
ന്യൂഡൽഹി: പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് സി.പി.എമ്മിൽ തീരുമാനം നീളവെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐയ്ക്ക് നൽകണമെന്ന് ആവശ്യവുമായി പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനും കെ.എൻ. ബാലഗോപാലിനെ ഉപനേതാവാക്കാനും സി.പി.എമ്മിൽ ചർച്ചകൾ നടക്കവെയാണ് സി.പി.ഐ കടുത്ത നിലപാടുമായി രംഗത്തെത്തിയത്. പ്രതിപക്ഷ ഉപനേതാവെന്ന സ്ഥാനം സി.പി.ഐക്ക് അവകാശപ്പെട്ടതാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. അത് സി.പി.ഐക്ക് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതൃസ്ഥാനം കീഴ്‌വഴക്കമാണെന്നും സാങ്കേതികമാണെന്നുമാണ് സി.പി.എം സഖാക്കൾ പറയുന്നത്. ഭരണഘടനാ പ്രകാരം അങ്ങനെയൊന്നില്ലെന്നും പറഞ്ഞു. അത് ഞങ്ങൾക്കും അറിയാം. ഭരണഘടനാ പ്രകാരം അങ്ങനെയൊന്നില്ല. പക്ഷേ കേരളത്തിൽ അതുണ്ട്. എല്ലാത്തവണയും പ്രതിപക്ഷ നേതാവും ഉപനേതാവും ഒരു പാർട്ടിയിൽ നിന്ന് തന്ന ആകണമെന്ന് നിർബന്ധമൊന്നുമില്ല. ആരും പറയുന്നുമില്ല. അത് മാറിവരാം. ചില വഴക്കങ്ങൾ മാറണം. അങ്ങനെ മാറേണ്ട വഴക്കമാണിത്. ഇത് മാറും. ബിനോയ് വിശ്വം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടു വരണമെന്നും ബിനോയ് വിശ്വം നിർദ്ദേശിച്ചു. താൻ മാറണമെന്ന് ചിലർ ഫേസ്ബുക്കിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും അതല്ല കമ്മ്യൂണിസ്റ്റ് രീതിയെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |