
ഗുണ്ടാസംഘം ഓഫീസ് തുറന്നെന്ന വീഡിയോ വിനയായി
കൊല്ലം: കൊല്ലം കോളേജ് ജംഗ്ഷനിലുള്ള സ്വകാര്യ കെട്ടിടത്തിൽ 'രാജരാജേശ്വരി അധോലോകം' എന്ന പേരിൽ ഗുണ്ടാസംഘത്തിന്റെ ഓഫീസ് തുറന്നെന്ന വീഡിയോ നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഘത്തിനെതിരെ കേസ്. ജോനകപ്പുറം നൗഫൽ മൻസലിൽ നൗഫൽ (40), കിളികൊല്ലൂർ നക്ഷത്ര നഗർ തൊടിയിൽ വീട്ടിൽ മണികണ്ഠൻ (50), ശക്തികുളങ്ങര സഖറിയ വില്ലയിൽ സഖറിയ (37), മുണ്ടയ്ക്കൽ കോളേജ് നഗർ ജെയിംസ് വില്ലയിൽ ഷെറിൻ (39), കടപ്പാക്കട പീപ്പിൾസ് നഗറിൽ നിസാമുദ്ദീൻ (53), പള്ളിത്തോട്ടം എച്ച് ആൻഡ് സി കൊമ്പൗണ്ടിലെ ഷാനു (28) എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
ആറുപേർ പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്നതിന്റെയും സംഘത്തിലെ രണ്ടുപേർ ഒരു വീട്ടിൽ തോക്കും പിടിച്ചിരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഒപ്പം പ്രചരിക്കുന്നുണ്ട്. സംഘാംഗങ്ങൾ തന്നെ ജനുവരിയിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. അതിന് ശേഷം ഗ്രൂപ്പിൽ ചില തർക്കങ്ങൾ നടന്നു. പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തായത്. ആറ് പ്രതികളുടെയും വീടുകളിൽ ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് പരിശോധന നടത്തി. ദൃശ്യത്തിൽ കാണുന്ന തോക്കും പിടിച്ചെടുത്തു. തങ്ങൾ പിടിച്ചിരുന്നത് കളിത്തോക്കാണെന്നാണ് പ്രതികളുടെ അവകാശവാദം. തോക്കിന്റെ ശാസ്ത്രീയ പരിശോധന നടന്നുവരികയാണെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. തമാശരൂപേണ ചിത്രീകരിച്ച വീഡിയോ ഗൂഢാലോചന നടത്തി ഭീതി ജനിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്നാണ് പ്രതികളുടെ വാദം.
മകന്റെ കളിത്തോക്ക്
ഗുണ്ടാ സംഘാംഗങ്ങൾ യോഗം ചേർന്നുവെന്ന ആരോപണം ദൃശ്യങ്ങളിലുള്ള ആരോമൽ നിഷേധിച്ചു. പിതാവിന്റെ ചരമവാർഷിക ചടങ്ങുമായി ബന്ധപ്പെട്ടാണ് സുഹൃത്തുക്കൾ വീട്ടിൽ ഒത്തുകൂടിയതെന്ന് ഇയാൾ പറഞ്ഞു. ദൃശ്യങ്ങളിൽ കാണുന്ന തോക്ക് മകന്റെ കളിപ്പാട്ടമാണെന്നും പൊലീസ് എത്തിയപ്പോൾ കുട്ടി തന്നെ ഇത് എടുത്തുനൽകിയെന്നും ആരോമൽ വിശദീകരിച്ചു. എന്നാൽ പൊലീസ് ഈ വാദം പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |