫ്റ്റിൽ കയറ്റാൻ പറ്റില്ലെന്ന് പറഞ്ഞ് ഇയാൾ ലിഫ്റ്റ് തടഞ്ഞു വയ്ക്കുന്നു. പിന്നെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ഇത് സംഘർഷത്തിൽ അവസാനിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടെ മദ്ധ്യവയസ്കൻ ഫോൺ എടുത്ത് സംഘർഷ രംഗങ്ങൾ പകർത്താൻ ശ്രമിക്കുമ്പോൾ യുവതി അത് തട്ടിപ്പറിക്കുന്നുണ്ട്. തുടർന്ന് ഇയാൾ യുവതിയുടെ മുഖത്ത് അടിക്കുന്നു. പിന്നാലെ ഇരുവരും തമ്മിൽ സിനിമാ സ്റ്റെലിൽ അടിക്കൂടുന്നതാണ് വീഡിയോയിൽ ഉള്ളത്.
ഇതിനിടെയാണ് യുവതിയുടെ ഭർത്താവ് സംഭവസ്ഥലത്ത് എത്തുന്നത്. ഭർത്താവിനോട് യുവതി കാര്യം പറയുന്നതിന് പിന്നാലെ ഇയാൾ മദ്ധ്യവയസ്കനെ ലിഫ്റ്റിനുള്ളിൽ വച്ച് ക്രൂരമായി തല്ലി. ഇത് കണ്ടെത്തിയ അപ്പാർട്ട്‌മെന്റിലെ സെക്യൂരിറ്റി ജീവനക്കാരൻ രണ്ടുപേരെയും ഏറെ കഷ്ടപ്പെട്ട് പിടിച്ച് മാറ്റുന്നുണ്ട്. സി സി ടി വിയിൽ പതിഞ്ഞ സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ പൊലീസ് അപ്പാർട്ട്‌മെന്റിലെത്തി പരിശോധന നടത്തി. ഇരുകൂട്ടരും പരാതിയിലെന്ന് എഴുതി നൽകിയെങ്കിലും പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം ഒരു അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിൽ നായ ആറ് വയസുകാരനെ കടിച്ചതിന് പിന്നാലെ പല അപ്പാർട്ട്‌മെന്റിലും നായകളെ ലിഫ്റ്റിൽ കയറ്റുന്നത് വിലക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |