SignIn
Kerala Kaumudi Online
Wednesday, 06 May 2026 9.41 AM IST

മലയാളി പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങേണ്ടിവരും, താെഴിലില്ലായ്മയും ഒപ്പം വിലക്കയറ്റവും: ഇറാനെതിരായ യുദ്ധം കൂടുതൽ ബാധിക്കുന്നത് കേരളത്തെ

Increase Font Size Decrease Font Size Print Page
airport

ന്യൂഡൽഹി: ഇറാനും ഇസ്രയേലുമൊക്കെ നമ്മുടെ രാജ്യത്തുനിന്ന് കാതങ്ങൾ അകലെയാണ്. അതിനാൽ അവിടെ യുദ്ധം നടന്നാൽ നമുക്കെന്താ എന്നാണ് മലയാളികൾ ഉൾപ്പെടെ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വിചാരം. എന്നാൽ അതല്ല അവസ്ഥ. ഇറാനിലെ അമേരിക്കൻ ആക്രമണം ഏറ്റവുമധികം വ്യാപിക്കുന്നത് ഇന്ത്യയെയും കേരളത്തെയുമാണ് എന്നതാണ് സത്യം. അതിൽ നിന്ന് കരകയറാനും ഏറെ ബുദ്ധിമുട്ടേണ്ടിവരും.

പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരുകോടിയോളം ഇന്ത്യക്കാർ ജോലിചെയ്യുകയോ താമസിക്കുകയാേ ചെയ്യുന്നുണ്ട്. ഇതിൽ കൂടുതലും മലയാളികളുമാണ്. സംഘർഷം രൂക്ഷമായാൽ ഇവർക്ക് ഒഴിഞ്ഞുപോകേണ്ടിവരും. ഒരുമനുഷ്യായുസ് കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം ഉപേക്ഷിച്ച് അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. ഭാവി അവർക്കുമുന്നിൽ ഒരു ചോദ്യചിഹ്നമായേക്കാം. ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം ഇപ്പോൾത്തന്നെ കേരളീയരുടെ താെഴിൽ സാദ്ധ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. അതിനിടയിലാണ് യുദ്ധംമൂലമുള്ള പ്രശ്നങ്ങളും എത്തുന്നത്.

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളാണ് ഇറാന്റെ പ്രധാന ലക്ഷ്യം. ഇത്തരം ഇടങ്ങളിലേക്ക് ഇറാൻ നിരവധി തവണ ആക്രമണം നടത്തിക്കഴിഞ്ഞു. അമേരിക്കൻ സൈനിക താവളങ്ങൾക്കടുത്തുള്ള സ്ഥാപനങ്ങൾ ഇപ്പോൾ ഭാഗികമായി അടച്ചിട്ടിരിക്കുയാണെന്നാണ് റിപ്പോർട്ട്. മിസൈൽ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജോലിക്കെത്തുന്ന തൊഴിലാളികളെ താമസസ്ഥലത്തേക്കുതന്നെ തിരിച്ചയക്കുന്നുണ്ട്. ഭീഷണി ഒഴിഞ്ഞതിനുശേഷമാണ് സ്ഥാപനം തുറന്നുപ്രവർത്തിക്കുന്നത്. സ്ഥിതിഗതികൾ ഇങ്ങനെ പോവുകയോ ഇതിലും രൂക്ഷമാവുകയോ ചെയ്താൽ ജോലിയും ശമ്പളവും ഇല്ലാതാകുമോ എന്ന് പേടിയിലാണ് പ്രവാസികൾ.

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെയും ഇറാൻ സംഘർഷം കാര്യമായി ബാധിക്കും. സുഗന്ധവ്യഞ്ജനങ്ങൾ, ബസുമതി അരി തുടങ്ങിയവയാണ് ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് കൂടുതൽ കയറ്റി അയയ്ക്കുന്നത്. 2024-25 വർഷത്തിൽ മാത്രം 8.55 ലക്ഷം മെട്രിക് ടൺ ബസുമതി അരിയാണ് ഇറാനിലേക്ക് കയറ്റി അയച്ചത്. 2024ൽ കയറ്റി അയച്ചത് 38.72 മെട്രിക് ടൺ ഏലമാണ്. ഇന്ത്യയിൽഏലം ഉല്പാദിപ്പിക്കുന്നതിൽ കൂടുതലും കേരളത്തിലാണെന്നും ഓർക്കണം.

ഗൾഫിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നത് ഹോർമുസ് കടലിടുക്കാണ്. എണ്ണയുൾപ്പെടെയുള്ളവ നമ്മുടെ നാട്ടിലെത്തിക്കാനുള്ള ചെലവ് പരമാവധി കുറയ്ക്കാൻ ഈ കടലിടുക്ക് വഹിക്കുന്ന പങ്ക് ചെറുതല്ല. സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതായാണ് റിപ്പോർട്ട്. ലോകത്തിലെ എണ്ണ, പ്രകൃതിവാതക നീക്കത്തിന്റെ പകുതിയോളം നടക്കുന്നത് ഹോർമുസ് കടലിടുക്കുവഴിയാണ്. ഒരുദിവസം 55 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ഇതിൽ പകുതിയോളം ഹോർമുസ് വഴിയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. അമേരിക്കൻ വ്യാപാര കരാറിനെത്തുടർന്ന് റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നോ ഇല്ലയോ എന്നകാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടുന്നതിനാകും ഹോർമുസ് അടച്ചത് ഇടയാക്കുക. എണ്ണവില കൂടുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കറ്റത്തിനും ഇടയാക്കും.

ഹോർമുസ് അടച്ചിരിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ചരക്കുകപ്പലുകൾക്ക് യാത്രാ ദൂരം കൂട്ടും. ഇപ്പോഴുള്ളതിനേക്കാൾ 20 ദിവസത്തോളം അധികം സഞ്ചരിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ഇത് സാധനങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.

ഇന്ത്യ ഇറാനിൽ ഏറെ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഛാബഹാർ തുറമുഖത്ത്. അമേരിക്കൻ ആക്രമണത്തിൽ അതിഭീകരമായ നാശനഷ്ടമാണ് ഛാബഹാർ തുറമുഖത്തിനുണ്ടായത്. യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ ഈ തുറമുഖത്തിന്റെ പുനർനിർമാണം നടത്തണമെങ്കിൽ കോടികൾ ചെലവാക്കേണ്ടിവരും.

TAGS: IRAN, INDIA, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ