
കോഴിക്കോട്: നീതിക്കായുള്ള പോരാട്ടത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്നും കുറ്റക്കാരെന്ന് പൊലീസ് കണ്ടെത്തിയവരെ വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയില്ലെങ്കിൽ വീണ്ടും സമരം ആരംഭിക്കുമെന്നും ഹർഷീന. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹർഷീന സമരസഹായസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്ട് വച്ചും പ്രഖ്യാപനമില്ലെങ്കിൽ നവകേരള സദസിന്റെ സമാപനദിവസമായ 23ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസദസ് സംഘടിപ്പിക്കുമെന്ന് ചെയർമാൻ ദിനേശ് പെരുമണ്ണ പറഞ്ഞു.
പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക അകപ്പെട്ടത് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അനാസ്ഥ കാരണമാണെന്ന് കണ്ടെത്തി പൊലീസ് റിപ്പോർട്ട് നൽകി ഒരുമാസമായിട്ടും തുടർനടപടി വൈകിപ്പിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ 26ന് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നിന്നും പ്രോസിക്യൂഷൻ അനുമതി തേടിക്കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തേക്കും 28ന് സർക്കാരിലേക്കും സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞതെങ്കിലും നീതി ഇനിയും അകലെയാണെന്ന് ഹർഷീന പറഞ്ഞു. വീണ്ടും സമരത്തിലേക്ക് തള്ളിവിടരുതെന്നും സ്ത്രീയെന്ന പരിഗണന നൽകണമെന്നും അവർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൺവീനർ മുസ്തഫ പാലാഴി, എം.ടി. സേതുമാധവൻ, ഷൗക്കത്ത് മൂഴിക്കൽ, ഹർഷീനയുടെ ഭർത്താവ് എം.കെ. അഷ്റഫ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |