SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.02 PM IST

തലസ്ഥാനവികസനത്തിന് കരുത്തായി കെ.മുരളീധരനും സി.പി.ജോണും

ഉമ്മൻചാണ്ടി തുടങ്ങിയ രണ്ടാം മെഡിക്കൽ കോളേജ് ആരംഭിക്കുമോയെന്നതിൽ ആകാംക്ഷ

തിരുവനന്തപുരം : വികസനത്തിൽ ഏറെ ദൂരം സഞ്ചരിക്കാനുള്ള തലസ്ഥാന നഗരത്തിന്റെ പ്രതീക്ഷയാണ് പുതിയ സർക്കാരിൽ കെ.മുരളീധരനും സി.പി.ജോണും.അടുത്തടുത്ത രണ്ട് മണ്ഡലങ്ങളിൽ നിന്നുള്ള എം.എൽ.എമാരാണ് ഇവരും.രാഷ്ട്രീയത്തിൽ പരിചയസമ്പന്നരും തിരുവനന്തപുരത്തെ അടുത്തറിയാവുന്നവരുമായതിൽ ജനങ്ങളുടെ പ്രതീക്ഷകളും നിരവധിയാണ്. വെള്ളക്കട്ട്, മാലിന്യനിർമ്മാർജ്ജനം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണാനും സ്മാർട്ട് സിറ്റി വികസനം, ലൈറ്റ് മെട്രോ എന്നിവയുടെ ഗതിവേഗം കൂട്ടാനും മന്ത്രിമാരുടെ ഇടപെടൽ നിർണായകമാണ്. ഹൈക്കോടതി ബെഞ്ച്,ഔട്ടർറിംഗ് റോഡ് തുടങ്ങിയ സ്വപ്നപദ്ധതികൾ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളും ഉണ്ടാകേണ്ടതുണ്ട്. മുരളീധരന് ആരോഗ്യം,ദേവസ്വം വകുപ്പുകളും സി.പി.ജോണിന് ഗതാഗതവുമാണ് നൽകിയിരിക്കുന്നത്.തലസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളുടെ പുരോഗതി അതീവ പ്രാധാന്യമുള്ളതാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുടക്കമിട്ട രണ്ടാമത്തെ മെഡിക്കൽ കോളേജ് പിന്നീടുവന്ന ഇടത് സർക്കാർ ഉപേക്ഷിക്കുകയായിരുന്നു.ജനറൽ ആശുപത്രിവളപ്പിൽ പണിത കെട്ടിടത്തിൽ രണ്ടാമത്തെ മെഡിക്കൽകോളേജ് ആരംഭിക്കുമെന്നത് യു.ഡി.എഫ് നേതാക്കളുടെ പ്രഖ്യാപനമാണ്.കെ.മുരളീധരന്റെ ആദ്യപരിഗണനകളിലൊന്ന് ഇതായിരിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജായ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മാസ്റ്റർപ്ലാൻ വികസനവും ജനറൽ ആശുപത്രിയുടെ വികസനവും കെ.മുരളീധരന് മുന്നിലുള്ള വെല്ലുവിളികളാണ്.സി.പി.ജോൺ മന്ത്രിയാകുമ്പോൾ തിരുവനന്തപുരം മണ്ഡലത്തിലെ ജനപ്രതിനിധികൾ തുടർച്ചയായ രണ്ട് മന്ത്രിസഭകളിൽ ഓരോ വകുപ്പിന്റെ മന്ത്രിമാരാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ തിരുവനന്തപുരം എം.എൽ.എ ആന്റണി രാജു ആദ്യ രണ്ടര വർഷം ഗതാഗത മന്ത്രിയായിരുന്നു.തീരദേശമേഖലയുൾപ്പെടുന്ന മണ്ഡലത്തിൽ ഗതാഗത സൗകര്യം സുഗമമാക്കേണ്ടതും നഗരങ്ങൾക്ക് പുറത്തേക്ക് പുതിയ സർവീസുകൾ ആരംഭിക്കേണ്ടതും അനിവാര്യമാണ്.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബസുകൾ നഗരത്തിന് പുറത്തേയ്ക്ക് സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് മേയർ വി.വി.രാജേഷും മുൻ ഗതാഗത മന്ത്രി കെ.ബി.ഗണേശ് കുമാറും ഏറ്റുമുട്ടിയിരുന്നു.ഈ ബസുകളുടെ വരുമാനം പങ്കിടൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും ധാരണയായിട്ടില്ല.സ്മാർട്ട് സിറ്റിയുടെ ഭാഗമായ ബസ് സർവീസ് പരാതികളില്ലാതെ യാത്ര തുടരുന്നതിന് സി.പി.ജോണിന്റെ ഇടപെടൽ നിർണായകമാകും.

രണ്ടാം മെഡിക്കൽ കോളേജ് തുടങ്ങും.മെഡിക്കൽ കോളേജിൽ രോഗികൾ തറയിൽ കിടക്കുന്ന അവസ്ഥമാറ്റും.മാസ്റ്റർപ്ലാൻ വികസനം വേഗത്തിലാക്കും. പരശുരാമ ക്ഷേത്രത്തിലെ നവീകരണം ഉൾപ്പെടെ പ്രത്യേക പ്രാധാന്യത്തോടെ നടപ്പാക്കും.

-കെ.മുരളീധരൻ

മന്ത്രി

കരിമഠം,ചെങ്കൽചൂള തുടങ്ങിയ എല്ലാപ്രദേശങ്ങളിലും കൃത്യമായി കുടിവെള്ളം ഉറപ്പാക്കും. പാർവതിപുത്തനാർ ഉൾപ്പെടെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരമുണ്ടാക്കണം.തീരദേശവാസികൾക്കായി കോസ്റ്റൽ ആശുപത്രി നടപ്പാക്കും.

-സി.പി.ജോൺ

മന്ത്രി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL