
തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സാപിഴവുണ്ടായെന്നും മരുന്നു മാറിനൽകിയെന്നും മനുഷ്യാവകാശ കമ്മിഷന് ആരോഗ്യവകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി. കഴിഞ്ഞവർഷം ജൂലായ് 30ന് പനിക്ക് ചികിത്സ തേടിയെത്തിയ റിജോയുടെ (11) ചികിത്സയിലാണ് പിഴവുണ്ടായത്.
ഐ.വി. ഫ്ലൂയിഡ് നൽകാനും പ്രാന്റപ്രിസോൾ കുത്തിവയ്പ് നൽകാനും ശിശുരോഗ വിദഗ്ദ്ധൻ നിർദ്ദേശിച്ചു. ഇതിനിടയിൽ കുട്ടിക്ക് ടോയ്‌ലറ്റിൽ പോകേണ്ടി വന്നു. ഇതേസമയം മറ്റൊരു കുട്ടിയെ ശ്വാസതടസവുമായി ആശുപത്രിയിലെത്തിച്ചു. ആ കുട്ടിക്ക് നെബുലൈസേഷൻ നൽകുന്നതിനായി അഡ്രിനാലിൻ എന്ന മരുന്ന് സിറിഞ്ചിൽ ലോഡ് ചെയ്തശേഷം ബാക്കി വന്നത് ലേബൽ ചെയ്യുന്നതിനായി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് കൈമാറി. ഈ സമയം ടോയ്‌ലറ്റിൽ നിന്നെത്തിയ റിജോക്ക് രണ്ടാമത്തെ കുട്ടിക്ക് നെബുലൈസേഷൻ നൽകിയതിന്റെ ബാക്കി വന്ന അഡ്രിനാലിൻ ഇൻജക്ഷൻ നൽകി. റിജോയുടെ ആരോഗ്യനില മോശമാവുകയും എസ്.എ.റ്റി. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.
കുട്ടിക്ക് ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രതിനിധിയായ എസ്.എ.റ്റി. ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധൻ കമ്മിഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. സ്റ്റാഫ് നഴ്സിനെ സസ്പെന്റ് ചെയ്തെന്നും എൻ.എച്ച്.എം. സ്റ്റാഫ് നഴ്സിനെ പിരിച്ചു വിട്ടെന്നും നഴ്സിംഗ് സൂപ്രണ്ടിൽ നിന്നും വിശദീകരണം വാങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |