ഒരു ലക്ഷം രൂപ ശമ്പളത്തോടെ സർക്കാർ ജോലി; 45 വയസിന് താഴെയുള്ളവർ ഉടൻ അപേക്ഷിക്കൂ

Tuesday 14 October 2025 10:53 AM IST

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ കൗൺസിൽ വിജ്ഞാന കേരളം പ്രോഗ്രാമിന് കീഴിൽ വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II, സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I എന്നിങ്ങനെയാണ് ഒഴിവുകൾ. കരാ‌ർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കുന്നവർക്ക് തുടക്കത്തിൽ വിവിധ പ്രദേശങ്ങളിലും ജില്ലകളിലുമായിരിക്കും നിയമനം.

സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II തസ്‌തികയിൽ രണ്ട് ഒഴിവുകളാണുള്ളത്. കോട്ടയത്തും എറണാകുളത്തുമാണ് ഒഴിവുകൾ. എംബിഎ, എംഎസ്‌‌ഡബ്ല്യു, എംഎസ്‌സി, എംഎ, ബി.ടെക്, ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം (മുഴുവൻ സമയ കോഴ്‌സുകൾ) ഇവയിൽ ഏതെങ്കിലും കോഴ്‌സ് പഠിച്ചവർക്ക് അപേക്ഷിക്കാം.

1,00,000 രൂപ മുതൽ 1,10,000 രൂപ വരെയാണ് ശമ്പളം. ഉദ്യോഗാർത്ഥിയുടെ യോഗ്യതയും പ്രവൃത്തിപരിചയവും അനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക. 2025 ഒക്‌ടോബർ ഒന്നിന് 45 വയസിൽ കൂടുതലാകാൻ പാടില്ല. ദേശീയ അല്ലെങ്കിൽ സംസ്ഥാനതല പ്രോഗ്രാമുകളിൽ കുറഞ്ഞത് ഒമ്പത് വർഷത്തെ പരിചയം ആവശ്യമാണ്. എംഎസ് ഓഫീസ്, ഗൂഗിൾ വർക്ക് സ്‌പേസ് എന്നിവയിൽ പ്രാവീണ്യവും പ്രോജക്‌ട് മാനേജ്‌മെന്റ് ടൂളുകളെക്കുറിച്ചുള്ള അറിവും നിർബന്ധമാണ്.

സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് I തസ്‌തികയിൽ നാല് ഒഴിവുകളുണ്ട്. സീനിയർ പ്രോഗ്രാം മാനേജർ ഗ്രേഡ് II ന് വേണ്ട യോഗ്യതകളാണ് ഇതിനും വേണ്ടത്. അപേക്ഷകർക്ക് 2025 ഒക്‌ടോബർ ഒന്നിന് 42 വയസിൽ കൂടുതലാകാൻ പാടില്ല. പ്രോഗ്രാം മാനേജ്‌മെന്റിൽ കുറഞ്ഞത് എട്ട് വർഷത്തെ പരിചയമുണ്ടായിരിക്കണം.